ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ പേസർ ഉമേഷ് യാദവിനെ ഉൾപ്പെടുത്തിയിരുന്നില്ല. മൂന്നാമത്തെ മത്സരത്തിൽ ടീമിൽ സ്ഥാനം നേടിയ താരം മികച്ച പ്രകടനവും പുറത്തെടുത്തു. ഇപ്പോൾ ഇതാ ഉമേഷ് യാദവിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ.
മികച്ച ഫോമിൽ ആയിട്ടും അവസരം ലഭിക്കാത്ത സാഹചര്യങ്ങളിൽ ഉമേഷ് നിരാശനായി ദേഷ്യപ്പെട്ടിട്ടുണ്ട് എന്നും ആ തീരുമാനങ്ങളെ ചോദ്യം ചെയ്തിട്ടുണ്ടെന്നുമാണ് ഭരത് അരുൺ വെളിപ്പെടുത്തിയത്.”എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഒഴിവാക്കിയതെന്ന് ഉമേഷ് ചോദിച്ചു. അതിന് എനിക്ക് ഉത്തരം പറയുക പ്രയാസമായിരുന്നു. പ്രയാസമുള്ള കാര്യമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഷമിയും ബുംറയും ഉമേഷും എല്ലാ മികച്ച ഫോമിൽ കളിക്കുമ്പോൾ ആരെ പുറത്തിരുത്തണം എന്നത്.
രണ്ട് സ്പെഷ്യലിസ്റ്റ് പേസർമാരെ മാത്രമാണ് ഹർദിക് പാണ്ഡ്യ ടെസ്റ്റ് കളിച്ചിരുന്നപ്പോൾ ഇന്ത്യ പരിഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെ സ്ഥിരതയോടെ പന്ത് എറിഞ്ഞിട്ടും ഉമേഷിനെ ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ട്. അവൻ ചില സമയത്ത് വളരെയധികം ദേഷ്യപ്പെടാറുണ്ട്. ഒന്നിലധികം ദിവസം അവനെ ഒഴിവാക്കിയതിന്റെ പേരിൽ എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. എൻ്റെ അടുത്തേക്ക് വന്ന് പിന്നീട് ക്ഷമ പറയും. കാര്യങ്ങൾ ഇപ്പോൾ മനസ്സിലാക്കി എന്നും പറയും.
അപ്പോൾ ഞാൻ അവനോട് പറഞ്ഞത് ഇപ്പോൾ ദേഷ്യപ്പെട്ടിട്ടില്ലെങ്കിൽ നിനക്ക് എന്തോ പ്രശ്നം ഉണ്ടെന്നാണ് കരുതുക എന്നാണ്. പ്രതിഭാശാലിയായ താരമാണ് ഉമേഷ്. ഏത് സാഹചര്യത്തിലും തിളങ്ങണം എന്ന് ചിന്തിക്കുന്നവനാണ് അവൻ. എന്നാൽ ടീമിൻ്റെ പദ്ധതികൾക്ക് അനുസരിച്ചാണ് ചിലപ്പോൾ പുറത്തിരുത്തേണ്ട സാഹചര്യം ഉണ്ടാകുന്നത്.”-ഭരത് അരുൺ പറഞ്ഞു. ഓസ്ട്രേലിയയിലെക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ മൂന്നു വിക്കറ്റുകൾ ആയിരുന്നു താരം സ്വന്തമാക്കിയത്.