“ആക്രമണമാണ് ഞങ്ങളുടെ ലക്ഷ്യം, മഴയും ഞങ്ങളെ സഹായിച്ചു”, വിജയത്തെപറ്റി സൂര്യകുമാർ യാദവ്.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 7 വിക്കറ്റുകളുടെ ഉഗ്രൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറുകളിൽ 161 റൺസ് സ്വന്തമാക്കുകയുണ്ടായി. കുശാൽ പെരേരയുടെ അർത്ഥ സെഞ്ച്വറിയാണ് ശ്രീലങ്കയെ ഈ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

ഇന്ത്യയുടെ മറുപടി ബാറ്റിംഗ് സമയത്ത് മഴയെത്തിയത് വലിയ രീതിയിൽ മത്സരത്തെ ബാധിച്ചു. മത്സരം 8 ഓവറുകളാക്കി ചുരുക്കുകയുണ്ടായി. 8 ഓവറുകളിൽ 78 റൺസ് ആയിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഓപ്പണർ ജയസ്‌വാൾ, നായകൻ സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ എന്നിവർ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതോടെ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലെ വിജയത്തെപ്പറ്റി സൂര്യകുമാർ സംസാരിക്കുകയുണ്ടായി.

മത്സരത്തിലെ വിജയത്തിൽ അങ്ങേയറ്റം സന്തോഷമാണുള്ളത് എന്ന് സൂര്യകുമാർ പറഞ്ഞു. സഹതാരങ്ങളുടെ പ്രകടനത്തിലും അങ്ങേയറ്റം ആഹ്ലാദമുണ്ട് എന്ന് സൂര്യകുമാർ കൂട്ടിച്ചേർക്കുകയുണ്ടായി. മാത്രമല്ല പരമ്പരയ്ക്ക് മുൻപു തന്നെ ഇത്തരത്തിൽ ആക്രമണ മനോഭാവത്തോടെ കളിക്കാനാണ് തങ്ങൾ തയ്യാറായത് എന്ന് സൂര്യകുമാർ പറയുന്നു. ഇനി മുന്നോട്ട് പോകുമ്പോഴും ഈ മനോഭാവം വച്ചുപുലർത്താനാണ് തങ്ങൾക്ക് താല്പര്യമെന്നും സൂര്യ കൂട്ടിച്ചേർത്തു. മത്സരത്തിനിടെ മഴയെത്തിയത് തങ്ങൾക്ക് സഹായകരമായി മാറി എന്നും ഇന്ത്യൻ നായകൻ പറയുകയുണ്ടായി.

“ടൂർണമെന്റിന്റെ ആരംഭത്തിന് മുമ്പുതന്നെ ഞങ്ങൾ ഇത്തരം കാര്യങ്ങൾ സംസാരിച്ചിരുന്നു. ഏതുതരത്തിലുള്ള ക്രിക്കറ്റാണ് കളിക്കേണ്ടത് എന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു. ഈ ആക്രമണ മനോഭാവത്തോടെ തന്നെ മുൻപിലേക്ക് പോകാനാണ് ഞങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്. ഇത്തരമൊരു കാലാവസ്ഥയിൽ 160ന് താഴെയുള്ള ഏത് സ്കോറും ഞങ്ങളെ സംബന്ധിച്ച് ഗുണം ചെയ്യുമായിരുന്നു. മത്സരത്തിൽ മഴ ഞങ്ങളെ സഹായിച്ചു.”

” മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ ബാറ്റ് ചെയ്ത രീതി അതിമനോഹരം ആയിരുന്നു. അവസാന മത്സരത്തിൽ കൂടുതൽ താരങ്ങൾക്ക് അവസരം നൽകുമോ എന്ന കാര്യം ഞങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ല. എന്തായാലും താരങ്ങളുടെ പ്രകടനത്തിൽ സന്തോഷമുണ്ട്. പ്രയാസകരമായ സാഹചര്യത്തിലും മികവ് പുലർത്താൻ അവർക്ക് സാധിക്കുന്നുണ്ട്.”- സൂര്യകുമാർ പറഞ്ഞു.

മത്സരത്തിലെ പരാജയം തനിക്ക് വലിയ നിരാശയുണ്ടാക്കിയെന്നാണ് ശ്രീലങ്കൻ നായകൻ അസലങ്ക പറഞ്ഞത്. അവസാന ഓവറുകളിൽ വേണ്ട രീതിയിൽ ബാറ്റിംഗിൽ മികവ് പുലർത്താൻ തങ്ങൾക്ക് സാധിച്ചില്ല എന്ന് അസലങ്ക തുറന്നു സമ്മതിക്കുന്നു. ഈ പിച്ചിൽ ബോൾ പഴയതാവുന്നതോടെ ബാറ്റിംഗ് പ്രയാസകരമായി മാറുന്നുണ്ട് എന്ന് അസലങ്ക കൂട്ടിച്ചേർത്തു.

പ്രൊഫഷണൽ ക്രിക്കറ്റർമാർ എന്ന നിലയിൽ അത് മനസ്സിലാക്കി മുൻപോട്ടു പോകാൻ തങ്ങൾക്ക് സാധിച്ചില്ലയെന്നും താരം പറഞ്ഞു. ബാറ്റിംഗ് സമയത്ത് തങ്ങൾ 15-18 റൺസിന് പിന്നിലായിരുന്നു എന്നാണ് അസലങ്ക പറയുന്നത്. കാലാവസ്ഥയും മത്സരത്തിൽ ഒരു പ്രധാന ഘടകമായി മാറിയെന്ന് ശ്രീലങ്കൻ നായകൻ പറഞ്ഞുവയ്ക്കുന്നു.

Previous articleരണ്ടാം മത്സരവും ഇന്ത്യ അനായാസം സ്വന്തമാക്കി. പരമ്പര സ്വന്തം.
Next articleജയസ്വാളിന് വമ്പൻ റെക്കോർഡ്. 2024ൽ ഇത് നേടുന്ന ആദ്യ താരം.