ലോകകപ്പിൽ നിന്ന് ഇന്ത്യയെ പുറത്താക്കുന്നത് ആ ടീമായിരിക്കും. അവർ വരുന്നത് വജ്രായുധങ്ങളുമായി എന്ന് ഹോഗ്.

india vs new zealand odi

ക്രിക്കറ്റ് ലോകം പൂർണ്ണമായും ഉറ്റുനോക്കുന്ന ഒന്നാണ് 2023ൽ നടക്കാൻ പോകുന്ന ലോകകപ്പ്. ഇന്ത്യൻ മണ്ണിൽ നടക്കുന്നതിനാൽ തന്നെ ഇന്ത്യയാണ് ലോകകപ്പിന്റെ ഫേവറേറ്റുകൾ. എന്നാൽ ടൂർണമെന്റിൽ ഇന്ത്യയെ പുറത്താക്കാൻ സാധിക്കുന്ന ഒരു ടീം നിലവിലുണ്ട് എന്നാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് പറയുന്നത്. 2023ലെ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയൻ ടീം ഇന്ത്യയെ പുറത്താക്കും എന്നാണ് ഹോഗ് വിശ്വസിക്കുന്നത്. ഇന്ത്യ തങ്ങളുടെ ഹോം സാഹചര്യങ്ങൾ ആസ്വദിക്കുമ്പോൾ, ഓസ്ട്രേലിയ തങ്ങളുടെ സ്ക്വാഡിലെ താരങ്ങളെ തുറുപ്പുചിട്ടായി മാറ്റും എന്ന് ഹോഗ് പറയുന്നു. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത് ഓസ്ട്രേലിയക്കെതിരെയാണ്.

നിലവിലെ ഓസ്ട്രേലിയൻ ടീമിന് എന്തും സാധിക്കും എന്ന തരത്തിലാണ് ഹോഗ് തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. “നിലവിൽ മിച്ചൽ സ്റ്റാർക്കിന്റെ നേതൃത്വത്തിൽ ഒരു അവിശ്വസനീയ പേസ് ബോളിംഗ് നിരയാണ് ഓസ്ട്രേലിയയ്ക്കുള്ളത്. ഇത് തീർച്ചയായും ഇന്ത്യയെ തകർക്കാൻ പറ്റിയ ഒരു നിര തന്നെയാണ്. മാത്രമല്ല ഇന്നിംഗ്സിന്റെ മധ്യ ഓവറുകളിൽ റൺസ് വിട്ടു നൽകുന്നതിൽ പിശുക്ക് കാട്ടാൻ സാധിക്കുന്ന ആദം സാമ്പയും ഓസ്ട്രേലിയയുടെ ബോളിംഗിൽ നിർണായകമായി മാറും. ബാറ്റിംഗിലായാലും ഓൾ റൗണ്ടർ മികവിലായാലും ഓസ്ട്രേലിയ മറ്റെല്ലാ ടീമുകളെക്കാളും ഒരുപടി മുൻപിലാണ്.”- ഹോഗ് പറയുന്നു.

Read Also -  "എനിക്കെതിരെ സ്വീപ് ഷോട്ട് കളിക്കുന്നത് നിർത്തൂ". റാഷിദ് ഖാൻ മത്സരത്തിനിടെ സൂര്യയോട്.

“ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയെ ലോകകപ്പിൽ നിന്ന് പുറത്താക്കാൻ സാധ്യതയുള്ള ഏക ടീം ഓസ്ട്രേലിയയാണ്. അതാണ് എന്റെ വിശ്വാസം. കഴിഞ്ഞ സമയങ്ങളിൽ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് കിരീടവും, ആഷസ് പരമ്പരയുമെല്ലാം സ്വന്തമാക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയ ഇന്ത്യയെയും തകർത്തെറിയുമെന്ന് ഞാൻ കരുതുന്നു.”- 52 കാരനായ ബ്രാഡ് ഹോഗ് കൂട്ടിച്ചേർക്കുന്നു.

2023 ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. 2015ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയ ആയിരുന്നു ജേതാക്കളായത്. ശേഷം 2019ൽ ഇംഗ്ലണ്ടിൽ നടന്ന ടൂർണമെന്റിൽ ഇംഗ്ലണ്ടും വിജയിക്കുകയുണ്ടായി. അതിനാൽ തന്നെ 2023ൽ ഇന്ത്യ ലോകകപ്പ് നേടും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നിരുന്നാലും ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾ ഇന്ത്യയ്ക്ക് ഇന്ത്യയിൽ വലിയ ഭീഷണി തന്നെ ഉണ്ടാക്കിയേക്കും. ഒക്ടോബർ എട്ടിനാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം ചെന്നൈയിൽ നടക്കുന്നത്.

Scroll to Top