ഉറക്കെ വിളിച്ചോളൂ – ‘ദ് ഫിനിഷർ’.. ഏഷ്യൻ ഗെയിംസിൽ റിങ്കു സിംഗിന്റെ മാസ്റ്റർ ഫിനിഷിങ്.

കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20 ക്രിക്കറ്റിൽ വളരെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് റിങ്കു സിംഗ്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലൂടെയായിരുന്നു റിങ്കു സിങ് വലിയ രീതിയിൽ ലോക ക്രിക്കറ്റിന്റെ ശ്രദ്ധയാകർഷിച്ചത്. ടൂർണമെന്റിലെ ഗുജറാത്തിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ 29 റൺസ് വേണമെന്നിരിക്കെ 5 സിക്സറുകൾ പറത്തി റിങ്കു സിംഗ് ഹീറോയായി മാറുകയായിരുന്നു. ശേഷം പല മത്സരങ്ങളിലും സീസണിൽ റിങ്കു തിളങ്ങുകയുണ്ടായി. അതിന്റെ ബാക്കി പത്രമാണ് ഏഷ്യൻ ഗെയിംസിൽ റിങ്കു പുറത്തെടുക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ നേപ്പാളിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒരു അവിസ്മരണീയ ബാറ്റിംഗ് പ്രകടനമാണ് റിങ്കു കാഴ്ചവെച്ചത്.

എന്തുകൊണ്ടും ഫിനിഷർ എന്ന പേര് തനിക്ക് അങ്ങേയറ്റം ചേരുന്നതാണ് എന്നാണ് മത്സരത്തിലൂടെ റിങ്കു കാട്ടിത്തന്നത്. നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഒരു സ്വപ്നതുല്യമായ തുടക്കമായിരുന്നു ലഭിച്ചത്. ഇന്ത്യൻ ഓപ്പൺ ജയസ്‌വാൾ ആദ്യ ബോൾ മുതൽ നേപ്പാൾ ടീമിനെ ആക്രമിച്ചു. എന്നാൽ കൃത്യമായ സമയങ്ങളിൽ വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടി സൃഷ്ടിച്ചു. തുടരെ 4 വിക്കറ്റുകൾ നഷ്ടമായി മധ്യനിര സമ്മർദ്ദത്തിൽ നിൽക്കുമ്പോഴാണ് റിങ്കു ക്രീസിലെത്തിയത്. ക്രീസിലെത്തിയ ആദ്യ ബോൾ മുതൽ വളരെ പക്വതയോടെ ബാറ്റ് വീശുന്ന റിങ്കു സിങ്ങിനെയാണ് കാണാൻ സാധിച്ചത്. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും ബൗണ്ടറി നേടാൻ മത്സരത്തിൽ റിങ്കുവിന് സാധിച്ചു.

മാത്രമല്ല ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ റിങ്കു ഒരു കാട്ടുതീയായി മാറി. അവസാന ഓവറിൽ 3 സിക്സറുകളാണ് റിങ്കു സിങ് നേടിയത്. 23 റൺസ് ഓവറിൽ സ്വന്തമാക്കാൻ റിങ്കുവിന് സാധിച്ചു. മാത്രമല്ല ശിവം ദുബെയ്ക്കൊപ്പം ചേർന്ന് ഇന്ത്യയുടെ സ്കോർ 200 റൺസ് കടത്താനും റിങ്കുവിനു മത്സരത്തിൽ സാധിച്ചു. മത്സരത്തിൽ 15 പന്തുകൾ നേരിട്ട് 37 റൺസാണ് റിങ്കു നേടിയത്. 2 ബൗണ്ടറികളും 4 പടുകൂറ്റൻ സിക്സറുകളും റിങ്കുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. എന്തുകൊണ്ടാണ് ഇന്ത്യ റിങ്കുവിനെ ഒരു ഫിനിഷറായി കാണുന്നത് എന്നതിനുള്ള വലിയ ഉത്തരമാണ് മത്സരത്തിൽ നിന്ന് ലഭിക്കുന്നത്. ഇനിയുള്ള ഇന്ത്യയുടെ മത്സരങ്ങളിലും റിങ്കുവിന്റെ പ്രകടനം ഇന്ത്യയ്ക്ക് വളരെ നിർണായകമാണ്. മറ്റു ബാറ്റർമാർക്ക് കാലിടറുന്ന സമയങ്ങളിലൊക്കെയും റിങ്കു ഹീറോ പരിവേഷം പണിയുന്നുണ്ട്.

മത്സരത്തിൽ ഇന്ത്യക്കായി ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ഓപ്പണർ ജയിസ്വാൾ കാഴ്ചവച്ചത്. 48 പന്തുകളിൽ നിന്നായിരുന്നു മത്സരത്തിൽ ജയിസ്വാൾ സെഞ്ച്വറി നേടിയത്. തന്റെ ട്വന്റി20 അന്താരാഷ്ട്ര കരിയറിലെ ആദ്യ സെഞ്ച്വറിയാണ് ജയിസ്വാൾ നേടിയത്. ഇന്നിംഗ്സിൽ 8 ബൗണ്ടറികളും 7 സിക്സറുകളുമാണ് ഉൾപ്പെട്ടത്. റിങ്കുവിന്റെയും ജയസ്വാളിന്റെയും തകർപ്പൻ ബാറ്റിംഗിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 202 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മികച്ച തുടക്കം തന്നെയാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

Previous articleആളിക്കത്തി ജെയ്സ്വാൾ, കാട്ടുതീയായി റിങ്കു സിംഗ്. നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 202 റൺസ്.
Next articleബാറ്റിംഗിൽ ജയിസ്വാൾ-റിങ്കു, ബോളിങ്ങിൽ ബിഷണോയി-ആവേഷ്. നേപ്പാളിനെ വീഴ്ത്തി ഇന്ത്യൻ യുവനിര സെമിയിൽ.