ഓസ്ട്രേലിയ നശിപ്പിച്ചത് ക്രിക്കറ്റിന്റെ മാന്യത.. റൺഔട്ട്‌ വിവാദത്തിൽ വിമർശനവുമായി സ്റ്റോക്സും മക്കല്ലവും.

ഒരുപാട് വിവാദ സംഭവങ്ങളോട് കൂടിയായിരുന്നു ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അവസാനിച്ചത്. മത്സരത്തിൽ ജോണി ബെയർസ്റ്റോ പുറത്തായ രീതിയെ സംബന്ധിച്ച് വലിയ രീതിയിൽ വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. മത്സരത്തിൽ ഒരു ബൗൺസർ നേരിട്ട ശേഷം എതിർ ക്രീസിൽ നിന്ന സ്റ്റോക്സിന്റെ അടുത്തേക്ക് ബെയർസ്റ്റോ നടക്കുകയായിരുന്നു. ഈ സമയത്ത് ഓസ്ട്രേലിയൻ കീപ്പർ കെയറി തന്റെ കയ്യിലിരുന്ന ബോൾ സ്റ്റമ്പിലേക്ക് വലിച്ചെറിയുകയുണ്ടായി. ബെയർസ്റ്റോ ഒരു നിമിഷം അത്ഭുതപ്പെട്ടു. കാരണം ഇത്തരത്തിൽ സാധാരണഗതിയിൽ ബാറ്റർമാരെ പുറത്താക്കാറില്ല. എന്നാൽ താൻ ക്രീസ് വിട്ടുറങ്ങുന്നതിന്റെ സൂചനകൾ കീപ്പർക്കോ സ്ലിപ്പിൽ നിന്ന ഫീൽഡർക്കോ ബെയർസ്റ്റോ നൽകിയില്ല എന്നാണ് റിപ്ലൈയിൽ തെളിഞ്ഞത്. ഇതോടുകൂടി അമ്പയർ ഔട്ട് വിധിക്കുകയുണ്ടായി. ഇതിനെതിരെ ഇംഗ്ലണ്ടിന്റെ കോച്ച് ബ്രണ്ടൻ മക്കല്ലവും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും രംഗത്തെത്തിയിരുന്നു.

അമ്പയർ ‘ഓവർ’ വിളിച്ചു എന്ന് തെറ്റിദ്ധാരണയിലാണ് ബെയർസ്റ്റോ ക്രീസിന് പുറത്തേക്കിറങ്ങുന്നതെന്നും, അതിനാൽ തന്നെ ഓസ്ട്രേലിയ ചെയ്തത് ശരിയായില്ല എന്നുമാണ് സ്റ്റോക്സും മക്കല്ലവും പറഞ്ഞത്. “ഇത്തരത്തിൽ വിജയം സ്വന്തമാക്കാൻ ഞാൻ ശ്രമിക്കുമായിരുന്നോ? എന്റെ കാര്യമെടുത്താൽ ഇത്തരത്തിൽ ഒരിക്കലും വിജയം സ്വന്തമാക്കാൻ ഞാൻ ശ്രമിക്കില്ല”- ഇംഗ്ലണ്ടിന്റെ നായകൻ ബെൻ സ്റ്റോക്സ് മത്സരശേഷം പറഞ്ഞത് ഇങ്ങനെയാണ്. ഇതിനൊപ്പം ഓസ്ട്രേലിയ മത്സരത്തിൽ ഇല്ലാതാക്കിയത് ക്രിക്കറ്റിന്റെ സ്പിരിറ്റാണ് എന്ന് മക്കല്ലവും പറയുകയുണ്ടായി.

“ഇത് കൂടുതലായും ക്രിക്കറ്റിന്റെ സ്പിരിറ്റിനെ സംബന്ധിച്ച കാര്യമാണ്. നമ്മൾ കൂടുതൽ വലുതാവുമ്പോൾ നമ്മുടെ പക്വതയും വർദ്ധിക്കും. അങ്ങനെ നമ്മൾ മത്സരത്തെ മനസ്സിലാക്കേണ്ടതുണ്ട്. ആ സമയത്ത് നമ്മൾ നമ്മുടെ സ്പിരിറ്റിനെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കണം. കൃത്യമായ സാഹചര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ നമുക്ക് സാധിക്കണം. അല്ലാത്തപക്ഷം അത് മത്സരത്തിനെയും ഒപ്പം ടീമിലെ ആളുകളുടെ സ്വഭാവത്തെയും ബാധിക്കുക തന്നെ ചെയ്യും.”- മക്കല്ലം പറയുന്നു.

“നിയമപ്രകാരം ജോണി ബെയർസ്റ്റോ മത്സരത്തിൽ ഔട്ടാണ്. പക്ഷേ അയാൾ ആ സമയത്ത് റൺ നേടാൻ ശ്രമിക്കുകയായിരുന്നില്ല. അയാൾ വിചാരിച്ചത് അമ്പയർ ഓവർ വിളിച്ചു എന്നാണ്. അതിനാൽ തന്നെ വളരെ പ്രയാസമേറിയ ഒരു സാഹചര്യം തന്നെയാണ് ഇത്. പക്ഷേ ഇത്തരമൊരു കാര്യത്തിൽ ഓസ്ട്രേലിയ ഈ നിലപാടെടുത്തത് എന്നെ നിരാശനാക്കി.”- മക്കല്ലം പറയുന്നു. എന്തായാലും മത്സരത്തിന്റെ അഞ്ചാം ദിവസം വലിയ വിവാദങ്ങൾക്കാണ് ഈ സംഭവം വഴിവച്ചത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പേര് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്ന ഒരു വിവാദമാണിത്.

Previous articleബംഗ്ലാദേശിനെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം ടീമില്‍
Next articleഅത് ഓസ്ട്രേലിയയുടെ സ്മാർട്ട്നസ്. ക്രൂശിച്ചിട്ട് കാര്യമില്ല. വിവാദ റൺഔട്ടിൽ ഓസീസിനെ പിന്തുണച്ച് അശ്വിൻ.