കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പൂർണ്ണമായും നടത്തുവാൻ കഴിയുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം .പല വിദേശ താരങ്ങളും ഐപിൽ സീസൺ മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ ടീമുകളും ആശങ്കയിലാണ് .എന്നാൽ ഇപ്പോൾ ബിസിസിഐ ടൂർണമെന്റ് മികച്ച രീതിയിൽ നിശ്ചയിച്ച പ്രകാരം മുൻപോട്ട് കൊണ്ടുപോകുവാനുള്ള തീരുമാനത്തിലാണ് .ഐപിഎല്ലില്‍ ഇപ്പോൾ കളിക്കുന്ന താരങ്ങള്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് ബിസിസിഐ അറിയിക്കുന്നു . എല്ലാ കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും സുരക്ഷിതരായി വീടുകളില്‍ എത്തിക്കുന്നത് വരെ ഐപിഎല്‍ പൂര്‍ത്തിയാവില്ലെന്ന് ഐപിഎല്‍ സിഒഒ ഹേമാംഗ് അമീന്‍ ഇന്നലെ വ്യക്തമാക്കി .
ഫ്രാഞ്ചൈസികൾക്ക് അയച്ച കത്തിൽ
ഐപിഎല്‍ സിഒഒ ഹേമാംഗ് അമീന്‍ ഇപ്രകാരം പറയുന്നു .”ഐപിഎല്‍ മത്സരങ്ങൾ പൂര്‍ത്തിയാവുമ്പോള്‍ എല്ലാ കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും സുരക്ഷിതരായി അവരുടെ വീടുകളില്‍ ബിസിസിഐ എത്തിക്കും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കളിക്കാരുടെ ആശങ്ക മനസിലാക്കുന്നു. എന്നാല്‍ നിങ്ങളെ ഓരോരുത്തരെയും സുരക്ഷിതരായി വീടുകളില്‍ എത്തിക്കുന്നത് വരെ ഐപിൽ പൂർണ്ണമാകില്ല .ടൂര്‍ണമെന്‍റ് അടുത്ത മാസം അവസാനിക്കുമ്പോള്‍ നാട്ടിലേക്ക് എങ്ങനെ തിരികെ പോകുമെന്നോര്‍ത്ത് നിങ്ങളില്‍ പലരും ആശങ്കയിലാണെന്ന് അറിയാം. നിലവിലെ സാഹചര്യത്തില്‍ അത് സ്വാഭാവികമാണ്.എന്നാൽ യാതൊരു ആശങ്കയും ഇക്കാര്യത്തിൽ ആവശ്യമില്ല. നിങ്ങളെ എല്ലാം നാട്ടിൽ സുരക്ഷിതരായി എത്തിക്കുവാൻ ബിസിസിഐ എല്ലാവിധ നടപടികളും ഉറപ്പായതും സ്വീകരിക്കും ” അദ്ദേഹം വിശദമാക്കി .
അതേസമയം ഇന്ത്യയിൽ നിന്നുള്ള വീമാനങ്ങൾക്കും സന്ദർശകർക്കും പൂർണ്ണമായി പല രാജ്യങ്ങളും വിലക്ക് ഏർപ്പെടുത്തി കഴിഞ്ഞു .ചില വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങിയതും ഐപിഎല്ലിന്റെ ഈ സീസണിന്റെ ഭാവി ഇരുട്ടിലാക്കിയിരുന്നു .എന്നാൽ ലീഗ് മുൻപ് തീരുമാനിച്ചത് പ്രകാരം മുൻപോട്ട് പോകും എന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്നലെ പറഞ്ഞത് .