സുലക്ഷണ നായിക്, അശോക് മൽഹോത്ര, ജതിൻ പരഞ്ജപെ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ഇന്ത്യന്‍ സെലക്ടര്‍ ചെയര്‍മാനായി ചേതന്‍ ശര്‍മ്മയെ തിരഞ്ഞെടുത്തു. ലോകകപ്പ് തോല്‍വിക്ക് ശേഷം പിരിച്ചു വിട്ട സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ തന്നെയായിരുന്നു ചേതന്‍ ശര്‍മ്മ.
600 ല്‍ പരം അപേക്ഷകളില്‍ നിന്നാണ് 5 പോസ്റ്റിലേക്ക് സെലക്ടര്‍മാരെ തിരഞ്ഞെടുത്തത്. ചേതന്‍ ശര്‍മ്മയെക്കൂടാതെ ശിവ് സുന്ദര്‍ ദാസ്, സുബ്രതോ ബാനര്‍ജി, സലില്‍ അങ്കോള, ശ്രീധരന്‍ ശരത്ത് എന്നിവരാണ് മറ്റ് സെലക്ടര്‍മാര്‍.
നേരത്തെ 2020 ഡിസംബറിലാണ് ചേതന്‍ ശര്‍മ്മ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാവുന്നത്. ദേബാശിഷ് മൊഹന്തി, സുനില്‍ ജോഷി, ഹര്‍വീന്ദര്‍ സിംഗ് എന്നിവരായിരുന്നു പാനലിലെ മറ്റ് അംഗങ്ങള്‍. 2021 ടി20 ലോകകപ്പില്‍ പരിചയ സമ്പന്നനായ ചഹലിനെ ഒഴിവാക്കി വരുണ്‍ ചക്രവര്‍ത്തിയേയും രാഹുല്‍ ചഹറിനെയും തിരഞ്ഞെടുത്തത് ഏറെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു.
കൂടാതെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കാരണം പറഞ്ഞ് വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മക്ക് കൈമാറിയത് അടക്കം നിരവധി വിവാദ തീരുമാനങ്ങള്‍ ചേതന്‍ ശര്‍മ്മ നടത്തിയിരുന്നു.