ബാബർ ഇന്ത്യയ്‌ക്കെതിരെ കളിച്ചത് സ്വാർത്ഥത നിറഞ്ഞ ഇന്നിങ്സ്. ഭീരുവിനെപോലെ. ഗംഭീർ പറയുന്നു

പാക്കിസ്ഥാന്റെ ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിലെ ബാബർ ആസമിന്റെ സ്വാർത്ഥമായ ബാറ്റിംഗ് മനോഭാവത്തെ വിമർശിച്ച് ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരത്തിൽ ബാബർ ആസാം തന്റെ അർധസെഞ്ച്വറി പൂർത്തിയാക്കാനാണ് ശ്രമിച്ചതെന്നും ടീമിനു വേണ്ടിയല്ല കളിച്ചതെന്നുമാണ് ഗൗതം ഗംഭീർ പറയുന്നത്.

മത്സരത്തിൽ 58 പന്തുകൾ നേരിട്ട ബാബർ അസം 50 റൺസ് സ്വന്തമാക്കിയിരുന്നു. എന്നാൽ നിർണായ ഘട്ടത്തിൽ ബാബർ ആസമിന്റെ വിക്കറ്റ് നഷ്ടമായത് പാക്കിസ്ഥാനെ ബാധിക്കുകയായിരുന്നു. കേവലം 191 റൺസിന് പാകിസ്ഥാൻ മത്സരത്തിൽ ഓൾ ഔട്ട് ആയി. ശേഷമാണ് വിമർശനവുമായി ഗൗതം ഗംഭീർ രംഗത്ത് എത്തിയിരിക്കുന്നത്.

ക്രീസിലുള്ള രണ്ടു ബാറ്റർമാരും ഒരേ ശൈലിയില്‍ കളിച്ചതാണ് പാക്കിസ്ഥാനെ ബാധിച്ചത് എന്ന് ഗംഭീർ പറയുന്നു. “ബാബർ ആസം തീർച്ചയായും ഭീരുത്വം നിറഞ്ഞ ഇന്നിങ്സാണ് മത്സരത്തിൽ കാഴ്ചവച്ചത്. ഒരു കൂട്ടുകെട്ടിലെ രണ്ടു ബാറ്റർമാരും ഒരേ രീതിയിൽ തന്നെ കളിക്കാൻ പാടില്ല. ഏതെങ്കിലും ഒരു ബാറ്റർ ചാൻസുകൾ എടുക്കേണ്ടതുണ്ടായിരുന്നു.

നമ്മൾ നമ്മുടേതായ അർധസെഞ്ച്വറിക്ക് വേണ്ടിയോ, അല്ലെങ്കിൽ നമ്മുടെ റണ്ണിനു വേണ്ടിയോ മാത്രം കളിക്കുമ്പോൾ ഇത്തരത്തിലുള്ള ഫലങ്ങൾ ഉണ്ടാകുന്നു.”- ഗൗതം ഗംഭീർ പറഞ്ഞു. ഇതോടൊപ്പം പാക്കിസ്താന്റെ മുൻനിരയിലുള്ള ഒരു ബാറ്റർ ആക്രമണപരമായി മത്സരത്തെ നേരിടണമെന്നും ഗംഭീർ ഉപദേശിക്കുകയുണ്ടായി.

“ബാബർ ആസം തനിക്കായി ഒരുപാട് റൺസ് മത്സരങ്ങളിൽ നേടിയിട്ടുണ്ട്. എന്നാൽ തുടക്കത്തിൽ തന്നെ ആക്രമണം അഴിച്ചുവിടുന്ന ഒരു ശൈലിയാണ് പാക്കിസ്ഥാൻ ടീമിനുള്ളത്. ഷാഹിദ് അഫ്രിദിയായാലും ഇമ്രാൻ നസീറായാലും തൗഫീഖ് ഉമറായാലും ഇത്തരത്തിൽ തുടക്കത്തിൽ ആക്രമണം അഴിച്ചുവിട്ടിരുന്നവരാണ്.

ശേഷം മധ്യ ഓവറുകളിലാണ് അവർ കുറച്ചു കൂടി മിതമായ സമീപനം പാലിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയല്ല ഇപ്പോഴത്തെ പാക്കിസ്ഥാൻ ടീമിലെ മുൻനിരയിലുള്ള മൂന്നു ബാറ്റർമാരും ആക്രമണം അഴിച്ചുവിടാൻ മടിക്കുന്നവരാണ്.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഭയമില്ലാത്ത സമീപനം പാക്കിസ്ഥാൻ സ്വീകരിക്കാൻ തയ്യാറാവണമെന്നാണ് ഗംഭീർ പറയുന്നത്. “ഒരു ടോപ്പ് നിലവാരമുള്ള ബോളിഗ് നിരയ്ക്കെതിരെ നമ്മൾ കളിക്കുമ്പോൾ ഡ്രസിങ് റൂമിൽ തന്നെ കൃത്യമായ ചർച്ചകൾ നടക്കണം. കേവലം 150 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂവെങ്കിലും ആദ്യ ബാറ്റർമാർ ആക്രമിച്ചു തന്നെ മത്സരത്തെ നേരിടണം.

അല്ലാതെ ഭീരുത്വം കാണിക്കുന്നത് ഉത്തമമല്ല. ടീമിലുള്ള ആദ്യ മൂന്നു ബാറ്റർമാർ വളരെ നേരത്തെ തന്നെ പുറത്താവുകയാണെങ്കിൽ ശേഷം നാലാം നമ്പരുകാരനും അഞ്ചാം നമ്പരുകാരനും സൂക്ഷ്മമായി കളിക്കാൻ തയ്യാറാവണം.”- ഗംഭീർ പറഞ്ഞു വയ്ക്കുന്നു.

Previous articleഅഫ്ഗാനിലെ ഭൂകമ്പ ബാധിതർക്കായി ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു. പ്ലയർ ഓഫ്ദ് മാച്ചായ മുജീബ് പറയുന്നു.
Next articleവില്ലൻ ഹീറോയായപ്പോൾ. ബട്ലറിന്റെ വിക്കറ്റ് നേടിയ നവീനായി ആർപ്പുവിളിച്ച് ഇന്ത്യൻ ആരാധകർ.