10 വർഷമായി ഞങ്ങൾ പാകിസ്ഥാനെ തോൽപിക്കാൻ ശ്രമിക്കുന്നു. ഈ വിജയം അഭിമാനം. മുഹമ്മദ്‌ നബി പറയുന്നു

afghan 2023

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു ചരിത്രവിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. മത്സരത്തിൽ പാക്കിസ്ഥാൻ ഉയർത്തിയ 283 എന്ന വിജയലക്ഷ്യം 8 വിക്കറ്റുകൾ ശേഷിക്കെ അഫ്ഗാനിസ്ഥാൻ മറികടക്കുകയായിരുന്നു. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ ഒരു ഏകദിന മത്സരത്തിൽ പരാജയപ്പെടുത്തുന്നത്. മാത്രമല്ല വലിയ പ്രതീക്ഷകളോടെ ഇന്ത്യൻ മണ്ണിലെത്തിയ പാകിസ്ഥാനേറ്റ വമ്പൻ തിരിച്ചടി തന്നെയാണ് മത്സരത്തിലെ പരാജയം. മറുവശത്ത് അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് വളരെ അഭിമാനിക്കാവുന്ന ഒരു പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ഇതുവരെ കടന്നു പോയിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ നിമിഷം തന്നെയാണ് കാണാൻ സാധിച്ചത്. മത്സരത്തിലെ പ്രകടനത്തിൽ തങ്ങൾക്ക് അതിയായ അഭിമാനമുണ്ട് എന്ന് മത്സരശേഷം അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബി പറയുകയുണ്ടായി.

“ഞങ്ങളുടെ ടീമിനെ സംബന്ധിച്ചും ഞങ്ങളുടെ മുഴുവൻ രാജ്യത്തെ സംബന്ധിച്ചും ഇത് വലിയൊരു നിമിഷമാണ്. കഴിഞ്ഞ 10-12 വർഷങ്ങളായി ഞങ്ങൾ ഇത്തരം ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. പാക്കിസ്ഥാനെതിരെ വലിയ ടൂർണമെന്റിൽ ഒരു വിജയം നേടുക എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. കഴിഞ്ഞ 3 മാസങ്ങളായി ഞങ്ങൾ വളരെ കഠിനപ്രയത്നം ചെയ്തിരുന്നു. അതിനാൽ തന്നെ ഈ നിമിഷം ഒരുപാട് സുന്ദരമാകുന്നു. മുൻപ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. ഇപ്പോൾ പാകിസ്താനെയും പരാജയപ്പെടുത്തി. ടീമിൽ എല്ലാവരും നല്ല മൂഡിൽ തന്നെയാണുള്ളത്. ഞങ്ങൾക്ക് റൺസ് പ്രതിരോധിക്കാൻ മാത്രമല്ല, ചെയ്സ് ചെയ്യാനും സാധിക്കുമെന്ന് മത്സരത്തിലൂടെ കാട്ടികൊടുക്കാൻ കഴിഞ്ഞു.”- നബി പറയുന്നു.

Read Also -  ജയസ്വാൾ എന്തിനാണ് തിടുക്കം കാട്ടുന്നത്? പതിയെ കളിക്കണമെന്ന് മുഹമ്മദ് ഷാമി.

“ഈ വിജയമാണ് ഞങ്ങൾക്ക് ഏറ്റവും ഫേവറേറ്റായി തോന്നുന്നത്. പാക്കിസ്ഥാനെതിരെ ഇതുവരെ 7-8 മത്സരങ്ങൾ ഞങ്ങൾ കളിച്ചു. പല മത്സരങ്ങളിലും അവസാന നിമിഷം ഞങ്ങൾ വിജയം കൈവിടുകയായിരുന്നു. എന്നാൽ ഇന്ന് ഇബ്രാഹിമും ഗുർബാസും ഞങ്ങൾക്ക് മികച്ച മൊമെന്റം നൽകുകയുണ്ടായി. മത്സരത്തിന്റെ അവസാനം വരെ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാവാൻ ഞങ്ങൾ അനുവദിച്ചില്ല. ന്യൂസിലാൻഡിനെതിരായ മത്സരത്തിലേതുപോലെ പിച്ച് പ്രതികൂലമാവുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ഇവിടെ ബാറ്റ് ചെയ്യാൻ എളുപ്പമുള്ളതായിരുന്നു. മത്സരത്തിൽ ഞങ്ങളുടെ ബോളർമാർ വളരെ മികച്ച പ്രകടനം പുറത്തെടുത്തതിനാലാണ് ഇത്തരമൊരു സ്കോറിൽ പാകിസ്ഥാനെ ഒതുക്കാൻ സാധിച്ചത്. നൂർ അഹമ്മദിനെ ഈ മത്സരത്തിൽ കളിപ്പിക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നു. മത്സരത്തിൽ നന്നായി പന്തറിയാൻ നൂറിന് സാധിച്ചു.”- നബി കൂട്ടിച്ചേർക്കുന്നു.

“ഒരുപാട് നാളുകൾക്കു ശേഷമാണ് ഇത്തരമൊരു വിജയം ഉണ്ടാവുന്നത്. 2012ലാണ് ഞങ്ങൾ ആദ്യമായി കളിക്കുന്നത്. ശേഷം ഏഷ്യാകപ്പ്, 2019 ലോകകപ്പ്. പാക്കിസ്ഥാനെതിരെ ഒരുപാട് മത്സരങ്ങളിൽ വിജയത്തിനടുത്തെത്താൻ ഞങ്ങൾക്ക് സാധിച്ചു. ഈ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഞങ്ങൾ പരാജയപ്പെടാൻ പാടില്ലായിരുന്നു. ഇപ്പോൾ ടൂർണമെന്റ് അതിന്റെ പകുതി വഴിയിലെത്തിരിക്കുകയാണ്. ഞങ്ങൾക്ക് ടേബിളിൽ 4 പോയിന്റുകളുണ്ട്. ഇനി ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും വലിയ വിജയം സ്വന്തമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആരാധകരിൽ നിന്ന് ലഭിക്കുന്ന പിന്തുണ ഞങ്ങൾക്ക് ഒരുപാട് സന്തോഷം നൽകുന്നു. പൂനെയിലും ഈ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്.”- നബി പറഞ്ഞു വെക്കുന്നു.

Scroll to Top