“കോമാളി കോഹ്ലി, കൊച്ചുകുട്ടിയെ പോലെ കരയുന്നു”, കോഹ്ലിയെ കളിയാക്കി ഓസീസ് പത്രങ്ങൾ

വളരെയധികം വിവാദപരമായ സംഭവങ്ങളോടെയായിരുന്നു ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരം ആരംഭിച്ചത്. ഓസ്ട്രേലിയയുടെ യുവതാരമായ കോൺസ്റ്റസ് ഇന്ത്യക്കെതിരെ തുടക്കത്തിൽ തന്നെ ആക്രമണം അഴിച്ചുവിട്ടു. ഇതിന് ശേഷം വിരാട് കോഹ്ലിയും കോൺസ്റ്റസും തമ്മിൽ നടന്ന പോര് വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. മൈതാനത്തുകൂടി നടന്നുവന്ന കോഹ്ലി കോൺസ്റ്റസിന്റെ തോളിൽ തട്ടുകയായിരുന്നു. പിന്നീട് മാച്ച് റഫറി ഇതിന് പിഴ നൽകുകയും ചെയ്തു. തന്റെ മത്സരത്തിലെ ഫീസിന്റെ 20% ആണ് കോഹ്ലിയ്ക്ക് പിഴയായി നൽകേണ്ടി വന്നത്. എന്നാൽ ഈ പിഴ വളരെ ചെറുതായി പോയി എന്ന അഭിപ്രായമാണ് മുൻ ഓസ്ട്രേലിയൻ താരങ്ങൾക്കും ഓസ്ട്രേലിയൻ മാധ്യമങ്ങൾക്കും ഉള്ളത്.

ഇത്രയും വലിയ അനീതി മൈതാനത്ത് കാട്ടിയിട്ടും 20 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റും മാത്രം കോഹ്ലിയ്ക്ക് നൽകിയത് യാതൊരു തരത്തിലും ശരിയായില്ല എന്ന ഓസ്ട്രേലിയൻ മാധ്യമങ്ങൾ വിലയിരുത്തുന്നു. അതിനാൽ തന്നെ കോഹ്ലിയ്ക്കെതിരെ വലിയ ആക്രമണമാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു മത്സരത്തിൽ നിന്ന് കോഹ്ലിയെ വിലക്കുകയെങ്കിലും ചെയ്യാൻ ഐസിസി തയ്യാറാവണമായിരുന്നു എന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ. ഈ സംഭവത്തിന് പിന്നാലെ വിരാട് കോഹ്ലിയെ പരിഹസിച്ചു കൊണ്ടാണ് ഓസ്ട്രേലിയയിലെ എല്ലാ മാധ്യമങ്ങളും ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോഹ്ലിയെ “കോമാളി” എന്ന് വിളിച്ചാണ് മാധ്യമങ്ങൾ അധിക്ഷേപിച്ചിരിക്കുന്നത്.

പ്രമുഖ മാധ്യമമായ “ദ് വെസ്റ്റേൺ ഓസ്ട്രേലിയൻ” എന്ന ദിനപത്രമാണ് കോഹ്ലിയെ “കോമാളി കോഹ്ലി” എന്ന് വിളിച്ചത്. ഒരു കൊച്ചുകുട്ടിയുടെ കരച്ചിലിനോടാണ് കോഹ്ലിയുടെ പ്രതികരണത്തെ മാധ്യമം നോക്കികണ്ടത്. ഇത്തരത്തിൽ മാധ്യമങ്ങളിൽ ഉയർന്ന വാർത്തകൾക്കെതിരെ പലരും രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. അരങ്ങേറ്റക്കാരനായ കോൺസ്റ്റസ് ഇത്ര മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും, അത് ഉള്ളടക്കത്തിൽ പ്രസിദ്ധീകരിക്കാതെ, വിരാട് കോഹ്ലിയെ കളിയാക്കി പ്രസിദ്ധീകരണം നടത്തിയതിനെതിരെയാണ് പലരും രംഗത്ത് വന്നിരിക്കുന്നത്.

പ്രസ്തുത സംഭവത്തെ പറ്റി ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി സംസാരിക്കുകയുണ്ടായി. “കോഹ്ലിയും കോൺസ്റ്റസും തമ്മിലുള്ള ആ സംഭവം ഞാൻ കണ്ടിരുന്നില്ല. പക്ഷേ ഇത്തരം കാര്യങ്ങൾ ക്രിക്കറ്റ് മൈതാനത്ത് സംഭവിക്കാറുള്ളതാണ്. അതുകൊണ്ടുതന്നെ നമ്മൾ അത് അംഗീകരിക്കുകയും മുന്നോട്ട് പോവുകയും ചെയ്യണം. അങ്ങനെയാണ് ഈ മത്സരം മുന്നോട്ടു പോകേണ്ടത്. അതാണ് പ്രധാനം.”- റോജർ ബിന്നി പറഞ്ഞു. എന്തായാലും വലിയ വിവാദങ്ങളാണ് ഇതിന് പിന്നാലെ പൊട്ടിപുറപ്പെട്ടിരിക്കുന്നത്

Previous article“കോൺസ്റ്റസും ലബുഷൈനും കാണിച്ചത് തെറ്റ്” – ഇർഫാൻ പത്താനും ഗവാസ്‌കറും രംഗത്ത്.