ലജൻസ് ലീഗ് ക്രിക്കറ്റിലെ നാലാം മത്സരത്തിൽ ഒരു തകർപ്പൻ വിജയം പേരിൽ ചേർത്ത് ഇന്ത്യ മഹാരാജാസ് ടീം. ഗൗതം ഗംഭീറിന്റെയും റോബിൻ ഉത്തപ്പയുടെയും മികവാർന്ന ബാറ്റിംഗിന്റെ ബലത്തിൽ 10 വിക്കറ്റുകൾക്കാണ് ഇന്ത്യ മഹാരാജാസ് വിജയം കണ്ടത്. ഇത്തവണത്തെ ലെജൻഡ്സ് ലീഗിലെ തങ്ങളുടെ ആദ്യ വിജയമാണ് ഇന്ത്യ മഹാരാജാസ് ഏഷ്യൻ ലയൺസിനെതിരെ നേടിയിരിക്കുന്നത്. പൂർണമായും ഇന്ത്യൻ ആധിപത്യം തന്നെയായിരുന്നു മത്സരത്തിൽ കണ്ടത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ മഹാരാജാസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ ഓവറുകളിൽ ഉപുൾ തരംഗയും ദിൽഷനും ഏഷ്യയ്ക്കായി അടിച്ചുതകർത്തു. തരംഗ മത്സരത്തിൽ 48 പന്തുകളിൽ 7 ബൗണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെ 69 റൺസ് ആണ് നേടിയത്. എന്നാൽ ഇരുവർക്കും ശേഷം ക്രീസിലെത്തിയ ഹഫീസിനെയും(2) മിസ്ബായെയും(0) പിടിച്ചു കെട്ടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. അവസാന ഓവറുകളിൽ അബ്ദുൽ റസാക്ക്(22) മാത്രമാണ് ഏഷ്യാക്കായി പൊരുതിയത്. അങ്ങനെ ഏഷ്യയുടെ സ്കോർ 157 റൺസിൽ ഒതുങ്ങുകയായിരുന്നു. ഇന്ത്യയ്ക്കായി റെയ്ന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ കാണാൻ സാധിച്ചത് ഇന്ത്യൻ ഓപ്പണിങ് ജോഡിയുടെ ഒരു താണ്ഡവം ആയിരുന്നു. റോബിൻ ഉത്തപ്പയും ഗൗതം ഗംഭീറും ഏഷ്യൻ ബോളന്മാർക്ക് മുൻപിൽ നിറഞ്ഞാടി. തങ്ങളുടെ പ്രതാപ കാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ബൗണ്ടറികൾ നേടാൻ ഇരുവർക്കും സാധിച്ചു. റോബിൻ ഉത്തപ്പ മത്സരത്തിൽ 39 പന്തുകളിൽ 11 ബൗണ്ടറികളുടെയും 5 സിക്സറുകളുടെയും അകമ്പടിയോടെ 88 റൺസ് നേടുകയുണ്ടായി. ഗംഭീർ 36 പന്തുകളിൽ നിന്ന് 66 റൺസ് നേടി ഉത്തപ്പയ്ക്ക് പിന്തുണ നൽകി. ഇങ്ങനെ 10 വിക്കറ്റുകളുടെ മിന്നും വിജയമായിരുന്നു ഇന്ത്യ മത്സരത്തിൽ നേടിയത്.
ടൂർണമെന്റിലെ ഇന്ത്യ മഹാരാജാസിന്റെ ആദ്യ വിജയമാണ് മത്സരത്തിൽ പിറന്നത്. കേവലം ഒരു മത്സരം മാത്രമാണ് ഇന്ത്യ മഹാരാജാസ് ടൂർണമെന്റിൽ അവശേഷിക്കുന്നത്. ആ മത്സരത്തിൽ വിജയം നേടിയാൽ മാത്രമേ ഇന്ത്യക്ക് ഫൈനലിന്റെ പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ.