അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ബാബർ ആസമിന് നേരെ ഒരുപാട് വിമർശന അസ്ത്രങ്ങൾ എത്തുകയുണ്ടായി. മത്സരത്തിൽ പാക്കിസ്ഥാൻ ടീമിന്റെ ഫീൽഡിങ്ങും ബോളിംഗ് ചെയ്ഞ്ചുകളുമൊക്കെ ഒരുപാട് വിമർശനങ്ങൾക്ക് വിധേയമായി. മത്സരത്തിൽ വലിയൊരു പരാജയം തന്നെയായിരുന്നു പാക്കിസ്ഥാൻ നേരിട്ടത്. ഒരു നായകൻ എന്ന നിലയിൽ ബാബർ ആസമിന്റെ പരാജയവും മത്സരത്തിൽ കാണാൻ സാധിച്ചു.
ഈ സാഹചര്യത്തിൽ ബാബർ അസമിന്റെ ക്യാപ്റ്റൻസിയെ ചോദ്യംചെയ്ത് മുൻ താരങ്ങൾ അടക്കം രംഗത്ത് എത്തിയിരുന്നു. വിരാട് കോഹ്ലിയെ പോലെ ബാബർ ആസാം തന്റെ നായകസ്ഥാനം രാജിവെക്കണം എന്നാണ് മുൻ പാക് താരം ബാസിത് അലി പറയുന്നത്.
ബാബർ ആസം തന്റെ നായകസ്ഥാനം രാജിവെച്ച് പൂർണമായും ബാറ്റിംഗിൽ ശ്രദ്ധിക്കണം എന്നാണ് ബാസിത് അലിയുടെ അഭിപ്രായം. വിരാട് കോഹ്ലി വർഷങ്ങൾക്ക് മുൻപ് ഇത് ചെയ്തിരുന്നവെന്നും അത് വലിയ വിജയമായിരുന്നുവെന്നും ബാസിത് അലി ചൂണ്ടിക്കാട്ടുന്നു.
“ഏകദേശം ഒരു വർഷങ്ങൾക്കു മുൻപ് ഞാൻ എന്റെ ചാനലിലൂടെ ഇക്കാര്യം പറഞ്ഞിരുന്നു. ബാബർ ആസം വളരെ നല്ലൊരു ബാറ്ററാണ്. അതുകൊണ്ടുതന്നെ അയാൾ നായകസ്ഥാനം രാജി വയ്ക്കേണ്ടതുണ്ട്. വിരാട് കോഹ്ലി ചെയ്തതുപോലെ നായക സ്ഥാനത്തുനിന്ന് ആസം ഒഴിയണം. വിരാട് നായകസ്ഥാനത്തു നിന്ന് ഒഴിഞ്ഞതിന് ശേഷമുള്ള അയാളുടെ പ്രകടനങ്ങൾ ശ്രദ്ധിക്കൂ. അയാളുടെ പ്രകടനങ്ങൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.”- ബാസിത് അലി പറയുന്നു.
എന്നാൽ ഇത്തരം ഒരു അഭിപ്രായം അന്ന് പ്രകടിപ്പിച്ചതിന്റെ പേരിൽ തനിക്ക് നേരെ ഒരുപാട് സോഷ്യൽ മീഡിയ അറ്റാക്കുണ്ടായി എന്നും ബാസിത് അലി പറഞ്ഞു. “അന്ന് ഇത്തരം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരുപാട് ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. പലരും എന്റെ വാക്കുകൾ വളച്ചൊടിച്ചാണ് സംസാരിച്ചത്. പലരും പറഞ്ഞത് ബാബർ ആസമിനെ എനിക്ക് ഇഷ്ടമല്ലന്നും അദ്ദേഹത്തിന് എതിരാണ് ഞാനെന്നുമാണ്.”- ബാസിത് അലി കൂട്ടിച്ചേർക്കുന്നു.
2021 ലെ ട്വന്റി20 ലോകകപ്പിന് ശേഷമായിരുന്നു വിരാട് കോഹ്ലി തന്റെ ട്വന്റി20ലെ നായകസ്ഥാനം രാജിവെച്ചത്. ശേഷം 2021ന്റെ അവസാനം തന്നെ കോഹ്ലി ഏകദിന ടീമിന്റെ നായക സ്ഥാനവും രാജി വെച്ചിരുന്നു. ആ സമയത്ത് തന്നെ ബാറ്റിംഗിൽ വളരെ മോശം അവസ്ഥയിലൂടെ ആയിരുന്നു കോഹ്ലി കടന്നുപോയത്.
എന്നാൽ ടീമിന്റെ മുഴുവൻ നായകസ്ഥാനവും രാജിവച്ചതിന് ശേഷം കോഹ്ലി തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെ വരികയുണ്ടായി. താൻ പൂർണമായും ബാറ്റിംഗിൽ ശ്രദ്ധിക്കാൻ വേണ്ടിയാണ് നായക സ്ഥാനം രാജിവെച്ചത് എന്ന് കോഹ്ലി പറഞ്ഞിരുന്നു. 2023 ഏകദിന ലോകകപ്പിലും വളരെ മികച്ച തുടക്കമാണ് കോഹ്ലിക്ക് ലഭിച്ചിരിക്കുന്നത്.