ക്ഷമയോട് ബാറ്റ് ചെയ്ത് ഇന്ത്യൻ ഓപ്പണർമാർ. പെർത്തിൽ രണ്ടാം ദിനം ഇന്ത്യയുടെ സർവ്വധിപത്യം.

ബോർഡർ – ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ദിവസം സർവ്വാധിപത്യം പുറത്തെടുത്ത് ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ ആദ്യ മത്സരത്തിൽ ലീഡ് കണ്ടെത്തിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. ഇന്ത്യയുടെ ഓപ്പണർമാർ രണ്ടാം ദിവസം ക്ഷമയോടെ ബാറ്റ് ചെയ്തതോടെ മത്സരത്തിൽ ഇന്ത്യ കൃത്യമായ മുൻതൂക്കം നേടിക്കഴിഞ്ഞു.

രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. 90 റൺസ് നേടിയ ജയസ്വാളും 62 റൺസ് നേടിയ രാഹുലുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്. 218 റൺസിന്റെ ലീഡ് ഇതിനോടകം തന്നെ കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മൂന്നാം ദിവസവും തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാൽ ഇന്ത്യയ്ക്ക് ഒരു വമ്പൻ വിജയം തന്നെ മത്സരത്തിൽ സ്വന്തമാക്കാൻ സാധിക്കും.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യ ദിവസം ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു. 150 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 67 സ്വന്തമാക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ഈ സമയത്താണ് ആദ്യ ദിവസത്തെ മത്സരം അവസാനിച്ചത്. ശേഷം രണ്ടാം ദിവസവും വളരെ മികച്ച ബോളിഗ് പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. രണ്ടാം ദിവസത്തേ തന്റെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ അലക്സ് കെയറിയെ കൂടാരം കയറ്റാൻ ഇന്ത്യൻ നായകൻ ജസ്പ്രീത് ബൂമ്രയ്ക്ക് സാധിച്ചു. ഇതോടെ ബൂമ്ര മത്സരത്തിൽ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കുകയുണ്ടായി. ശേഷം അവസാന വിക്കറ്റിൽ മിച്ചൽ സ്റ്റാർക്ക് മാത്രമാണ് ഓസ്ട്രേലിയയ്ക്കായി പൊരുതിയത്.

112 പന്തുകൾ മത്സരത്തിൽ നേരിട്ട സ്റ്റാർക്ക് 26 റൺസ് നേടി. എന്നിരുന്നാലും ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 104 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ 46 റൺസിന്റെ ലീഡാണ് ലഭിച്ചത്. ബൂമ്ര 30 റൺസ് മാത്രം വിട്ടുനൽകിയാണ് 5 വിക്കറ്റുകൾ ആദ്യ ഇന്നിംഗ്സിൽ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. രാഹുലും ജയസ്വാളും കൃത്യമായി ക്രീസിലുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല പിച്ചിൽ നിന്ന് ലഭിച്ച സഹായം അങ്ങേയറ്റം മികച്ച രീതിയിൽ മുതലാക്കാനും ഇരുവർക്കും സാധിച്ചു.

ആദ്യ ഇനിങ്സിൽ ഇന്ത്യൻ ബാറ്റിംഗിന്റെ ചീട്ടുകൊട്ടാരം പോലെ തകർന്നുവീണങ്കിലും, രണ്ടാം ഇന്നിങ്സിൽ രാഹുലും ജയസ്വാളും ഇന്ത്യയുടെ തേരാളികളായി മാറി. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തിയും സിംഗിളുകൾ നേടിയും ഇന്ത്യയുടെ സ്കോറിങ് ഉയർത്താൻ ഇരുവർക്കും സാധിച്ചു. ഇരുവരും മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ച്വറികൾ നേടി അതിശക്തമായി മുന്നേറുകയും ചെയ്തു. ഇതോടെ ഇന്ത്യ ആദ്യ വിക്കറ്റിൽ തന്നെ 100 റൺസ് പിന്നിട്ടു. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ശക്തമായ ഒരു നിലയിലാണ് ഇന്ത്യ. വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസാണ് രണ്ടാം ഇന്നിങ്സിൽ ഇതുവരെ ഇന്ത്യ നേടിയിട്ടുള്ളത്. 218 റൺസിന്റെ ലീഡാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്. 90(193)റൺസ് നേടിയ ജയസ്വാളും 62(153) റൺസ് നേടിയ കെഎൽ രാഹുലുമാണ് ക്രീസിൽ.

Previous article5 വിക്കറ്റുമായി ജസ്പ്രീത് ബുംറ. ഓസീസ് 104 റൺസിന് പുറത്ത്. ഇന്ത്യയ്ക്ക് ലീഡ്.
Next articleസിക്സർ റെക്കോർഡിൽ ഒന്നാം സ്ഥാനത്തെത്തി ജയ്സ്വാൾ. മറികടന്നത് മക്കല്ലത്തെയും സ്റ്റോക്സിനെയും.