ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. എന്നാൽ എല്ലാ സീസണുകളിലും വലിയ വെല്ലുവിളികൾ ബാംഗ്ലൂരിന് നേരിടേണ്ടിവരുന്നു. 2025 ഇന്ത്യൻ പ്രീമിയർ ലീഗ് എത്തുമ്പോഴും ബാംഗ്ലൂരിന് മുമ്പിൽ വലിയൊരു വെല്ലുവിളി നിലനിൽക്കുകയാണ്. പുതിയ നായകനെ കണ്ടെത്തുക എന്നതാണ് ബാംഗ്ലൂരിന് മുമ്പിലുള്ള വെല്ലുവിളി.
നിലവിലെ നായകനായ ഹാഫ് ഡുപ്ലെസിസ് ഒരു സീനിയർ താരമാണ്. പ്രായത്തിന്റെ പരിമിതികൾ ഫാഫിനെ വരും സീസണിൽ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ 2025 മെഗാലേലത്തിൽ മറ്റൊരു സൂപ്പർ താരത്തെ നായകനാക്കി മാറ്റാനാവും ബാംഗ്ലൂർ ശ്രമിക്കുക. ഇത്തരത്തിൽ ബാംഗ്ലൂരിന് നായകനാക്കാൻ സാധിക്കുന്ന 3 താരങ്ങളെ പരിശോധിക്കാം.
1. കെഎൽ രാഹുൽ
ബാംഗ്ലൂർ ടീമിന് നായകനായി നിശ്ചയിക്കാൻ സാധിക്കുന്ന താരമാണ് രാഹുൽ. കർണാടകയിൽ ജനിച്ച രാഹുൽ മുൻപ് ബാംഗ്ലൂർ ടീമിനായി കളിച്ചിട്ടുണ്ട്. മാത്രമല്ല ഒരുപാട് ആരാധകരും ബാംഗ്ലൂരിൽ രാഹുലിനുണ്ട്. കഴിഞ്ഞ സീസണുകളിൽ ലക്നൗ ടീമിനായി ആയിരുന്നു രാഹുൽ കളിച്ചത്. മികച്ച രീതിയിൽ ലക്നൗവിനെ നയിക്കാൻ രാഹുലിന് സാധിച്ചിട്ടുണ്ട്.
ഒരു ഓപ്പണർ എന്ന നിലയിൽ ഒരുപാട് അനുഭവസമ്പത്തും രാഹുലിനുണ്ട്. വിക്കറ്റിന് പിന്നിലും മികവ് പുലർത്താൻ സാധിക്കും എന്നതാണ് രാഹുലിന്റെ മറ്റൊരു പ്രത്യേകത. ഇക്കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ബാംഗ്ലൂരിന് നായകനായി പരിഗണിക്കാൻ സാധിക്കുന്ന താരമാണ് രാഹുൽ.
2. മിച്ചൽ മാർഷ്
ബാംഗ്ലൂർ ടീമിന്റെ ഘടനയ്ക്ക് ചേരുന്ന ഒരു താരമാണ് മിച്ചൽ മാർഷ്. ആക്രമണ മനോഭാവമുള്ള ബാറ്റിംഗ് ശൈലിയാണ് മാർഷിന്റെ പ്രത്യേകത. മാത്രമല്ല മീഡിയം പേസിൽ ബോൾ ചെയ്യാനും മാർഷിന് സാധിക്കും. കഴിഞ്ഞ സീസണുകളിൽ ഡൽഹി ടീമിനായി മാർഷ് കളിച്ചിരുന്നു. സമ്മർദ്ദ സാഹചര്യങ്ങൾ തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് മാർഷ് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരുപാട് അനുഭവസമ്പത്തുള്ള താരം കൂടിയാണ് മാർഷ്. പ്രത്യേകിച്ച് ട്വന്റി20 മത്സരങ്ങളിൽ മാർഷിന്റെ സംഭാവനകൾ മറക്കാൻ സാധിക്കില്ല. കൃത്യസമയത്ത് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന ഒരു താരം കൂടിയാണ് മാർഷ്.
3. സാം കരൻ
യുവതാരമായ സാം കരൻ ലോകത്താകമാനമുള്ള ട്വന്റി20 ലീഗുകളിൽ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അത്യപൂർവ്വമായ ഓൾ റൗണ്ട് കഴിവുകളാണ് കരന്റെ ശക്തി. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇംഗ്ലണ്ട് ടീമിന്റെ നായകനായി പ്രവർത്തിക്കാൻ കരന് അവസരം ലഭിച്ചിട്ടുണ്ട്. മികച്ച നായകത്വ മികവ് കരൻ പുറത്തെടുത്തിട്ടുമുണ്ട്.
യുവനിരയെയും അനുഭവസമ്പത്തുള്ള താരങ്ങളെയും ഒരേപോലെ ഉൾക്കൊള്ളാൻ സാധിക്കുന്ന ക്യാപ്റ്റൻസി മികവാണ് കരന് ഉള്ളത്. ഇക്കാരണങ്ങളാൽ ബാംഗ്ലൂരിന് നായകനായി പരിഗണിക്കാൻ സാധിക്കുന്ന താരമാണ് കരൻ.