തോൽവിയിലും പഞ്ചാബിന്റെ പ്രതീക്ഷയായി ഷാരൂഖ് ഖാൻ : എവിടെയും ഒരേ ശൈലിയിൽ കളിക്കും യുവതാരം – അറിയാം കൂടുതൽ വിശേഷങ്ങൾ

ഒട്ടേറെ വെടിക്കെട്ട് ബാറ്റസ്മാൻമാർ  സ്‌ക്വാഡിലുള്ള പഞ്ചാബ് കിങ്‌സ് ടീം ഇത്തവണത്തെ ഐപിൽ സീസണിലെ ആദ്യ മത്സരം ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനോട് 6 വിക്കറ്റിന്റെ തോൽവി വഴങ്ങി.
രാഹുലും ഗെയിലും അടങ്ങുന്ന ബാറ്റിംഗ് നിര സമ്പൂർണ്ണ പരാജയമായപ്പോൾ  അൽപ്പമെങ്കിലും പിടിച്ചുനിന്നത് യുവ താരം ഷാരുഖ് ഖാൻ മാത്രമായിരുന്നു .
പഞ്ചാബ് കിങ്‌സിന്റെ ഈ സീസണിലെ പ്രധാന കണ്ടുപിടിത്തമെന്ന വിശേഷണം താരം രണ്ടാം മത്സരത്തിലെ  ബാറ്റിംഗ് പ്രകടനത്താൽ സ്വന്തമാക്കി .

വെള്ളിയാഴ്ച രാത്രി ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈയില്‍ നടന്ന കളിയില്‍ പഞ്ചാബ്  കിങ്‌സ് ബാറ്റിങ് നിര തകർച്ചയെ  നേരിട്ടപ്പോൾ രക്ഷകനായി എത്തിയത് ആദ്യ ഐപിൽ സീസൺ കളിക്കുന്ന ഷാരൂഖ് ഖാൻ ആയിരുന്നു .
താരം 47 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 36 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും അടിച്ചെടുത്ത താരം ടീം സ്കോർ നൂറ് കടത്തി . മത്സരശേഷം തനിക്ക്  എത്ര കടുപ്പമേറിയ സാഹചര്യത്തിലും ബാറ്റ് ചെയ്യാന കഴിയുമെന്ന വിശ്വാസം താരം പ്രകടിപ്പിച്ചിരുന്നു .

“ടീമില്‍ ഫിനിഷറുടെ റോളാണ് എനിക്ക് പഞ്ചാബ് ടീം നല്‍കിയിരിക്കുന്ന പ്രധാന ചുമതല .എന്നാൽ  എല്ലാ മത്സരത്തിലും  ക്രീസിലെത്തിയ ഉടന്‍ ബാറ്റിങ്ങിൽ  ആഞ്ഞടിക്കുകയെന്നത് പ്രായോഗികമല്ല.
വമ്പൻ ഷോട്ടുകൾ കളിക്കുവാൻ കഴിയുന്ന സാഹചര്യമെങ്കിൽ അതിന് ഉറപ്പായും ശ്രമിക്കും .പക്ഷേ ടീം തകർച്ച നേരിടുന്ന അവസ്ഥയെങ്കിൽ അതിന് അനുസൃതമായി ബാറ്റിങില്‍ മാറ്റം വരുത്തേണ്ടിവരും. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്വമേറ്റെടുത്ത് ടീമിനെ മുന്നോട്ടു നയിക്കുകയെന്നതാണ് 
ഓരോ താരത്തിന്റെയും പ്രധാന ലക്ഷ്യം “
താരം പറഞ്ഞുനിർത്തി .

നേരത്തെ സയ്യദ് മുഷ്‌താഖ്‌ അലി  ട്രോഫി ,വിജയ് ഹസാരെ ട്രോഫി  മത്സരങ്ങൾ എന്നിവയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച  തമിഴ്നാട് താരമായ ഷാരൂഖ് ഖാനെ  ഐപിഎല്ലില്‍ വാശിയേറിയ ലേലം വിളിക്കൊടുവിലാണ് പഞ്ചാബ് 5.25 കോടി രൂപ നല്‍കി ടീമിലെത്തിച്ചത്. ഷാരൂഖ് ഖാനുവേണ്ടി ഡല്‍ഹിയും ബാംഗ്ലൂരും ശക്തമായി രംഗത്ത് എത്തിയെങ്കിലും ഒടുവില്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.