ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ പാകിസ്ഥാൻ ടീമിന് സാധിച്ചിരുന്നില്ല. വലിയ പ്രതീക്ഷയോടെ ടൂർണമെന്റിലേക്ക് എത്തിയ പാക്കിസ്ഥാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയാണ് ഉണ്ടായത്. ഇതിന് ശേഷം പാക്കിസ്ഥാൻ നായകൻ ബാബർ ആസമിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുകയുണ്ടായി. ടീമിനെ നയിക്കുന്നതിലും ബാറ്റിങ്ങിലും ബാബർ ആസമിൽ നിന്ന് വളരെ മോശം പ്രകടനമാണ് ഉണ്ടായത് എന്ന് പാക്കിസ്ഥാൻ ആരാധകർ പോലും പറഞ്ഞിരുന്നു.
ഇതിനുശേഷം ബാബർ ആസമിനെ പറ്റി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. പാകിസ്താന്റെ ട്വന്റി20 ടീമിൽ ബാബർ ആസം സ്ഥാനമർഹിക്കുന്നില്ല എന്നാണ് വീരേന്ദർ സേവാഗ് പറഞ്ഞിരിക്കുന്നത്. മറ്റൊരു നായകന്റെ കീഴിൽ പാകിസ്ഥാൻ കളിക്കുകയാണെങ്കിൽ ബാബർ അസമിനെ ടീമിൽ നിന്ന് ഒഴിവാക്കിയേനെ എന്ന് സേവാഗ് കരുതുന്നു.
ട്വന്റി20യ്ക്ക് ആവശ്യമായ രീതിയിൽ കളിക്കാൻ ബാബർ ആസമിന് സാധിക്കുന്നില്ല എന്നാണ് സേവാഗ് കരുതുന്നത്. “ബാബർ ആസം ട്വന്റി20കളിൽ സിക്സർ നേടുന്ന താരമല്ല. മൈതാനത്ത് സെറ്റ് ആയതിനുശേഷം മാത്രമേ അവന് സിക്സർ നേടാൻ സാധിക്കൂ. മാത്രമല്ല സ്പിന്നിനെതിരെ മാത്രമാണ് അവൻ ആക്രമിക്കാറുള്ളത്. ഇതുവരെയും പുറത്തിറങ്ങി പേസ് ബോളർമാരെ ആക്രമിക്കുന്ന ബാബർ ആസമിനെ ഞാൻ കണ്ടിട്ടില്ല.”
“മാത്രമല്ല കവറിന് മുകളിലൂടെ സിക്സർ നേടുന്നതും ഞാൻ കണ്ടിട്ടില്ല. പലപ്പോഴും അവൻ സേഫ് ഗെയിം കളിക്കാനാണ് ശ്രമിക്കുന്നത്. ഗ്രൗണ്ടിലൂടെ റൺസ് നേടുകയാണ് അവന്റെ ശീലം. അതുകൊണ്ടുതന്നെ സ്ഥിരതയോടെ റൺസ് കണ്ടെത്താൻ അവന് സാധിക്കുന്നുണ്ട്. പക്ഷേ സ്ട്രൈക്ക് റേറ്റ് അത്ര മികച്ചതല്ല.”- വീരേന്ദർ സേവാഗ് പറഞ്ഞു.
“എന്നാൽ, ഒരു നായകൻ എന്ന നിലയിൽ ബാബർ ടീമിന് ഉപകാരപ്രദമായ താരമാണോ എന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അങ്ങനെ ബാബറിന് തന്നെ, താൻ ഒരു ബാധ്യതയായി തോന്നുകയാണെങ്കിൽ സ്വയം പിന്നിലേക്ക് പോവുകയാണ് ചെയ്യേണ്ടത്. പകരമായി വമ്പൻ ഷോട്ടുകൾ കളിക്കുന്ന ഒരു താരത്തെ ടീമിലേക്ക് നിർദ്ദേശിക്കുക. ആറോവറുകളിൽ 60 റൺസ് ടീമിന് നേടിക്കൊടുക്കാൻ സാധിക്കുന്ന താരം വരണം.”
“പാക്കിസ്ഥാൻ മറ്റൊരു നായകന്റെ കീഴിലാണ് ലോകകപ്പിന് ഇറങ്ങിയിരുന്നതെങ്കിൽ, ഒരിക്കലും ബാബർ ആസമിനെ ടീമിൽ പോലും ഉൾപ്പെടുത്തിയിരുന്നു. ഇന്നത്തെ ട്വന്റി20 ക്രിക്കറ്റ് ആവശ്യപ്പെടുന്ന രീതിയിലുള്ള പ്രകടനങ്ങൾ അവനിൽ നിന്ന് ഉണ്ടായിട്ടില്ല.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
2024 ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഹൃദയഭേദകമായ പരാജയമായിരുന്നു പാക്കിസ്ഥാന് നേരിടേണ്ടി വന്നത്. ശേഷം ബദ്ധവൈരികളായ ഇന്ത്യക്കെതിരെയും പാക്കിസ്ഥാൻ പരാജയം അറിയിക്കുകയുണ്ടായി പിന്നീട് പാകിസ്താന്റെ കാനഡയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഇതോടുകൂടി പാക്കിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി. അവസാന മത്സരത്തിൽ അയർലണ്ടിനെതിരെ 3 വിക്കറ്റുകൾക്ക് വിജയം സ്വന്തമാക്കാൻ സാധിച്ചെങ്കിലും, യാതൊരു തരത്തിലും അംഗീകരിക്കാനാവാത്ത പ്രകടനമാണ് പാകിസ്ഥാൻ ഈ ലോകകപ്പിൽ കാഴ്ചവെച്ചത്.