ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റർ ആ പാക്ക് താരം. പ്രസ്താവനയുമായി സേവാഗ്.

ഒരു ടീമിനെ സംബന്ധിച്ച് ഏറ്റവും നിർണായകമാകുന്നത് മധ്യനിര ബാറ്റർമാർ തന്നെയാണ്. മുൻനിര ബാറ്റർമാർ നൽകുന്ന തുടക്കം ഏറ്റവും ഭംഗിയായ രീതിയിൽ വിനിയോഗിക്കാൻ മധ്യനിര ബാറ്റർമാർക്ക് സാധിച്ചാൽ മാത്രമേ ഒരു ടീമിന് തങ്ങളുടെ സ്കോർ വർദ്ധിപ്പിക്കാൻ പറ്റൂ. കാലാകാലങ്ങളിൽ ക്രിക്കറ്റിൽ വന്നിരിക്കുന്ന മാറ്റങ്ങൾ പരിശോധിച്ചാലും മധ്യനിര ബാറ്റർമാരുടെ സ്വാധീനം എടുത്തു കാണാനാവും. ഈ സാഹചര്യത്തിൽ ഏഷ്യ കണ്ട ഏറ്റവും മികച്ച മധ്യനിര ബാറ്ററെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. പാക്കിസ്ഥാൻ ബാറ്റർ ഇൻസമാം ഉൾ ഹക്കാണ് താൻ കണ്ട ഏറ്റവും മികച്ച മധ്യനിര ബാറ്റർ എന്നാണ് വീരേന്ദർ സേവാഗ് പറയുന്നത്.

സച്ചിൻ ടെണ്ടുൽക്കർ എല്ലാത്തിനും മുകളിലാണെന്നും അതിനാൽ തന്നെ അദ്ദേഹത്തെ മറ്റൊരാളുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലയെന്നും സേവാഗ് പറയുന്നു. ഈ സാഹചര്യത്തിൽ ഇൻസമാമാണ് തന്നെ സംബന്ധിച്ച് ഏറ്റവും മികച്ച മധ്യനിര ബാറ്ററെന്നും സേവാഗ് കൂട്ടിച്ചേർക്കുകയുണ്ടായി. “എല്ലാവരും സച്ചിൻ ടെണ്ടുൽക്കറിനെ പറ്റിയാണ് സംസാരിക്കാറുള്ളത്. എന്നിരുന്നാലും എന്നെ സംബന്ധിച്ച് ഏറ്റവും മികച്ച മധ്യനിര ബാറ്റർ ഇൻസമാം തന്നെയാണ്.”- സേവാഗ് പറഞ്ഞു.

Inzamam Ul Haq

“സച്ചിൻ എന്നത് എല്ലാ ബാറ്റർമാരുടെയും ലീഗിന് മുകളിലുള്ള ക്രിക്കറ്ററാണ്. അതിനാൽ അദ്ദേഹത്തെ ഞാൻ എന്റെ കണക്കിൽപെടുത്തുന്നില്ല. പക്ഷേ ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ രാജ്യങ്ങളിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റർ ആരെന്ന് ചോദിച്ചാൽ ഞാൻ ഇൻസമാമിന്റെ പേരാവും പറയുക. കാരണം ഏഷ്യയിൽ ഇൻസമാം ഉൽ ഹക്കിനെക്കാൾ മികച്ച രീതിയിൽ മധ്യനിരയിൽ കളിക്കുന്ന മറ്റൊരു ബാറ്ററുണ്ടെന്നു ഞാൻ കരുതുന്നില്ല.”- സേവാഗ് പറയുന്നു.

“ഞങ്ങളുടെ സമയത്ത് ഒരു ഓവറിൽ 8 റൺസ് പിന്തുടർന്ന് വിജയിക്കുക എന്നത് ഒരു ടീമിനും എളുപ്പമായിരുന്നില്ല. പക്ഷേ ഇൻസമാമിന് അത് സാധിക്കുമായിരുന്നു. അങ്ങനെയൊരു സാഹചര്യം വന്നാൽ ഇൻസമാം പറയുന്നത് ഇങ്ങനെയാണ്. ‘വിഷമിക്കേണ്ട, ഞങ്ങൾ എളുപ്പത്തിൽ റൺസ് നേടും.’ ഇത്തരത്തിൽ 10 ഓവറിൽ 80 റൺസ് ആവശ്യമായി വന്നാൽ മറ്റേത് ബാറ്ററാണെങ്കിലും പരിഭ്രാന്തരാകും. പക്ഷേ ഇൻസമാം അങ്ങനെയൊരു പരിഭ്രാന്തി തന്റെ കരിയറിൽ ഉണ്ടാക്കിയിരുന്നില്ല. അദ്ദേഹം എല്ലായിപ്പോഴും ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു.”- വീരേന്ദർ സേവാഗ് പറഞ്ഞുവയ്ക്കുന്നു.

Previous articleഗില്ലിനെതിരെ പന്തെറിയുമ്പോൾ, സച്ചിനെതിരെ എറിയുന്ന അനുഭൂതി. വമ്പൻ താരതമ്യവുമായി മുൻ പാക് താരം.
Next articleവിശ്വസിക്കാൻ പറ്റുന്ന 2 ബാറ്റർമാർ മാത്രമേ ഇന്ത്യൻ നിരയിലുള്ളൂ. ഫൈനലിലെ ആശങ്കകൾ പങ്കുവയ്ച്ച് മുൻ താരം.