രോഹിതിന്റെ നേതൃത്വത്തില്‍ താരനിബിഡമായ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രണ്ടുപേരെ തിരഞ്ഞെടുക്കാത്തതിൽ താൻ ആശ്ചര്യപ്പെട്ടുവെന്ന് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയായി, വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കാൽമുട്ടിനേറ്റ പരിക്ക് മൂലം ടി20 ലോകകപ്പിൽ നിന്ന് പുറത്തായപ്പോള്‍ സീനിയർ പേസർ ജസ്പ്രീത് ബുംറയും ഡെത്ത് ബൗളിംഗ് സ്പെഷ്യലിസ്റ്റ് ഹർഷൽ പട്ടേലും ഏഷ്യാ കപ്പ് നഷ്ടമായതിന് ശേഷം ദേശീയ ടീമിൽ തിരിച്ചെത്തി. മുതിർന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിൻ യുവതാരം രവി ബിഷ്‌ണോയിയെ പിന്തള്ളി എത്തിയപ്പോള്‍ പേസർ ആവേശ് ഖാൻ ടി20 ലോകകപ്പിനുള്ള തന്റെ സ്ഥാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ട് മുൻ ഇന്ത്യൻ നായകൻ അസ്ഹറുദ്ദീൻ, മുഹമ്മദ് ഷമിയുടെയും ശ്രേയസ് അയ്യരുടെയും പേരുകൾ കാണാതെ പോയത് കണ്ട് താൻ ആശ്ചര്യപ്പെട്ടുവെന്ന് പറഞ്ഞു. പ്രധാന ടീമിൽ നിന്ന് ശ്രേയസ് അയ്യരെയും ഷമിയെയും ഒഴിവാക്കിയതിൽ ആശ്ചര്യമുണ്ടെന്ന് അസ്ഹർ ട്വീറ്റ് ചെയ്തു.
ദീപക് ഹൂഡക്ക് പകരം അയ്യരെ തിരഞ്ഞെടുക്കേണ്ടതായിരുന്നുവെന്നും അസ്ഹർ അഭിപ്രായപ്പെട്ടു. “ദീപക് ഹൂഡയ്ക്ക് പകരം ശ്രേയസ് അയ്യരും ഹർഷൽ പട്ടേലിന് പകരം ഷമിയുമാണ് എന്റെ ടീമില്‍” മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, അസ്ഹറുദ്ദീന്റെ ട്വീറ്റ് ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടില്ല, ഷോർട്ട് പിച്ച് ഡെലിവറികൾക്കെതിരെ ശ്രേയസ് അയ്യരുടെ ദൗർബല്യം ചൂണ്ടിക്കാണിച്ച ആരാധകര്‍ ഓസ്‌ട്രേലിയയിലെ ബൗൺസി ട്രാക്കുകളിൽ പരാജയപ്പെടുമെന്നും ആരാധകര്‍ ചൂണ്ടികാട്ടി.