2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ മലയാളി തരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടില്ല. പകരം വിക്കറ്റ് കീപ്പറായി രാഹുലിനെയും റിഷഭ് പന്തിനെയുമാണ് ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ ഇതുവരെ ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരമാണ് സഞ്ജു സാംസൺ.
തന്റെ അവസാന അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി ദക്ഷിണാഫ്രിക്കെതിരെ നേടാനും സഞ്ജുവിന് കഴിഞ്ഞിരുന്നു. പക്ഷേ ഇതിനുശേഷം സഞ്ജു സാംസണെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയില്ല. ഇക്കാര്യത്തിൽ തന്റെ നിരാശ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.
ഏകദിന ക്രിക്കറ്റിൽ 56 റൺസ് ശരാശരിയുള്ള സഞ്ജുവിനെ പോലെ ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് തന്നെ ഞെട്ടിച്ചിട്ടുണ്ട് എന്ന് ഹർഭജൻ പറയുകയുണ്ടായി. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി ഏകദിന ഫോർമാറ്റിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് എന്ന് ഹർഭജൻ കൂട്ടിച്ചേർത്തു. “സത്യം പറഞ്ഞാൽ സഞ്ജുവിന്റെ കാര്യമാലോചിക്കുമ്പോൾ എനിക്ക് വലിയ വിഷമമുണ്ട്. സമീപകാലത്ത് റൺസ് സ്വന്തമാക്കാൻ അവന് സാധിച്ചിട്ടുണ്ട്. പക്ഷേ വീണ്ടും അവൻ ടീമിൽ നിന്ന് പുറത്താക്കപ്പെടുകയാണ്. ചാമ്പ്യൻസ് ട്രോഫി പോലെയുള്ള ടൂർണമെന്റുകളിലേക്ക് 15 അംഗങ്ങളെ മാത്രമേ നമുക്ക് ഉൾപ്പെടുത്താൻ സാധിക്കു എന്ന കാര്യം വസ്തുതയാണ്. പക്ഷേ സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി ഏകദിനത്തിന് അനുയോജ്യമായതാണ്.”- ഹർഭജൻ പറഞ്ഞു.
“56 റൺസ് ശരാശരിയാണ് ഏകദിനങ്ങളിൽ സഞ്ജു സാംസണുള്ളത്. പക്ഷേ നിലവിൽ സഞ്ജു ഇന്ത്യയുടെ രണ്ടാമത്തെ വിക്കറ്റ് കീപ്പർ പോലുമല്ല എന്നതാണ് വിഷമിപ്പിക്കുന്ന കാര്യം. സഞ്ജുവിനെ ടീമിലേക്ക് തെരഞ്ഞെടുക്കണമെന്ന് പറഞ്ഞാൽ ആളുകൾ ചോദിക്കുന്നത് മറ്റൊരു ചോദ്യമാണ്. ആരുടെ സ്ഥാനത്തെക്കാണ് സഞ്ജു വരേണ്ടത്?”- ഹർഭജൻ സിംഗ് കൂട്ടിച്ചേർക്കുകയുണ്ടായി. സഞ്ജുവിനെപ്പോലെ തന്നെ ഇന്ത്യൻ ടീമിൽ അവഗണനകൾ നേരിടുന്ന മറ്റൊരു താരമാണ് ചാഹൽ എന്നും ഹർഭജൻ പറഞ്ഞു.
“സഞ്ജു സാംസണ് ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഇടംപിടിക്കാൻ സാധിച്ചിട്ടില്ല. ചാഹലും ചാമ്പ്യൻസ് ട്രോഫിയിൽ ഇല്ല. 4 സ്പിന്നർമാരെയാണ് ഇന്ത്യ ഉൾപ്പെടുത്തിയത്. ഇതിൽ രണ്ടുപേർ ഇടംകയ്യൻ സ്പിന്നർമാരാണ്. വളരെയധികം വേരിയേഷനുകളുള്ള ഒരു ലെഗ് സ്പിന്നറെയും ഇന്ത്യ പരിഗണിച്ചിട്ടുണ്ട്. പക്ഷേ ചഹൽ ഒരു അവിശ്വസനീയ ബോളർ തന്നെയായിരുന്നു. എന്തുകൊണ്ടാണ് അവനെ ഈ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്ന് ഞാൻ അത്ഭുതപ്പെടുന്നു. കാരണം അവൻ ഈ ടീമിന് സാധിക്കുന്ന ഒരു ബോളർ തന്നെയാണ്.”- ഹർഭജൻ പറഞ്ഞുവെക്കുന്നു.