ഓസ്ട്രേലിയയും മുട്ടുമടക്കി. അപരാജിതരായി ഇന്ത്യ മുന്നോട്ട്. സെമിഫൈനലില്‍ യോഗ്യത നേടി.

india vs australia 2024

ലോകകപ്പിന്റെ സൂപ്പർ 8ലെ ഓസ്ട്രേലിയക്കെതിരായി നിർണായക മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ പട. 24 റൺസിന്റെ വിജയമാണ് ഇന്ത്യ മത്സരത്തിൽ നേടിയത്. മത്സരത്തിൽ രോഹിത് ശർമയാണ് ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്.

തങ്ങളുടെ ബാറ്റിംഗ് ഇന്നിംഗ്സിൽ 205 റൺസ് നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ആദ്യം മുതലേ അടിച്ചുതകർത്തെങ്കിലും, ശക്തമായ തിരിച്ചുവരവിലൂടെ ഇന്ത്യൻ ബോളർമാർ ഓസ്ട്രേലിയയെ കുരുക്കുകയായിരുന്നു. ഇന്ത്യക്കായി 3 വിക്കറ്റുകൾ സ്വന്തമാക്കിയ അർഷദീപ് സിംഗും 2 വിക്കറ്റുകൾ നേടിയ കുൽദീപ് യാദവുമാണ് ബോളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഈ വിജയത്തോടെ ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ കോഹ്ലിയുടെ(0) വിക്കറ്റ് തുടക്കത്തിൽ തന്നെ സ്വന്തമാക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു. എന്നാൽ മറുവശത്ത് രോഹിത് ശർമ ഒറ്റയാൾ പോരാട്ടം നയിക്കുന്നതാണ് പവർപ്ലേ ഓവറുകളിൽ കണ്ടത്.

ഓസ്ട്രേലിയൻ ബോളിംഗ് നിരയെ തലങ്ങും വിലങ്ങും മർദ്ദിക്കാൻ രോഹിത്തിന് സാധിച്ചു. 19 പന്തുകളിലായിരുന്നു രോഹിത് തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 41 പന്തുകൾ നേരിട്ട രോഹിത് ശർമ 7 ബൗണ്ടറികളും 8 സിക്സറുകളും അടക്കം 92 റൺസാണ് നേടിയത്.

GQ2PYTlacAAo9Kw

രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവും ഇന്ത്യയ്ക്ക് ആവശ്യമായ സംഭാവന നൽകി. 16 പന്തുകളിൽ 31 റൺസ് സ്വന്തമാക്കാൻ സൂര്യകുമാറിന് സാധിച്ചു. അവസാന ഓവറുകളിൽ ഹർദിക് പാണ്ട്യ 17 പന്തുകളിൽ 27 റൺസുമായി മികവ് പുലർത്തിയപ്പോൾ ഇന്ത്യ വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 205 റൺസാണ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കിയത്.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് ഡേവിഡ് വാർണറെ(6) തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ പിന്നീട് ക്യാപ്റ്റൻ മാർഷും ഹെഡും ഇന്ത്യയ്ക്ക് വലിയ ഭീഷണി സൃഷ്ടിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 81 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

മാർഷ് 28 പന്തുകളില്‍ 37 റൺസാണ് നേടിയത്. മാർഷ് പുറത്തായ ശേഷവും ഹെഡ് ആക്രമണം അഴിച്ചുവിടുകയുണ്ടായി. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിനെ ഓർമിപ്പിക്കുന്ന പ്രകടനമാണ് ഹെഡ് മത്സരത്തിൽ കാഴ്ചവച്ചത്. മറുവശത്ത് ബാറ്റർമാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ഒരു വശത്ത് ഹെഡ് ബൗണ്ടറികൾ നേടിയത് ഓസ്ട്രേലിയക്ക് വലിയ സഹായകരമായി മാറി.

എന്നാൽ മത്സരത്തിന്റെ നിർണായകമായ സമയത്ത് ഹെഡിനെ പുറത്താക്കി ബൂമ്ര ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. 42 പന്തുകൾ നേരിട്ട ഹെഡ് 9 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 76 റൺസാണ് നേടിയത്. ഹെഡ് മടങ്ങിയതിന് ശേഷം ഓസ്ട്രേലിയ മത്സരത്തിൽ വിയർക്കുന്നതാണ് കണ്ടത്. അവസാന ഓവറുകളിൽ ഇന്ത്യൻ ബോളർമാർ മികവ് പുലർത്തിയതോടെ ഓസ്ട്രേലിയ അടിയറവ് പറയുകയായിരുന്നു..

Scroll to Top