ഈ അടുത്താണ് ട്വൻ്റി ട്വൻ്റിയിൽ പുതിയ ബൗളിങ് നിയമം പ്രാബല്യത്തിൽ വന്നത്. പുതിയ നിയമം പലപ്പോഴും ടീമുകൾക്ക് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇത്തവണത്തെ ലോകകപ്പ് നടക്കുന്ന ഓസ്ട്രേലിയയിലെ മൈതാനങ്ങൾ എല്ലാം വലുതാണ്. അത്തരം മൈതാനങ്ങളിൽ പ്രതിസന്ധി മറികടക്കുവാൻ ടീമുകൾ ഒക്കെ ചില പൊടിക്കൈകളും എടുക്കുന്നുണ്ട്.
ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഓസ്ട്രേലിയൻ ടീം തന്നെയാണ്. ലോകകപ്പിന് തൊട്ടുമുൻപായി നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ഇത്തരം കാഴ്ചകൾ കണ്ടു തുടങ്ങിയത്. നിർണായ ഘട്ടങ്ങളിൽ പന്തെടുക്കാൻ കളിക്കാർ വരുന്നത് കാത്തുനിൽക്കാതെ ബോൾ ബോയിയുടെ ജോലികളാണ് താരങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മത്സരത്തിന്റെ ഗതിമാറ്റാൻ ചിലപ്പോൾ പുതിയ ബൗളിംഗ് നിയമത്തിന് സാധിക്കും.
അതുകൊണ്ടാണ് ഓസ്ട്രേലിയ ഇത്തരം വിദ്യ കണ്ടുപിടിച്ചത്. ഏറ്റവും പുതിയ നിയമപ്രകാരം 20 ഓവർ പൂർത്തിയാക്കാൻ ഏറ്റവും കൂടുതൽ സമയം 85 മിനിറ്റാണ് ബൗളിംഗ് ടീമിന് അനുവദിച്ചിട്ടുള്ളത്. അതിനുശേഷം സർക്കിളിന് പുറത്ത് ഓരോ പന്തിനും 4 ഫീൽഡർമാരെ മാത്രമേ നിർത്താൻ അനുവദിക്കുകയുള്ളൂ. ഇത് ബാറ്റിംഗ് ടീമിന് അനുകൂലമാവുകയും ചിലപ്പോൾ കളിയുടെ ഗതിമാറാൻ സാധ്യതയുണ്ട്.
വലിയ മൈതാനങ്ങളിൽ ബൗണ്ടറികൾ വഴങ്ങിക്കഴിഞ്ഞാൽ സമയനഷ്ടം ഉണ്ടാകും. അത് ഒഴിവാക്കാനാണ് ഓസ്ട്രേലിയൻ താരങ്ങൾ ബോൾ ബോയ് ആയി രംഗത്തിറങ്ങിയത്. അഞ്ച് വിക്കറ്റുകൾ ലഭിച്ചതിനുശേഷം പിന്നീടുള്ള ഓരോ വിക്കറ്റിങ്ങിനും ബൗളിംഗ് ടീമിന് ഒരു മിനിറ്റ് അലവൻസ് ലഭിക്കും. ഓരോ വിക്കറ്റുകൾ വീഴുന്നതിനനുസരിച്ച് സമയം പുനക്രമീകരിക്കേണ്ടതും മനപ്പൂർവം സമയം നഷ്ടപ്പെടുന്നത് നിയന്ത്രിക്കേണ്ടതും അമ്പയറുടെ ചുമതലയാണ്.