ഇതിലും ഭേദം കിഷനും സഞ്ജുവും. വീണ്ടും ദുരന്തമായി ഭരത് മാറുന്നു.

ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ ഇന്ത്യയ്ക്ക് ഏറ്റവും തലവേദന സൃഷ്ടിച്ച ഒന്നുതന്നെയായിരുന്നു ടീം സെലക്ഷൻ. പ്രധാനമായും റിഷഭ് പന്ത് പരുക്കുമൂലം പുറത്തിരിക്കുന്നതിനാൽ തന്നെ ഒരു പകരക്കാരനെ ഇന്ത്യക്ക് കണ്ടെത്തേണ്ടിയിരുന്നു. ഇതിനായി ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ഇഷാൻ കിഷനെയും കെ എസ് ഭരതിനെയുമാണ്. കെ എസ് ഭരത് ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചിരുന്നുവെങ്കിലും, മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഇഷാൻ കിഷൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ എത്തുമെന്ന് എല്ലാവരും കരുതി. എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചത്. ഭരതിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. എന്നാൽ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഭരത് വീണ്ടും പരാജയപ്പെട്ടു.

ടെസ്റ്റ് മത്സരങ്ങളിൽ ഇതുവരെ വളരെ മോശം ബാറ്റിംഗ് പ്രകടനം തന്നെയാണ് ഭരത് കാഴ്ച വെച്ചിട്ടുള്ളത്. അതാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും ഭരത് ആവർത്തിച്ചത്. മത്സരത്തിൽ നിർണായകമായ ഒരു സമയത്തായിരുന്നു ഭാരത് ക്രീസിലെത്തിയത്. രഹാനയ്ക്കൊപ്പം ഒരു നിർണായക കൂട്ടുകെട്ട് കെട്ടിപ്പടുക്കുക എന്നതായിരുന്നു ഭരതിന്റെ ലക്ഷ്യം. എന്നാൽ ഓസ്ട്രേലിയൻ ബോളർ ബോളണ്ടിന്റെ ഒരു തകർപ്പൻ ബോളിനു മുൻപിൽ ഭരത് വീണ്ടും കീഴടങ്ങി. മത്സരത്തിൽ കേവലം അഞ്ചു റൺസ് മാത്രമായിരുന്നു ഭരതിന്റെ സമ്പാദ്യം.

ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി അരങ്ങേറിയത് മുതൽ ഭരതിന്റെ അവസ്ഥ ഇതുതന്നെയാണ്. യാതൊരു തരത്തിലും ഒരു മുന്നേറ്റമുണ്ടാക്കാൻ ഭരതിന് സാധിച്ചില്ല. തന്റെ ആദ്യ ടെസ്റ്റ് അർത്ഥസെഞ്ച്വറിക്കായി ഭരത് ഇപ്പോഴും കാത്തിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഭരത് നേടിയ റൺസ് ഇങ്ങനെയാണ് – 8, 6, 23*, 17, 3, 44. ഇതിനുശേഷം ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലും ഭരത് പരാജയമായി മാറുമ്പോൾ ആരാധകർ വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച കിഷനു പകരം ഭരതിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത് തന്നെ ദുരൂഹമായാണ് പല ആരാധകരും കാണുന്നത്.

ഇതുവരെ തന്റെ ടെസ്റ്റ് കരിയറിൽ ഭരത് നേടിയിട്ടുള്ളത് 106 റൺസാണ്. കേവലം 20 റൺസ് മാത്രമാണ് ഭരതിന്റെ ടെസ്റ്റ് മത്സരങ്ങളിലെ ശരാശരി. അതിനാൽ തന്നെ ഭരതിനെതിരെ വലിയ വിമർശനങ്ങൾ തന്നെ ഉദിക്കുന്നുണ്ട്. ഇന്ത്യ എന്തുകൊണ്ടാണ് ഇത്തരം ഒരു വിദേശ പിച്ചിൽ നടക്കുന്ന മത്സരത്തിൽ ഭരതിനെ പോലെ ഒരു കളിക്കാരനെ ഉൾപ്പെടുത്തിയത് എന്നതാണ് എല്ലാവരും ചോദിക്കുന്നത്. മധ്യനിരയിൽ ആക്രമണപരമായി കളിച്ചിരുന്ന പന്തിനു പകരം ഇഷാൻ കിഷനായിരുന്നു എന്തുകൊണ്ടും യോജിച്ചത് എന്ന അഭിപ്രായവും ആരാധകർ പങ്കുവയ്ക്കുന്നു. എന്തായാലും മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ ഭരതിന് സാധിച്ചില്ലെങ്കിൽ അത് അയാളുടെ ടെസ്റ്റ് കരിയറിനെ ബാധിക്കും എന്ന് ഉറപ്പാണ്.

Previous articleദ്രാവിഡ് മികച്ച കളിക്കാരനാണ്, പക്ഷേ കോച്ച് എന്ന നിലയിൽ വമ്പൻ പരാജയം. മുൻ പാകിസ്ഥാൻ താരം പറയുന്നു.
Next articleകോഹ്ലിയെ ബിസിസിഐ വഞ്ചിയ്ക്കുകയാണ്. എന്തിനാണ് ഇനിയും ക്രൂരത?? ചോദ്യവുമായി മുൻ ഓസീസ് താരം.