അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ ചെയ്സിംഗ് മാസ്റ്ററാണ് ഇന്ത്യൻ താരം വിരാട് കോഹ്ലി. ഇന്ത്യയെ പലപ്പോഴായി പല ചെയ്സുകളിലും അനായാസം വിജയത്തിലെത്തിച്ച പാരമ്പര്യം വിരാട് കോഹ്ലിക്കുണ്ട്. തന്റെ അന്താരാഷ്ട്ര കരിയറിലെ 46 ഏകദിന സെഞ്ച്വറികളിൽ 22 എണ്ണവും കോഹ്ലി നേടിയത് ഇന്ത്യ ചെയ്സ് ചെയ്ത് വിജയിച്ച മത്സരങ്ങളിലായിരുന്നു. പ്രധാനമായും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെയായിരുന്നു കോഹ്ലി ഇത്തരത്തിൽ വമ്പൻ ചെയ്സിംഗ് കാഴ്ചവച്ചിരുന്നത്. ഏകദിനങ്ങളിൽ പാക്കിസ്ഥാനെതിരെ 48 റൺസ് ശരാശരിയും, ട്വന്റികളിൽ 81 റൺസ് ശരാശരിയും കോഹ്ലിയ്ക്കുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ മാത്രം വിരാട് കോഹ്ലി ചെയ്സിംഗിൽ പരാജയപ്പെട്ടിരുന്നു. അത്തരമൊരു സാഹചര്യമായിരുന്നു 2017ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ.
മത്സരത്തിൽ 9 പന്തുകൾ നേരിട്ട കോഹ്ലി വെറും 5 റൺസ് മാത്രമാണ് നേടിയത്. ആ ഇന്നിങ്സിൽ വിരാട് കോഹ്ലി പാകിസ്ഥാൻ താരം അസർ അലിക്ക് ഫസ്റ്റ് സ്ലിപ്പിൽ ഒരു ക്യാച്ച് അവസരം നൽകുകയുണ്ടായി. എന്നാൽ അസർ അലി അത് വിട്ടുകളയുകയാണ് ഉണ്ടായത്. അതിനുശേഷം തനിക്കുണ്ടായ ആത്മസംഘർഷങ്ങളെപ്പറ്റി അസർ അലി പറയുകയുണ്ടായി.
മത്സരത്തിൽ താൻ നേരിട്ട എട്ടാം പന്തിലായിരുന്നു വിരാട് കോഹ്ലി ഇത്തരമൊരു അവസരം ഫസ്റ്റ് സ്ലിപ്പിൽ നിന്ന അസർ അലിക്ക് നൽകിയത്. ഇന്ത്യയുടെ പ്രീമിയം ബാറ്ററുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതോടെ തന്റെ മാനസികാവസ്ഥ വളരെ മോശമായി എന്ന് അസർ അലി പറയുകയുണ്ടായി. ആ മത്സരത്തിൽ കോഹ്ലി ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നെങ്കിൽ തന്റെ രാജ്യത്തുനിന്ന് വലിയ രീതിയിലുള്ള വിമർശനം തനിക്ക് നേരെ പൊട്ടിപ്പുറപ്പെട്ടേനെ എന്ന് അസർ അലി കരുതുന്നു. എന്നിരുന്നാലും ക്യാച്ച് നഷ്ടപ്പെടുത്തി അടുത്ത പന്തിൽ തന്നെ വിരാട് കോഹ്ലി കൂടാരം കയറിയത് തന്റെ ഏറ്റവും വലിയ ഭാഗ്യമായി മാറിയെന്ന് അസർ അലി കരുതുന്നുണ്ട്.
“അത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. ആ ഡ്രോപ്പിനും കോഹ്ലിയുടെ പുറത്താകലിനും ഇടയ്ക്ക് ഒരുപാട് കാര്യങ്ങൾ എന്റെ കണ്ണുകളിലൂടെ മിന്നി മാഞ്ഞു. ഞാൻ വലിയ തെറ്റ് ചെയ്തത് പോലെയാണ് എനിക്ക് തോന്നിയത്. ലോകം മുഴുവൻ എന്നെ നോക്കി ‘താൻ എന്താണ് ചെയ്തത്’ എന്ന് ചോദിക്കുന്നതായി എനിക്ക് തോന്നി. അപ്പോൾ എന്റെ മനസ്സിൽ വന്നത് ഇതായിരുന്നു.- ‘എല്ലാ മത്സരങ്ങളിലെയും പോലെ കോഹ്ലി ആ മത്സരത്തിലും ചെയ്സ് ചെയ്ത് ഇന്ത്യയെ വിജയിപ്പിക്കുകയാണെങ്കിൽ, മത്സരത്തിൽ ഒരുപാട് റൺസ് കോഹ്ലി നേടിയെങ്കിൽ, എന്റെ വീട് തന്നെ നശിപ്പിക്കപ്പെട്ടേനെ.’ എന്തായാലും ഭാഗ്യം കൊണ്ട് ഈ ചിന്തകൾക്കിടയിൽ അടുത്ത പന്തിൽ തന്നെ വിരാട് കോഹ്ലി കൂടാരം കയറുകയുണ്ടായി.”- അസർ അലി പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് അനായാസം മറക്കാൻ ശ്രമിക്കുന്ന ഒരു മത്സരമായിരുന്നു 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഫക്കർ സൽമാന്റെ സെഞ്ചുറിയുടെ ബലത്തിൽ ആധ്യ ഇന്നിങ്സിൽ 338 റൺസായിരുന്നു നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബാറ്റർമാർ പൂർണ്ണമായും പരാജയപ്പെടുകയായിരുന്നു. മുഹമ്മദ് അമീറിന്റെ തകർപ്പൻ സ്പെല്ലിനു മുൻപിൽ ഇന്ത്യയുടെ മുൻനിര തകർന്നുവീണു. കേവലം 158 റൺസിന് മത്സരത്തിൽ ഇന്ത്യ ഓൾഔട്ടാവുകയായിരുന്നു.