പിങ്ക് ബോളിൽ അടിപതറി ഇന്ത്യ. 180 റൺസിന് ഓൾഔട്ട്‌. 6 വിക്കറ്റുമായി സ്റ്റാർക്ക്.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലും ബാറ്റിംഗിൽ പതറി ഇന്ത്യ. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ കേവലം 180 റൺസ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. ഓസ്ട്രേലിയൻ ബോളർമാർ കൃത്യത പുലർത്തിയ സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു. ഇന്ത്യൻ നിരയിൽ 42 റൺസ് നേടിയ നിതീഷ് റെഡ്ഡിയാണ് ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് 6 വിക്കറ്റുകൾ സ്വന്തമാക്കി മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ യുവതാരം ജയസ്വാളിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. സ്റ്റാർക്ക് ജയസ്വാളിനെ വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു. ശേഷം രണ്ടാം വിക്കറ്റിൽ ഗില്ലും രാഹുലും ചേർന്ന് തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് ഇന്ത്യയ്ക്ക് സമ്മാനിച്ചു. ഇരുവരും ചേർന്ന് 69 റൺസാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. എന്നാൽ 37 റൺസ് നേടിയ രാഹുലും 31 റൺസ് നേടിയ ഗില്ലും പുറത്തായതോടെ ഇന്ത്യ തകർന്നു വീഴുകയായിരുന്നു. പിന്നീടെത്തിയ വിരാട് കോഹ്ലിയ്ക്ക് 7 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

ആറാമനായി ക്രീസിലെത്തിയ നായകൻ രോഹിത് ശർമ 3 റൺസുമായി മടങ്ങിയതോടെ ഇന്ത്യ പതറി. മധ്യനിരയിൽ 21 റൺസ് നേടിയ പന്തും 22 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനും ഇന്ത്യയ്ക്കായി തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. എന്നാൽ നിതീഷ് റെഡ്ഡിയാണ് അവസാന സമയങ്ങളിൽ ഇന്ത്യയുടെ കരുത്തായത്. വാലറ്റത്തെ കൂട്ടുപിടിച്ച് ഒറ്റയ്ക്ക് പോരാട്ടം നയിക്കാൻ മത്സരത്തിൽ നിതീഷ് റെഡ്ഡിയ്ക്ക് സാധിച്ചു. അവസാന സമയങ്ങളിൽ ആക്രമണ മനോഭാവം പുറത്തെടുത്താണ് നിതീഷ് റൺസ് സ്വന്തമാക്കിയത്. മത്സരത്തിൽ 54 പന്തുകൾ നേരിട്ട നിതീഷ് 42 റൺസ് ആണ് നേടിയത്. 3 ബൗണ്ടറികളും 3 സിക്സറുകളും നിതീഷിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

എന്നാൽ ഇന്ത്യയുടെ ഇന്നിംഗ്സ് കേവലം 180 റൺസിൽ അവസാനിക്കുകയാണ് ഉണ്ടായത്. മറുവശത്ത് ഓസ്ട്രേലിയക്കായി പേസർമാർ എല്ലാവരും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. 48 റൺസ് വിട്ടുനൽകി 6 വിക്കറ്റുകൾ സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയൻ ബോളിങ്‌ നിരയിൽ തീയായി മാറിയത്. കമ്മീൻസും ബോളണ്ടും മത്സരത്തിൽ 2 വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. ആദ്യ മത്സരത്തിലും ഇന്ത്യ ഇത്തരത്തിൽ തകർന്നു വീണിരുന്നു. എന്നാൽ തങ്ങളുടെ ബോളിങ്ങിൽ മികച്ച തിരിച്ചുവരവ് നടത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇത് ഇന്ത്യ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ..

Previous article“സ്വയം നശിക്കാതെ തിരിച്ചുവാ പൃഥ്വി”. പൃഥ്വി ഷായ്ക്ക് പിന്തുണയുമായി പീറ്റേഴ്സണും വാട്സണും.