ഒന്നാം ടെസ്റ്റിലെ ദയനീയ പരാജയത്തിന് ശേഷം ടീമിൽ വമ്പൻ അഴിച്ചുപണിയുമായി ഓസ്ട്രേലിയ. നാഗപൂരിൽ ഇന്ത്യയോട് ഇന്നിങ്സിനും 132 റൺസിനും പരാജയം ഏറ്റുവാങ്ങിയതിനുശേഷമാണ് ഓസീസ് ടീമിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. സ്പിന്നർ മാത്യു കൂനെമാനെയാണ് ഓസ്ട്രേലിയ പുതുതായി തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 17ന് ഡൽഹിയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ തങ്ങളുടെ സ്പിൻ വിഭാഗം മെച്ചപ്പെടുത്താനാണ് ഓസീസ് ഈ നീക്കത്തിന് ഒരുങ്ങുന്നത്.
സ്പിന്നർ മൈക്കിൾ സ്വെപ്സനു പകരമാണ് ഓസീസ് കൂനെമാനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ കുട്ടിയുടെ ജനനത്തിന്റെ സാഹചര്യത്തിൽ സെപ്സൺ ഓസ്ട്രേലിയയിലേക്ക് തിരിച്ചിരിക്കുകയാണ്. കൂനെമാന് പുറമെ പരിക്കിലായിരുന്ന ഓൾറൗണ്ടർ ക്യാമറോൺ ഗ്രീനും ഓസീസ് നിരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
തന്റെ വിരലിനേറ്റ പരിക്കിൽ നിന്ന് മോചിതനായി കൊണ്ടിരിക്കുന്ന ഗ്രീൻ രണ്ടാം ടെസ്റ്റിൽ കളിക്കുമെന്ന പ്രതീക്ഷയിലാണ് ഓസിസ്. അങ്ങനെ ഗ്രീൻ ടീമിൽ അണിനിരക്കുകയാണെങ്കിൽ, ലയണിനും മർഫിക്കും ഒപ്പം കൂനെമാനെയും ടീമിൽ ഉൾപ്പെടുത്താൻ കങ്കാരുകൾക്ക് സാധിക്കും.
ഇവർക്കൊപ്പം പേസർ മിച്ചൽ സ്റ്റാർക്കും അടുത്ത മത്സരത്തിൽ സ്ക്വാഡിനൊപ്പം ചേരുമെന്നാണ് നായകൻ പാറ്റ് കമ്മിൻസ് അറിയിച്ചിരിക്കുന്നത്. വിരലിനെറ്റ പരുക്കമൂലം സ്റ്റാർക്ക് നാഗപൂരിലെ ടെസ്റ്റിൽ കളിച്ചിരുന്നില്ല. എന്നിരുന്നാലും പേസർ ഹേസൽവുഡ് അടുത്ത മത്സരത്തിനും ടീമിനൊപ്പം ഉണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്തായാലും ആദ്യ മത്സരത്തിലെ ദയനീയ പരാജയത്തിന് ശേഷം ഒരു വമ്പൻ തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിൽ തന്നെയാണ് ഓസ്ട്രേലിയ. അതിന്റെ സൂചനകളാണ് ടീമിൽ വരുത്തിയിരിക്കുന്ന ഈ മാറ്റങ്ങൾ. ഡൽഹിയിലെ പിച്ചും സ്പിന്നിനെ അനുകൂലിക്കും എന്നതിനാൽ കൂനെമാൻ അടുത്ത മത്സരത്തിൽ നിർണായ പങ്കുവഹിച്ചേക്കാം.