ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരാണ് ഇന്ത്യൻ താരം വിരാട് കോഹ്ലിയും പാക്കിസ്ഥാൻ താരം ബാബർ ആസമും. ഇരുവരും മികവാർന്ന ബാറ്റിംഗ് പ്രകടനങ്ങൾ കൊണ്ടും ക്ലാസിക് ഷോട്ടുകൾ കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയവരാണ്. അതിനാൽ ഇരു താരങ്ങളെയും താരതമ്യം ചെയ്ത് ഒരുപാട് പേർ സംസാരിക്കാറുണ്ട്.
പക്ഷേ ഇത്തരം താരതമ്യത്തിന് യാതൊരു പ്രസക്തിയുമില്ല എന്നാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ പറഞ്ഞിരിക്കുന്നത് ഒരു കാരണവശാലും ബാബർ ആസമിനെ വിരാട് കോഹ്ലിയെ പോലെ ഒരു മികച്ച ബാറ്ററുമായി താരതമ്യം ചെയ്യാൻ പാടില്ല എന്നാണ് കനേറിയയുടെ പക്ഷം.
വിരാട് കോഹ്ലിയുടെയും ബാബർ ആസമിന്റെയും വിവിധ പ്രകടനങ്ങൾ താരതമ്യം ചെയ്തായിരുന്നു കനേറിയ സംസാരിച്ചത്. ലോകത്തിന്റെ എല്ലാ കോണുകളിലും മികവാർന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുള്ള ചുരുക്കം ചില ബാറ്റർമാരിൽ ഒരാളാണ് വിരാട് കോഹ്ലി എന്ന് കനേറിയ പറയുകയുണ്ടായി.
“ആരാണ് ഈ രണ്ടു താരങ്ങളെയും താരതമ്യപ്പെടുത്തുന്നത്. ഇക്കാര്യം ആളുകൾ പറയുന്നത് കേട്ട് ഞാൻ മടുത്തിരിക്കുന്നു. വിരാട് കോഹ്ലിയെ നിങ്ങൾ ശ്രദ്ധിക്കൂ. അയാൾ ലോകത്തിന്റെ എല്ലാ കോണിലും റൺസ് വാരിക്കൂട്ടിയിട്ടുള്ള താരമാണ്.”- ഡാനിഷ് കനേറിയ പറയുന്നു. കോഹ്ലി മൈതാനത്ത് ഉള്ളപ്പോൾ വളരെ വ്യത്യസ്തമായ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് ഡാനിഷ് കനേറിയ കരുതുന്നത്.
“മൈതാനത്തേക്ക് വിരാട് കോഹ്ലി നടന്നു വരുമ്പോൾ നമുക്ക് ലഭിക്കുന്ന ഫീൽ വളരെ വ്യത്യസ്തമാണ്. അത് വേറെ ലെവലാണ്. ഇതിനോട് കിടപിടിക്കാൻ ബാബർ ആസമിന് സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ബാബറിനെയും കോഹ്ലിയെയും താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കേണ്ട സമയമായി.”
“ഇരുവരെയും താരതമ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്.”- കനേറിയ കൂട്ടിച്ചേർക്കുന്നു. നിലവിൽ തന്റെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ബാബർ ആസം കടന്നു പോകുന്നത് എന്ന് കനേറിയ വിശ്വസിക്കുന്നു.
മൈതാനത്ത് റൺസ് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുന്ന ബാബർ ആസമിനെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഈ സർക്കിളിൽ കേവലം 224 റൺസ് മാത്രമാണ് മുൻനിര ബാറ്റർ ആയിരുന്നിട്ട് കൂടി ബാബർ ആസം സ്വന്തമാക്കിയിരിക്കുന്നത്.
ഓസ്ട്രേലിയയുടെ ബോളിങ് ഓൾറൗണ്ടറായ പാറ്റ് കമ്മിൻസ് പോലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇതിലുമധികം റൺസ് കണ്ടെത്തിയിട്ടുണ്ട് എന്നതാണ് വ്യത്യസ്ത കാര്യം. ബംഗ്ലാദേശിനേതിരായ ടെസ്റ്റ് പരമ്പരയിലും ബാബർ പൂർണമായും പതറുന്നതാണ് കണ്ടത്. 2024 ട്വന്റി20 ലോകകപ്പിലും ബാബർ ആസമിന്റെ മോശം പ്രകടനം തന്നെയായിരുന്നു കാണാൻ സാധിച്ചത്. ഈ സാഹചര്യത്തിലാണ് കോഹ്ലിയുമായുള്ള താരതമ്യത്തെ വിമർശിച്ച് കനേറിയ രംഗത്ത് എത്തിയത്.