ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് നല്ല ആശയമായിരുന്നില്ലെന്ന് മഹേന്ദ്ര സിങ്ങ്. ഗുജറാത്തിനെതിരെയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ്, നിശ്ചിത 20 ഓവറില്‍ 133 റണ്‍സാണ് നേടിയത്. അര്‍ദ്ധസെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദാണ് (49 പന്തില്‍ 53) ടോപ്പ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ വൃദ്ദിമാന്‍ സാഹയുടെ (57 പന്തില്‍ 67) അര്‍ദ്ധസെഞ്ചുറി പ്രകടനത്തില്‍ അനായാസം ഗുജറാത്ത് വിജയിച്ചു.
” ആദ്യം ബാറ്റ് ചെയ്തത് നല്ല തീരുമാനമായിരുന്നില്ലാ. ആദ്യ പകുതിയില്‍ പേസ് ബോളര്‍മാരെ അടിക്കാന്‍ പ്രയാസമായിരുന്നു. സായി മധ്യനിരയില്‍ നന്നായി പന്തെറിഞ്ഞു. ” ടോസ് നേടിയട്ടും മികച്ച സ്കോര്‍ നേടാഞ്ഞതിന്‍റെ കാരണം ധോണി പറഞ്ഞു.
മത്സരത്തില്‍ ജൂനിയര്‍ മലിംഗ എന്ന് വിളിപ്പേരുള്ള മതീശ പാതിരാന ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തില്‍ അവിസ്മരണീയ പ്രകടനം കാഴ്ച്ചവച്ച താരത്തെ അഭിനന്ദിക്കാനും ധോണി മറന്നില്ല. മത്സരത്തില്‍ 3.1 ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ശ്രീലങ്കന്‍ താരം നേടിയത്. ” പാതിരാന നടത്തുന്ന പിഴവുകള്‍ വളരെ കുറവാണ്, അവന്‍റെ കയ്യില്‍ മികച്ച സ്ലോ ബോളുകളുണ്ട്. തുടര്‍ച്ചയായി നല്ല പേസില്‍ എറിഞ്ഞാല്‍, അടിക്കാനും ബുദ്ധിമുട്ടാണ് ” മത്സര ശേഷം ധോണി പറഞ്ഞു.
മത്സരത്തില്‍ ജഗദീശന്‍, മിച്ചല്‍ സാന്‍റ്നര്‍, സോളങ്കി എന്നിവര്‍ക്കും അവസരം ലഭിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നെയുടെ അടുത്ത മത്സരം. വരും മത്സരങ്ങളിലും യുവ താരങ്ങള്‍ക്ക് അവസരം നല്‍കും എന്ന് ധോണി സൂചിപ്പിച്ചു.