ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് നാഗ്പൂരിൽ അവസാനിച്ചെങ്കിലും പിച്ചിനെ സംബന്ധിച്ചുള്ള വിവാദങ്ങൾ തുടരുകയാണ്. മത്സരത്തിനു മുൻപ് പിച്ചന്റെ ഗുണമേന്മയെ ചോദ്യംചെയ്ത് പല മുൻ ഓസീസ് താരങ്ങളും രംഗത്തുവന്നിരുന്നു. എന്നാൽ മത്സരത്തിൽ പിച്ച് സ്പിന്നിനെ അനുകൂലിച്ചതൊഴിച്ചാൽ മറ്റൊന്നും എടുത്തു പറയാനുണ്ടായിരുന്നില്ല. എന്നാൽ മത്സരശേഷം നാഗ്പൂര് ടെസ്റ്റിൽ പരിശീലനം തുടരാൻ ഓസീസ് തീരുമാനിച്ചിരുന്നതായും, ശേഷം ഗ്രൗണ്ട്സ്റ്റാഫ് പിച്ചിൽ വെള്ളമൊഴിച്ച് പരിശീലനം മുടക്കിയതായിമാണ് ഓസീസ് ഇപ്പോൾ വെളിപ്പെടുത്തുന്നത്.
നാഗ്പൂരിലെ ആദ്യ ടെസ്റ്റ് കേവലം മൂന്നു ദിവസങ്ങൾ കൊണ്ട് അവസാനിച്ച സാഹചര്യത്തിലായിരുന്നു രണ്ടാം ടെസ്റ്റിനുള്ള പരിശീലനത്തിനായി ഓസീസ് നാഗ്പൂർ പിച്ച് ആവശ്യപ്പെട്ടത്. എന്നാൽ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ മത്സരശേഷം മൈതാനത്ത് വെള്ളമൊഴിച്ചതോടെ ഓസീസിന്റെ ഈ തന്ത്രം പാളുകയായിരുന്നു. ശേഷം ഓസീസ് ടീം പത്രസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തുകയുണ്ടായി.
“നാഗ്പൂരിലെ ടെസ്റ്റിൽ ഇന്ത്യ മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ വിജയിച്ചിരുന്നു. മത്സരത്തിനുശേഷം ഓസീസ് മൈതാനംവിട്ടു. എന്നാൽ വലിയ താമസമില്ലാതെ തന്നെ വിസിഎ സ്റ്റേഡിയം ഗ്രൗണ്ട്സ്റ്റാഫിൽ ഒരാൾ പിച്ചിൽ വെള്ളമൊഴിക്കുകയാണ് ചെയ്തത്. സാധാരണയായി ടെസ്റ്റ് മത്സരം കഴിഞ്ഞ ഉടൻതന്നെ പിച്ചുകളിൽ വെള്ളമൊഴിക്കാറില്ല. മാത്രമല്ല ടോപ് ഓർഡർ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പരിശീലനത്തിനായി ഓസ്ട്രേലിയ പിച്ച് നൽകാൻ ആവശ്യപ്പെട്ടിരുന്നു.”- ക്രിക്കറ്റ് ഓസ്ട്രേലിയ പറയുന്നു.
ഓസ്ട്രേലിയൻ കോച്ച് ആൻഡ്രൂ മക്ഡോണാൾഡാണ് ഇക്കാര്യം വിശദീകരിച്ചത്. മുൻപും ഇന്ത്യൻ പിച്ചുകളെ കുറിച്ച് വലിയ വിമർശനങ്ങൾ ഓസീസ് ഉന്നയിച്ചിരുന്നു. അതിന് ആക്കം കൂട്ടുന്ന ഒന്നുതന്നെയാണിത്. ഫെബ്രുവരി 17ന് ഡൽഹിയിലാണ് ഇന്ത്യയുടെ ഓസീസിനെതിരായ രണ്ടാം ടെസ്റ്റു മത്സരം നടക്കുന്നത്.