ഈ രണ്ടു മാസങ്ങൾക്കിടയിൽ മൂന്നു വലിയ ടൂർണമെന്റുകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കളിച്ചിട്ടുള്ളത്. ഏഷ്യാകപ്പ് ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ട്. ഇനി വരാനിരിക്കുന്നത് ഏകദിന ലോകകപ്പും ഏഷ്യൻ ഗെയിംസുമാണ്. എന്നാൽ ഈ മൂന്നു പ്രധാന ടൂർണമെന്റുകളിലും ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസൺ തഴയപ്പെട്ടിരിക്കുകയാണ്. ഏകദിന ക്രിക്കറ്റിൽ 55 റൺസിന് മുകളിൽ ശരാശരിയുള്ള സഞ്ജുവിനെ നിർഭാഗ്യം വേട്ടയാടുന്നതാണ് ഈ കാലയളവിലും കാണാൻ സാധിച്ചത്.
സഞ്ജുവിനെക്കാൾ മോശം പ്രകടനം കാഴ്ചവച്ച പല താരങ്ങളും ഈ മൂന്ന് ടൂർണമെന്റ്കൾക്കുമുള്ള സ്ക്വാഡുകളിൽ ഇടം പിടിക്കുകയുണ്ടായി. എന്നാൽ സഞ്ജുവിനെ ടീം മാനേജ്മെന്റ് ചതിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സെലക്ടറായ സാബാ കരീം.
ഇന്ത്യ സഞ്ജുവിനെ മോഹിപ്പിച്ച ശേഷം ഒഴിവാക്കുകയാണ് ഉണ്ടായതെന്ന് കരീം പറയുന്നു. “ഒരു പക്ഷേ കെഎൽ രാഹുൽ ടീമിലേക്ക് തിരികേയെത്തിയില്ലെങ്കിൽ സഞ്ജു സാംസണെ ഏകദിന ലോകകപ്പിനുള്ള ടീമിൽ പരിഗണിക്കാനാവും ഇന്ത്യ ശ്രമിച്ചത്. അത്തരമൊരു കണക്കുകൂട്ടൽ സഞ്ജുവിന്റെ കാര്യത്തിൽ ഇന്ത്യ നടത്തിയിരുന്നു പക്ഷേ രാഹുൽ പെട്ടെന്ന് തന്നെ ഫിറ്റ്നസ് വീണ്ടെടുക്കുകയും മികച്ച പ്രകടനം ആവർത്തിക്കുകയും ചെയ്തു. ഇതോടെ സഞ്ജുവിനെ ഇന്ത്യ തഴഞ്ഞു.
ഏഷ്യൻ ഗെയിംസിന്റെ കാര്യത്തിലേക്ക് വന്നാൽ, അതിനുള്ള ടീമിനെ ഇന്ത്യ നേരത്തെ തന്നെ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിനു ശേഷമായിരുന്നു രാഹുൽ ടീമിലേക്ക് തിരികെയെത്തിയത്. അതായത് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിക്കുന്ന സമയത്ത് സഞ്ജു സാംസൺ ലോകകപ്പിനുള്ള പദ്ധതികളുടെ ഭാഗമായിരുന്നു.”- കരീം പറയുന്നു.
“എന്നാൽ രാഹുൽ തിരിച്ചെത്തിയതോടെ ഇന്ത്യയുടെ പദ്ധതികളിൽ വലിയ മാറ്റങ്ങളുണ്ടായി. അന്ന് ഏഷ്യൻ ഗെയിംസിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നത് കാരണം ടീം മാനേജ്മെന്റ് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. സീനിയർ ടീമിന്റെ ഭാഗമായി കളിക്കുന്നതിനാലാണ് ഏഷ്യൻ ഗെയിംസിൽ നിന്ന് മാറ്റി നിർത്തുന്നത് എന്നാവും സഞ്ജുവിനോട് സെലക്ടർമാർ പറഞ്ഞിട്ടുണ്ടാവുക. എന്തായാലും വലിയ നിർഭാഗ്യം തന്നെയാണ് സഞ്ജുവിനെ വേട്ടയാടി കൊണ്ടിരിക്കുന്നത്. വളരെയധികം പ്രതിഭയുള്ള ഒരു കളിക്കാരനാണ് സഞ്ജു സാംസൺ. ഭാവിയിൽ സഞ്ജുവിന് ഇന്ത്യയുടെ ടീമിലേക്ക് തിരികെയെത്താൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- കരീം കൂട്ടിച്ചേർത്തു.
ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ ബാക്കപ്പായി സഞ്ജുവിനെ ഇന്ത്യ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ സഞ്ജു സാംസണ് സാധിച്ചില്ല. ശേഷമാണ് സഞ്ജുവിനെ ഇന്ത്യ ലോകകപ്പിൽ നിന്നും മാറ്റുന്നത്. പിന്നാലെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയില്ല. ഇതോടെ സഞ്ജുവിന്റെ കരിയർ വലിയ രീതിയിലുള്ള പ്രതിസന്ധിയിലാണ്. മറ്റ് ഇന്ത്യൻ താരങ്ങളൊക്കെയും ഏഷ്യൻ ഗെയിംസും ലോകകപ്പുമൊക്കെയായി തിരക്കിൽ ആയിരിക്കുന്ന സമയത്ത് സഞ്ജുവിനെ വീണ്ടും നിർഭാഗ്യം വേട്ടയാടുന്നു.