ക്രിക്കറ്റ് പ്രേമികൾ എല്ലാം ടി :20 വേൾഡ് കപ്പ് ആവേശത്തിലാണ്. ഒന്നാമത്തെ സെമി ഫൈനലിൽ കിവീസ് ടീം ഇംഗ്ലണ്ട് ടീമിനെ തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറിയപ്പോൾ ആരാകും ഇത്തവണ കിരീടം നേടുക എന്നുള്ള ചോദ്യവും സജീവമാണ്. അതേസമയം ഈ വേൾഡ് കപ്പിൽ ആകാംക്ഷയോടെ നോക്കി കണ്ട ഒരു പോരാട്ടമാണ് ഇന്ത്യയും പാക് ടീമും തമ്മിൽ നടന്ന പ്രാഥമിക മത്സരം. ഏറെ ആരാധകർ നോക്കികണ്ട മത്സരത്തിൽ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ നാണംകെട്ട തോൽവിയാണ് നേരിടേണ്ടി വന്നത്.12 തവണ തുടർച്ചയായി പാകിസ്ഥാനെ ലോകകപ്പ് വേദിയിൽ തോൽപ്പിച്ചിട്ടുള്ള ഇന്ത്യൻ ടീമിന് എല്ലാ അർഥത്തിലും നിരാശ പകരുന്ന ഒരു തോൽവിയാണ് പാകിസ്ഥാനോട് നേരിടേണ്ടി വന്നത്. നായകൻ ബാബർ അസമിന്റെ കൂടി ജയമായി ഈ ചരിത്രജയത്തെ ക്രിക്കറ്റ് ആരാധകർ വിലയിരുത്തുന്നുണ്ട്.
എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഇത്തരം വിശേഷണങ്ങൾ സജീവമായി പോകുമ്പോൾ വ്യത്യസ്തമായ ഒരു അഭിപ്രായവുമായി എത്തുകയാണ് മുൻ ഓസ്ട്രേലിയൻ താരവും നിലവിലെ പാകിസ്ഥാൻ ബാറ്റിങ് കൺസൾറ്റന്റ് കൂടിയായ ഹെയ്ഡൻ.ഇന്ത്യൻ താരമായ കോഹ്ലിയും പാകിസ്ഥാൻ നായകനായ ബാബർ അസമും തമ്മിൽ അനേകം സാമ്യതകൾ കാണുവാനായി കഴിയും എങ്കിലും അവരുടെ ക്രിക്കറ്റ് കരിയർ വ്യത്യാസ്തമാണെന്നാണ് ഹെയ്ഡൻ അഭിപ്രായം.” വിരാട് കോഹ്ലിയും ബാബർ അസമും തമ്മിലുള്ള വ്യത്യാസം നമുക്ക് കാണുവാൻ സാധിക്കും.കോഹ്ലി തന്റെ പ്രവർത്തികളാൽ ഗ്രൗണ്ടിൽ എങ്ങനെ എല്ലാമാണോ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ് ബാബർ അസം. എല്ലാ അർഥത്തിലും കോഹ്ലിക്ക് വിപരീതൻ. ബാബർ അദ്ദേഹത്തെ നമ്മൾ എല്ലാം കാണുന്നത് പോലെ ശാന്തനാണ്. ഒരു തരത്തിലും അമിതമായ ആഘോഷം അയാൾ കാണിക്കില്ല. പക്ഷെ വിരാട് കോഹ്ലി അങ്ങനെയല്ല “മുൻ ഓസീസ് താരം അഭിപ്രായം വിശദമാക്കി
“നമുക്ക് ചുറ്റുംകാണുന്ന ശരാശരി ക്രിക്കറ്റ് താരങ്ങളെക്കാൾ എല്ലാം അസാധ്യമായ പ്രതിഭയാണ് ബാബർ അസം. അദ്ദേഹം അതിവേഗം ലൈനും ലെങ്തും തന്നെ മനസ്സിലാക്കും. അതൊരു മികച്ച ബാറ്റ്‌സ്മാന്റെ അടയാളമാണ്.കോഹ്ലി തന്റെ ആവേശവും ആഘോഷവും എല്ലാം ഗ്രൗണ്ടിൽ കാണിക്കാറുണ്ട്. കൂടാതെ എതിരാളികളെ സമ്മർദ്ദത്തിലാക്കുവാൻ കോഹ്ലി മുന്നിട്ട് ഇറങ്ങും. ബാബറിന് അതിലൊന്നും താല്പര്യമില്ല “ഹെയ്ഡൻ അഭിപ്രായം വിവരിച്ചു.