ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്ന് ദിവസങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ ബാക്ക്ഫൂട്ടിൽ തന്നെയാണ്. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 469 എന്ന സ്കോർ മറികടക്കാൻ ഇറങ്ങിയ ഇന്ത്യ 296 റൺസിന് പുറത്താവുകയായിരുന്നു. ശേഷം ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. അതിനാൽതന്നെ മത്സരത്തിൽ പൂർണമായ ആധിപത്യം ഓസ്ട്രേലിയ ഇതിനോടകം തന്നെ നേടിയിട്ടുണ്ട്. ശേഷം ഇന്ത്യൻ ടീമിന്റെ പ്രകടനത്തിനെതിരെ വിമർശനങ്ങളുമായി ഒരുപാട് മുൻ താരങ്ങളും രംഗത്ത് വരികയുണ്ടായി. മത്സരത്തിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ വിമർശിച്ച് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മുൻ പാക്കിസ്ഥാൻ താരം ബാസിത് അലിയാണ്.
മത്സരത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്തപ്പോൾ തന്നെ ഇന്ത്യ പകുതി പരാജയമറിഞ്ഞു എന്നാണ് ബാസിത് അലി പറയുന്നത്. “ടോസ് നേടിയ ഇന്ത്യ മത്സരത്തിന്റെ ആദ്യ രണ്ടു മണിക്കൂറുകൾ പേടിച്ച് ബോളിംഗ് തിരഞ്ഞെടുത്തു. അവിടെത്തന്നെ ഇന്ത്യയ്ക്ക് മത്സരം നഷ്ടമായി. മാത്രമല്ല ഐപിഎല്ലിലേത് പോലെ ഒരു ബൗളിംഗ് പ്രകടനമാണ് ഇന്ത്യ മത്സരത്തിൽ നടത്തിയത്. ഇപ്പോൾ ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാനാവുന്നത് ഓസ്ട്രേലിയ വളരെ മോശമായ രീതിയിൽ പുറത്താവും എന്നത് മാത്രമാണ്. ശേഷം നാലാം ദിവസം ഒരു അത്ഭുതം സംഭവിക്കുമെന്നും ഇന്ത്യയ്ക്ക് കരുതാം. ഇതുവരെ ഇന്ത്യ 120 ഓവറുകൾ ഫീൽഡ് ചെയതു. എന്നാൽ രണ്ടോ മൂന്നോ കളിക്കാർ മാത്രമാണ് ഇന്ത്യൻ നിരയിൽ എനിക്ക് ഫിറ്റായി തോന്നിയത്. രഹാനെ, കോഹ്ലി, ജഡേജ എന്നിവർ മാത്രമാണ് മൈതാനത്ത് ഫിറ്റ് ആയിരുന്നത്. ബാക്കിയുള്ളവർ വളരെ ക്ഷീണിതരായിരുന്നു.”- ബാസിത് അലി പറയുന്നു.
ഇതോടൊപ്പം ദ്രാവിഡിനെതിരെയും തന്റെ വിമർശനം അലി അറിയിക്കുകയുണ്ടായി. “ഞാൻ രാഹുൽ ദ്രാവിഡിന്റെ വലിയൊരു ആരാധകനാണ്. എല്ലായിപ്പോഴും അങ്ങനെ തന്നെയാണ്. അയാൾ ഒരു ക്ലാസ് കളിക്കാരനാണ്. ഒരു ഇതിഹാസമാണ്. എന്നിരുന്നാലും പരിശീലകൻ എന്ന നിലയിൽ അയാൾ തീർത്തും പൂജ്യനാണ്. ഇന്ത്യയിൽ ദ്രാവിഡ് ടർണിങ് വിക്കറ്റുകൾ ഉണ്ടാക്കി. എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് ഒരു ചോദ്യമാണ്. ഓസ്ട്രേലിയയിലേക്ക് നിങ്ങൾ യാത്ര ചെയ്യുമ്പോൾ അവിടെ ഇതുപോലെയുള്ള ടേണിങ് വിക്കറ്റുകൾ ഉണ്ടായിരുന്നോ? അവിടെയുണ്ടായിരുന്നത് ബൗൺസി പിച്ചുകൾ ആയിരുന്നില്ലേ? അങ്ങനെയുള്ളപ്പോൾ എന്താണ് ദ്രാവിഡ് ചിന്തിക്കുന്നത് എന്നത് ദൈവത്തിന് മാത്രമാണ് അറിയാവുന്നത്.”- ബാസിത് അലി കൂട്ടിച്ചേർത്തു.
മത്സരത്തിൽ രോഹിത് ശർമയുടെ നായകത്വത്തിനെതിരെയും ദ്രാവിഡിന്റെ ഡിന്റെ കോച്ചിങ്ങിനെതിരെയും വലിയ വിമർശനങ്ങൾ തന്നെയാണ് ഉയർന്നിട്ടുള്ളത്. ഇന്ത്യ തങ്ങളുടെ ഇലവണിൽ രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്താതിരുന്നത് അടക്കമുള്ള കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം വളരെ ചർച്ചയായിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യ പരാജയമറിയുകയാണെങ്കിൽ ഇതിലും വലിയ വിമർശനങ്ങൾ ദ്രാവിഡിനെയും രോഹിത്തിനെയും തേടിയെത്തും എന്ന കാര്യത്തിൽ സംശയമില്ല.