ന്യൂസിലാൻഡിനെതിരായ പരമ്പര അവസാനിച്ചതോടെ ഇന്ത്യൻ ആരാധകർ എല്ലാവരും ഇനി ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് കയറുകയാണ്. ആവേശകരമായ ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പര ഈ മാസം ഒമ്പതിനാണ് തുടങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കേണ്ടതിനാൽ ഇന്ത്യക്ക് ഈ പരമ്പര അതിനിർനായകമാണ്. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
വലിയ തയ്യാറെടുപ്പുകൾ ആണ് ഓസ്ട്രേലിയ പരമ്പരക്കായി നടത്തുന്നത്. ഇന്ത്യയിൽ പരിശീലന മത്സരങ്ങൾ വേണ്ട എന്ന് പറഞ്ഞ ഓസ്ട്രേലിയ സിഡ്നിയിൽ ഇന്ത്യക്ക് സമാനമായ പിച്ച് തയ്യാറാക്കിയാണ് പരിശീലന സെക്ഷനുകൾ നടത്തിയത്. ഓസ്ട്രേലിയൻ സാഹചര്യങ്ങളുടെ പിച്ച് സന്നാഹ മത്സരങ്ങളിൽ ഒരുക്കുകയും യഥാർത്ഥ മത്സരത്തിൽ പിച്ചിൽ സ്പിൻ കുഴികൾ ഒരുക്കുകയും ചെയ്ത് പറ്റിക്കും എന്നാണ് ഓസ്ട്രേലിയ പറഞ്ഞത്. ഇന്ത്യൻ സ്പിന്നർമാരുടെ ബൗളിംഗ് പ്രകടനം ഓസ്ട്രേലിയ സൂക്ഷ്മമായി പഠിക്കുന്നുണ്ട് എന്ന വാർത്തയും പുറത്തുവന്നു.
എല്ലാവരെയും ഈ വാർത്ത പുറത്തു വന്നപ്പോൾ ഞെട്ടിച്ചത് ഓസ്ട്രേലിയ പ്രധാനമായും ശ്രദ്ധിക്കുന്നത് ഇന്ത്യയുടെ നമ്പർ വൺ സ്പിന്നർമാരായ രവീന്ദ്ര ജഡേജയുടെയോ അശ്വിന്റെയോ ബൗളിംഗ് അല്ല എന്നതാണ്. ഓസ്ട്രേലിയ ഗൃഹപാടം ചെയ്യുന്നത് സ്പിൻ ഓൾറൗണ്ടറായ അക്സർ പട്ടേലിന്റെ ബൗളിംഗ് ആണെന്നാണ് അറിയുന്നത്. ഓസ്ട്രേലിയ താരത്തെ അപകടകാരിയാണെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. ഇതിനോടകം 47 വിക്കറ്റുകൾ 8 മത്സരങ്ങളിൽ നിന്നും താരം നേടിക്കഴിഞ്ഞു. 249 റൺസാണ് ഒരു അർദ്ധ സെഞ്ച്വറി അടക്കം താരം ബാറ്റിങ്ങിലൂടെ നേടിയിട്ടുള്ളത്. അതേസമയം ഇന്ത്യക്ക് പരമ്പര വിജയിക്കേണ്ടത് അനിവാര്യമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കണമെങ്കിൽ പരമ്പര ചുരുങ്ങിയത് 3-1 ന് എങ്കിലും വിജയിക്കണം.