ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പര തിരിച്ചുപിടിക്കും എന്ന വലിയ പ്രതീക്ഷയിലായിരുന്നു ഇന്ത്യയിലേക്ക് വണ്ടി കയറിയത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഓസ്ട്രേലിയൻ ടീം ഇപ്പോൾ എയറിലാണ്. ഇന്ത്യക്ക് മുൻപിൽ ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പരാജയമായിരുന്നു ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. ടെസ്റ്റ് പരമ്പരയിലെ ട്രോഫി ഒരിക്കൽ കൂടെ ഇന്ത്യക്ക് മുന്നിൽ അടിയറവ് വെക്കേണ്ടി വരികയും ചെയ്തു. പുറത്തുവരുന്ന സൂചനകൾ പ്രകാരം ഇനി അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പരയിൽ ഇന്ത്യയുടെ കൂടെ എത്തി പരമ്പര സമനിലയിൽ അവസാനിപ്പിക്കാം എന്ന പ്രതീക്ഷ ഓസ്ട്രേലിയൻ ടീമിന് ഇപ്പോൾ ഇല്ല എന്നതാണ്.
കാരണം പരമ്പരയിൽ അത്ര മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ കൂടെ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ പരാജയപ്പെടുകയാണെങ്കിൽ അത് വലിയ നാണക്കേടാണ് ഉണ്ടാക്കുക. ഇൻഡോറിൽ മാർച്ച് ഒന്നിനാണ് മൂന്നാമത്തെ ടെസ്റ്റ് തുടങ്ങുന്നത്. എന്നാൽ മൂന്നാം മത്സരം തുടങ്ങുന്നതിന് മുൻപ് വ്യത്യസ്ത കാരണങ്ങളാൽ പല താരങ്ങളും നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇതോടെ ക്രിക്കറ്റ് പ്രേമികൾ ചോദിക്കുന്ന ചോദ്യം പരമ്പര തന്നെ റദ്ദാക്കേണ്ടി വരുമോ എന്നതാണ്. വരാനിരിക്കുന്ന നാണക്കേട് ഓർത്ത് ഭയന്നുകൊണ്ട് ഓസ്ട്രേലിയൻ ടീം നാട്ടിലേക്ക് മടങ്ങിയതാണോ എന്നും പരിഹാസത്തോടെ ഇന്ത്യൻ ആരാധകർ ചോദിക്കുന്നുണ്ട്.
നാട്ടിലേക്ക് മടങ്ങിയവരുടെ കൂട്ടത്തിൽ നായകനായ പാറ്റ് കമ്മിൻസുമുണ്ട്. പരമ്പരക്ക് വേണ്ടി ഇന്ത്യയിലേക്ക് വന്ന ടീമിൽ നിന്നും ഇതുവരെ 5 പേർ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. നായകൻ കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയത് കുടുംബപരമായ കാരണങ്ങൾ കൊണ്ടാണെന്നാണ് അറിയുന്നത്. നായകന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് ആയിരിക്കും ഓസ്ട്രേലിയയെ നയിക്കുക. നാട്ടിലേക്ക് മടങ്ങിയ മറ്റ് കളിക്കാർ ഡേവിഡ് വാർണർ, ആഷ്ടൻ ഏഗര്‍, ജോഷ് ഹേസൽവുഡ്, മൈക്കൽ സ്വപ്സൺ എന്നിവരാണ്. ഹേസൽവുഡും വാർണറും പരിക്കിന്റെ പിടിയിൽ ആയതുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയത്. ആഗര്‍ നാട്ടിലേക്ക് തിരികെ പോയത് ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടത് കൊണ്ടാണ്.
ഭാര്യയുടെ പ്രസവത്തെ തുടർന്നാണ് സ്വേപ്സൻ നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലേക്ക് മടങ്ങിയ താരങ്ങൾ കൂടാതെ ഓസ്ട്രേലിയൻ ടീമിൽ ചിലർ പരിക്കിന്റെ പിടിയിലാണ്. പേസറായ കാമറൂൺ ഗ്രീൻ, സ്പിന്നറായ ടോഡ് മർഫി എന്നിവർ പരിക്കേ പിടിയിലാണ്. പരിക്കിന്റെ പിടിയിലായത് കാരണം ആദ്യ രണ്ട് ടെസ്റ്റുകളിലും മിച്ചൽ സ്റ്റാർക്ക് കളിച്ചിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മർഫി പേശിവലിവിനെ തുടർന്നാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്. മൂന്നാമത്തെ ടെസ്റ്റിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. താരം പുറത്തിരുന്നാൽ അത് ഓസ്ട്രേലിയൻ സ്പിൻ ബൗളിംഗ് ഡിപ്പാർട്ട്മെന്റിന് കനത്ത തിരിച്ചടിയാകും. നേരത്തെ എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തലപ്പത്തുള്ള ഓസ്ട്രേലിയയുടെ ഭാഗത്തു നിന്നും ശക്തമായ വെല്ലുവിളി ഇന്ത്യക്ക് നേരിടേണ്ടി വരും എന്നായിരുന്നു. എന്നാൽ രണ്ട് ടെസ്റ്റുകളിലും ഇന്ത്യയ്ക്ക് യാതൊരുവിധ വെല്ലുവിളികളും ഉയർത്താതെ ഓസ്ട്രേലിയ കീഴടങ്ങി. ദയനീയ പ്രകടനമാണ് ഓസ്ട്രേലിയയുടെ ബാറ്റിംഗ് നിര കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചടികളിൽ നിന്നും പാഠം പഠിച്ച് മൂന്നാമത്തെ ടെസ്റ്റിൽ ശക്തമായി തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയൻ ആരാധകർ.