ഈ വരുന്ന വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടം. സെമിഫൈനലിൽ ഇന്ത്യ ശക്തരായ ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ മത്സരത്തെ നോക്കിക്കാണുന്നത്. ഇപ്പോഴിതാ മത്സരത്തിനു മുമ്പായി മുൻ നായകൻ വിരാട് കോഹ്ലിയെ പ്രശംസിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ്.
ഒരിക്കലും എഴുതിത്തള്ളാൻ സാധിക്കാത്ത ഒരാളായി കോഹ്ലി വീണ്ടും മാറിക്കഴിഞ്ഞു എന്നാണ് ഇംഗ്ലീഷ് സ്റ്റാർ ഓൾറൗണ്ടർ പറഞ്ഞത്. കോഹ്ലിയെ കുറിച്ച് മാത്രമല്ല ഇന്ത്യൻ നായകൻ രോഹിത് ശർമയെക്കുറിച്ചും ബെൻ സ്റ്റോക്ക്സ് സംസാരിച്ചു. രോഹിത്തിനെയും നിസ്സാരക്കാരനായി കാണാൻ സാധിക്കില്ല എന്നാണ് ഇംഗ്ലണ്ട് താരം പറഞ്ഞത്.
“സ്ഥിരതയോടെ എല്ലാ ഫോർമാറ്റുകളിലും റൺസ് ഉയർത്തുവാൻ കോഹ്ലിക്ക് സാധിച്ചു. കളിക്കാർ എന്ന നിലയിൽ ഞങ്ങൾ ഒരിക്കലും കഴിഞ്ഞുപോയ മത്സരങ്ങളുടെ ഫലം അടുത്ത മത്സരത്തിന് മുൻപായി നോക്കാറില്ല. രോഹിത് ശർമ മികച്ച ഫോമിൽ അല്ലെങ്കിലും അദ്ദേഹത്തെ നിസ്സാരക്കാരനായി കാണാൻ സാധിക്കുകയില്ല. ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് രോഹിത് ശർമ. ട്വൻ്റി-20യിൽ അദ്ദേഹത്തിൻ്റെ പ്രകടനം മികച്ചതാണ്. അവരുടെ മുൻപത്തെ പ്രകടനങ്ങൾ നോക്കി ഒരിക്കലും കളിക്കാൻ ഇറങ്ങാൻ സാധിക്കില്ല. രോഹിത് ലോകോത്തര താരമാണ്.
ഞങ്ങൾ ഒരിക്കലും രോഹിത്തിനെ ചെറുതായി കാണുകയില്ല. എല്ലാവരെയും വിസ്മയിപ്പിക്കുന്ന കളിക്കാരൻ ആണ് സൂര്യ കുമാർ യാദവ്. അദ്ദേഹത്തിൻ്റെ പല ഷോട്ടുകളും കണ്ട് തലയിൽ കൈവച്ചു പോയിട്ടുണ്ട്. നിലവിൽ മികച്ച ഫോമിലാണ് താരം. റൺ ഉയർത്താൻ അനുവദിക്കാതെ അവനെ പുറത്താക്കാൻ ശ്രമിക്കും. ലോകകപ്പിലെ സെമിഫൈനലുകൾ വളരെയധികം പ്രയാസമുള്ളതാണ്. രണ്ട് ഗ്രൂപ്പിലെയും ടീമുകൾ മികച്ച പ്രകടനം നടത്തിയാണ് സെമിഫൈനലിൽ പ്രവേശിച്ചത്. അതുകൊണ്ടുതന്നെ വ്യാഴാഴ്ച മികച്ച പ്രകടനം നടത്താൻ കഴിയുന്ന ടീമിനാണ് നിർണയമാവുക.”- സ്റ്റോക്സ് പറഞ്ഞു.