മാർച്ച് 31ന് കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനോട് ഏറ്റുമുട്ടുന്നതോടെ ഐപിഎല്ലിന്റെ പതിനാറാം എഡിഷന് തുടക്കം കുറിക്കുകയാണ്. എന്നാൽ സീസണിന് ആരംഭം കുറിക്കുന്നതിന് മുൻപ് തന്നെ ഒരുപാട് താരങ്ങൾ പരിക്ക് മൂലവും മറ്റ് സാഹചര്യങ്ങൾ മൂലവും ഐപിഎല്ലിൽ നിന്ന് മാറി നിൽക്കുന്നു. ചില ദേശീയ ക്രിക്കറ്റ് ബോർഡുകൾ തങ്ങളുടെ താരങ്ങളെ ഐപിഎല്ലിലേക്ക് വിട്ടുനൽകാൻ തയ്യാറാവുന്നുമില്ല. മാത്രമല്ല അന്താരാഷ്ട്ര ടീമിന്റെ ചുമതലകളുള്ള പല താരങ്ങളും ഐപിഎല്ലിന്റെ ആദ്യ ആഴ്ച വിട്ടുനിൽക്കുമെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തിൽ തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ ഇപ്പോൾ.
ഇത്തരത്തിൽ തങ്ങളുടെ കളിക്കാരെ ഐപിഎല്ലിനായി റിലീസ് ചെയ്യാത്തതിനാൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെതിരെയും ശ്രീലങ്കൻ ക്രിക്കറ്റിനെതിരെയും പ്രതികരിക്കാൻ തയ്യാറാവുകയാണ് ബിസിസിഐ. ഈ സാഹചര്യത്തിൽ 2024ലെ ഐപിഎൽ ലേലത്തിൽ ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളിലെ താരങ്ങൾക്ക് ഒരു നിഴൽ വിലക്ക് ഏർപ്പെടുത്താനാണ് ബിസിസിഐയുടെ തീരുമാനം. നിലവിൽ മൂന്ന് ബംഗ്ലാദേശ് താരങ്ങളാണ് ഇത്തവണത്തെ ഐപിഎല്ലിൽ ഫ്രാഞ്ചൈസികൾക്കായി കളിക്കുന്നത്- ഷക്കീബ് അൽ ഹസൻ, ലിറ്റൻ ദാസ്, മുസ്തഫിസുർ റഹ്മാൻ. എന്നാൽ ഇപ്പോൾ ബംഗ്ലാദേശിന് അയർലണ്ടിനെതിരെ പരമ്പര നടക്കുന്നതിനാൽ തന്നെ ഈ താരങ്ങൾക്ക് ആദ്യ ആഴ്ചയിൽ കളിക്കാൻ സാധിക്കില്ല. ഇവർ ഏപ്രിൽ 9ന് ശേഷമാവും ഐപിഎൽ ടീമുകൾക്കൊപ്പം ചേരുന്നത്. മാത്രമല്ല മെയ് 9 മുതൽ 15 വരെയുള്ള തീയതികളിൽ അയർലണ്ടിനെതിരെ ഏകദിന പരമ്പര നടക്കുന്നതിനാൽ ഇവർ ഐപിഎൽ ടീമുകൾക്കൊപ്പം ഉണ്ടാവുകയുമില്ല.
ഇത് ബിസിസിഐയെ വലിയ രീതിയിൽ ചൊടിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റർമാർ മാത്രമല്ല ശ്രീലങ്കയിൽ നിന്നുള്ള താരങ്ങളും ഐപിഎല്ലിന്റെ ആദ്യ സമയങ്ങളിൽ ഉണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ന്യൂസിലാൻഡിനെതിരെ നിലവിൽ നടക്കുന്ന പരമ്പരയുടെ സാഹചര്യത്തിലാണ് ശ്രീലങ്കൻ താരങ്ങളെ ഐപിഎല്ലിനായി വിട്ടു നൽകാത്തത്.
ഇത്തരം താരങ്ങൾ ഐപിഎല്ലിന് വരാത്തതുമൂലം വലിയ നഷ്ടമാണ് ഫ്രാഞ്ചൈസികൾക്ക് ഉണ്ടാകുന്നത്. ഐപിഎല്ലിലുടനീളം തങ്ങളുടെ കളിക്കാരെ പങ്കെടുപ്പിക്കാനായിയാണ് ഫ്രാഞ്ചൈസികൾ വമ്പൻ തുകയ്ക്ക് താരങ്ങളെ സ്വന്തമാക്കുന്നത്. എന്നാൽ വിവിധ ക്രിക്കറ്റ് ബോർഡുകൾ അവരെ ഐപിഎല്ലിൽ നിന്ന് മാറ്റി നിർത്തുന്നതിലൂടെ ഫ്രാഞ്ചൈസികൾക്കും ഐപിഎല്ലിനും വലിയ പോരായ്മകൾ ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ ബംഗ്ലാദേശ്, ശ്രീലങ്ക ടീമിലെ താരങ്ങളെ ഐപിഎല്ലിൽ നിന്നും മാറ്റിനിർത്തിയാലും അത്ഭുതപ്പെടാനില്ല.