അന്ന് റോഫിനെതിരെ, ഇന്ന് നസീം ഷായ്‌ക്കെതിരെ. വീണ്ടും വിരാടിന്റെ അമാനുഷിക ഷോട്ട്. വൈറൽ വീഡിയോ.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ഇന്നിംഗ്സ് ആയിരുന്നു 2022 ട്വന്റി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിൽ പൂർണ്ണമായും പരാജയത്തിനടുത്ത് നിന്ന ഇന്ത്യയെ കൈപിടിച്ചു കയറ്റി വിജയത്തിലെത്തിക്കുകയാണ് കോഹ്ലി ചെയ്തത്. മത്സരത്തിന്റെ 19 ആം ഓവറിൽ ഹാരിസ് റോഫിനെതിരെ കോഹ്ലി നേടിയ ഒരു പടുകൂറ്റൻ സിക്സറായിരുന്നു അന്ന് ഹൈലൈറ്റായത്.

ബാക്ക്ഫുട്ടിൽ നിന്ന് കോഹ്ലി നേടിയ ആ സിക്സർ പിന്നീട് പലപ്പോഴും ചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ഒരു ബാറ്റർക്ക് അത്രമാത്രം പവർ ബാക്ഫുട്ടിൽ നിന്ന് ജനറേറ്റ് ചെയ്യാൻ സാധിക്കുക എന്നതായിരുന്നു അന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത്. ഇപ്പോൾ പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് മത്സരത്തിലും ഇതിന് സമാനമായ രീതിയിൽ മറ്റൊരു പടുകൂറ്റൻ സിക്സർ വിരാട് കോഹ്ലി നേടിയിരിക്കുകയാണ്.

2022 ട്വന്റി20 ലോകകപ്പിൽ ഹാരിസ് റോഫിനെതിരെയാണ് കോഹ്ലി ഈ അത്യുഗ്രൻ സിക്സർ പറത്തിയതെങ്കിൽ, ഇത്തവണ മറ്റൊരു ബോളർക്കെതിരെയാണ്. മത്സരത്തിനിടെ പരിക്കേറ്റത് മൂലം ഹാരിസ് റോഫ് പിന്നീട് പന്തെറിഞ്ഞില്ലാ. അതിനാൽ ഇത്തവണ നസീം ഷായ്ക്കെതിരെയാണ് കോഹ്ലി ഈ തകർപ്പൻ സിക്സർ പറത്തിയത്. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ 47ആം ഓവറിലാണ് കോഹ്ലിയുടെ ഈ അമാനുഷിക ഷോട്ട് പിറന്നത്.

ട്വന്റി20 ലോകകപ്പിലെതിന് സമാനമായ രീതിയിൽ ബാക് ഫുട്ടിലേക്കിറങ്ങിയ കോഹ്ലി നസീം ഷായെ ലോങ് ഓണിന് മുകളിലൂടെ സിക്സർ പറത്തുകയായിരുന്നു. ഈ തകർപ്പൻ ഷോട്ടിന് ശേഷം ഉടൻ തന്നെ ഈ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയുണ്ടായി.

മത്സരത്തിൽ ഒരു അവിശ്വസനീയ ഇന്നിംഗ്സ് തന്നെയായിരുന്നു വിരാട് കോഹ്ലി കാഴ്ചവച്ചത്. മൂന്നാമനായി ഇന്ത്യക്കായി ക്രീസിലെത്തിയ കോഹ്ലി വിമർശകരുടെ വായടപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. തന്റെ ഏകദിന കരിയറിലെ 47ആം സെഞ്ചുറിയാണ് കോഹ്ലി മത്സരത്തിൽ നേടിയത്. മത്സരത്തിൽ 94 പന്തുകൾ നേരിട്ട കോഹ്ലി 122 റൺസാണ് നേടിയത്. 9 ബൗണ്ടറികളും മൂന്നു പടുകൂറ്റൻ സിക്സറുകളും കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. കോഹ്ലിക്കൊപ്പം രാഹുലും ഇന്ത്യക്കായി സെഞ്ച്വറി നേടുകയുണ്ടായി. 106 പന്തുകൾ നേരിട്ട രാഹുൽ 111 റൺസാണ് മത്സരത്തിൽ നേടിയത്.

F5vyMcwbkAATCoB

ഈ മികവിൽ 356 എന്ന പടുകൂറ്റൻ സ്കോറിൽ ഫിനിഷ് ചെയ്യാൻ ഇന്ത്യയ്ക്ക് സാധിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനെ ചുരുട്ടി കെട്ടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചതോടെ മത്സരത്തിൽ ഇന്ത്യ അനായാസം വിജയത്തിൽ എത്തുകയായിരുന്നു. ഇന്ത്യൻ ടീമിന്റെ ഏകദിനത്തിലെ ശക്തി വിളിച്ചോതുന്ന മത്സരം തന്നെയാണ് കൊളംബോയിൽ നടന്നത് ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണ്ണ ആധിപത്യം സ്ഥാപിച്ചു കൊണ്ടുള്ള ഇന്ത്യൻ വിജയം പാക്കിസ്ഥാന് ഏറ്റവും വലിയ തിരിച്ചടി തന്നെയാണ്.