5 വിക്കറ്റുമായി ജസ്പ്രീത് ബുംറ. ഓസീസ് 104 റൺസിന് പുറത്ത്. ഇന്ത്യയ്ക്ക് ലീഡ്.

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ടീമിനെ എറിഞ്ഞു മലർത്തി ഇന്ത്യയുടെ പേസ് ബാറ്ററികൾ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 റൺസായിരുന്നു സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ആദ്യ ഇന്നിംഗ്സിൽ കേവലം 104 റൺസിന് ഓസ്ട്രേലിയയെ പുറത്താക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു.

5 വിക്കറ്റുകൾ സ്വന്തമാക്കിയ ജസ്പ്രീത് ബുമ്രയാണ് സംഹാരത്തിന് നേതൃത്വം വഹിച്ചത്. ഹർഷിദ് റാണയും മുഹമ്മദ് സിറാജും മികച്ച പിന്തുണയാണ് ബുമ്രയ്ക്ക്  നൽകിയത്. ഇതോടെ ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ 46 റൺസിന്റെ ലീഡും ലഭിക്കുകയുണ്ടായി.

ഓസ്ട്രേലിയൻ ഇന്നിംഗ്സിൽ വിക്കറ്റ്വേട്ടക്ക് തുടക്കം കുറിച്ചത് ബുംറ തന്നെയായിരുന്നു. 150 എന്ന ഇന്ത്യയുടെ ചെറിയ സ്കോർ അതിവേഗം മറികടക്കാൻ ക്രീസിലെത്തിയ ഓസ്ട്രേലിയയുടെ യുവ ഓപ്പണർ മക്സീനിയെ ബുമ്ര തുടക്കത്തിൽ തന്നെ വീഴ്ത്തി  ശേഷം ഉസ്മാൻ ഖവാജയെയും സ്റ്റീവ് സ്മിത്തിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ബുമ്ര വീര്യം കാട്ടുകയായിരുന്നു. ഇതിന് പിന്നാലെ റാണ ട്രാവിസ് ഹെഡിന്റെ കുറ്റി പിഴുതെറിഞ്ഞത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകി. തൊട്ടുപിന്നാലെ സിറാജും തന്റെ റേഞ്ചിലേക്ക് എത്തിയതോടെ ഓസ്ട്രേലിയ വിയർക്കുന്നതാണ് കാണാൻ സാധിച്ചത്. കേവലം 38 റൺസ് സ്വന്തമാക്കുന്നതിനിടെ ഓസ്ട്രേലിയക്ക് തങ്ങളുടെ 5 വിക്കറ്റുകൾ നഷ്ടമായിരുന്നു.

ശേഷം അലക്സ് കെയറി മാത്രമാണ് ഓസ്ട്രേലിയക്കായി അല്പസമയം ക്രീസിൽ ഉറച്ചത്. ഇന്ത്യൻ പേസർമാരെ കരുതലോടെ നേരിടാൻ കെയറിയ്ക്ക് സാധിച്ചു. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 67 റൺസിന് 7 വിക്കറ്റ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. രണ്ടാം ദിവസത്തെ തന്റെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ കെയറിയെ കൂടാരം കയറ്റാൻ ബുമ്രയ്ക്ക് സാധിച്ചു. ഇതോടെ ബൂമ്ര മത്സരത്തിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുകയായിരുന്നു. പിന്നാലെ ഹർഷിത് റാണയും കളം നിറഞ്ഞതോടെ ഇന്ത്യ ലീഡ് സ്വന്തമാക്കുമെന്ന് വ്യക്തമായി.

എന്നാൽ അവസാന വിക്കറ്റിൽ മിച്ചൽ സ്റ്റാർക്ക് തകർപ്പൻ പോരാട്ടവീര്യമാണ് മുൻപിലേക്ക് വെച്ചത്. 26 റൺസ് നേടിയ സ്റ്റാർക്ക് ഓസ്ട്രേലിയൻ നിരയിലെ ടോപ് സ്കോററായി മാറി. ഇന്നിങ്സിൽ കൂട്ടായ ബോളിംഗ് പ്രകടനമാണ് മത്സരത്തിൽ ഇതുവരെ ഇന്ത്യയെ മുന്നിലെത്തിച്ചിട്ടുള്ളത്. എന്നിരുന്നാലും ബാറ്റിംഗ് ഇന്നിങ്സിലെ മോശം പ്രകടനം ഇന്ത്യയെ അലട്ടിയിരുന്നു. ഇന്ത്യയ്ക്കായി 29 റൺസ് മാത്രം വിട്ടുനൽകിയാണ് നായകൻ ബൂമ്ര 5 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കിയത്. ഹർഷിദ് റാണ 3ഉം മുഹമ്മദ് സിറാജ് 2ഉം വിക്കറ്റുകളാണ് ഇന്നിംഗ്സിൽ നേടിയത്. ആദ്യ ഇന്നിങ്സിൽ 46 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇത് മുതലാക്കി രണ്ടാം ഇന്നിങ്സിൽ ഒരു കൂറ്റൻ സ്കോർ കെട്ടിപൊക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം

Previous article“കോഹ്ലി പുറത്താവാൻ കാരണം ആ പിഴവാണ് “, ചേതേശ്വർ പൂജാര പറയുന്നു.
Next articleക്ഷമയോട് ബാറ്റ് ചെയ്ത് ഇന്ത്യൻ ഓപ്പണർമാർ. പെർത്തിൽ രണ്ടാം ദിനം ഇന്ത്യയുടെ സർവ്വധിപത്യം.