ജയസ്വാളിന്റെയും കോഹ്ലിയുടെയും മികവിൽ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ശക്തമായ ആധിപത്യം സ്ഥാപിച്ച് ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ 487 റൺസ് സ്വന്തമാക്കിയ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുൻപിലേക്ക് 534 റൺസ് എന്ന വമ്പൻ വിജയലക്ഷ്യമാണ് വച്ചിരിക്കുന്നത്.
ഇത് പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയക്ക് മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 12 റണ്‍സിനിടെ 3 വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ഇനിയും മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ഓസ്ട്രേലിയക്ക് വലിയ ബാറ്റിംഗ് പ്രകടനം തന്നെ ആവശ്യമാണ്. കോഹ്ലിയുടെയും ജയസ്വാളിന്റെയും സെഞ്ച്വറിയാണ് മത്സരത്തിൽ ഇന്ത്യയെ ഇത്ര ശക്തമായ നിലയിൽ എത്തിച്ചത്. 7 വിക്കറ്റുകൾ കൂടി സ്വന്തമാക്കിയാൽ ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയിലെ ആദ്യ വിജയം നേടാൻ സാധിക്കും.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 റൺസിന് തങ്ങളുടെ ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയയെ 104 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇതോടെ 46 റൺസിന്റെ ലീഡാണ് ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ സ്വന്തമാക്കിയത്. ശേഷമാണ് മറുപടി ബാറ്റിംഗിൽ ഇന്ത്യക്കായി രാഹുലും ജയസ്വാളും മികച്ച പ്രകടനം പുറത്തെടുത്തത്.
രണ്ടാം ദിവസത്തേത് പോലെ തന്നെ മൂന്നാം ദിവസവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ ഇരുവർക്കും സാധിച്ചു. ആദ്യ സെഷനിൽ കൃത്യമായി ഓസ്ട്രേലിയൻ ബോളർമാരെ ഇരുവരും വലയ്ക്കുകയുണ്ടായി. ആദ്യ വിക്കറ്റിൽ 201 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് രാഹുലും ജയസ്വാളും ചേർന്ന് ഇന്ത്യക്കായി കെട്ടിപ്പടുത്തത്.
ശേഷമാണ് 77 റൺസ് നേടിയ രാഹുൽ കൂടാരം കയറിയത്. പക്ഷേ ഇതിന് ശേഷവും കൃത്യമായി ആക്രമണം അഴിച്ചുവിട്ട് സെഞ്ച്വറി സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചു. ദേവദത് പടിക്കലിനെ കൂട്ടുപിടിച്ച് ജയസ്വാൾ തന്റെ ഇന്നിംഗ്സ് മുൻപോട്ട് കൊണ്ടുപോവുകയായിരുന്നു. മത്സരത്തിൽ 297 പന്തുകൾ നേരിട്ട് 161 റൺസ് ആണ് ജയസ്വാൾ നേടിയത്. 15 ബൗണ്ടറികളും 3 സിക്സറുകളുമാണ് ജയസ്വാളിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഓസ്ട്രേലിയൻ മണ്ണിലെ തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ച്വറി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ജയസ്വാൾ മാറുകയും ചെയ്തു. ജയസ്വാൾ പുറത്തായതിന് ശേഷം ഇന്ത്യ അല്പമൊന്ന് പതറി. പക്ഷേ സമയത്താണ് വിരാട് കോഹ്ലി തന്റെ ഫോമിലേക്ക് തിരികെ എത്തിയത്.
ഓസ്ട്രേലിയൻ ബോളർമാരെ നല്ല രീതിയിൽ തന്നെ നേരിട്ട് മുന്നോട്ട് പോകാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. മറുവശത്ത് വിക്കറ്റുകൾ നഷ്ടമായിട്ടും കോഹ്ലി തെല്ലും ഭയപ്പാടില്ലാതെ റൺസ് കണ്ടെത്തുകയായിരുന്നു. കൃത്യമായി സിംഗിളുകൾ നേടിയും ഗ്യാപ്പുകൾ കണ്ടെത്തി ബൗണ്ടറികൾ സ്വന്തമാക്കിയുമാണ് കോഹ്ലി മുൻപിലേക്ക് കുതിച്ചത്. മത്സരത്തിൽ 143 പന്തുകളിലാണ് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.
തന്റെ അന്താരാഷ്ട്ര കരിയറിലെ 81ആം സെഞ്ചുറിയാണ് കോഹ്ലി മത്സരത്തിൽ നേടിയത്. ഓസ്ട്രേലിയൻ മണ്ണിലെ കോഹിയുടെ ഏഴാം സെഞ്ചുറിയാണ് ഇത്. കോഹ്ലിയുടെ മികവിൽ 487 റൺസിനാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. 27 പന്തില്‍ 3 ഫോറും 2 സിക്സും സഹിതം 38 റണ്‍സ് നേടി നിതീഷ് റെഡ്ഡി സ്കോറിങ്ങ് വേഗത കൂട്ടിയിരുന്നു.
ഇതോടെ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 534 റൺസായി മാറി. പിന്നീട് മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയുടെ ആദ്യ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചിട്ടുണ്ട്. മക്‌സ്വീനിയെ ആദ്യ ഓവറില്‍ തന്നെ ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ കമ്മിന്‍സിനെ സിറാജ് മടക്കി. ദിവസത്തിന്‍റെ അവസാന പന്തില്‍ ലാബുഷെയ്നെയും മടക്കി ബുംറ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം നല്‍കി.