ഇന്ത്യയെ സ്പിൻ കുരുക്കിൽ വീഴ്ത്തി ലങ്ക. അതേ നാണയത്തിൽ തിരിച്ചടിയ്ക്കാനൊരുങ്ങി ഇന്ത്യ.

dinith wallega

ശ്രീലങ്കയ്ക്കെതിരായ ഏഷ്യാകപ്പ് സൂപ്പർ 4 മത്സരത്തിൽ സ്പിൻ കുരുക്കിൽ പെട്ട് ഇന്ത്യ. കൊളംബോയിലെ സ്പിന്നിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ നന്നെ വിഷമിക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ഇന്നിങ്സിന് മികച്ച ഒരു തുടക്കം ലഭിച്ചിട്ടും 213 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്. പാക്കിസ്ഥാനെതിരെ ഒരു ഉഗ്രൻ വിജയത്തിന് ശേഷം മൈതാനത്തിറങ്ങുന്ന ഇന്ത്യയെ സംബന്ധിച്ച് നിരാശാജനകമായ പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ചവച്ചിരിക്കുന്നത്. നിർണായക മത്സരമായതിനാൽ തന്നെ ഏതു വിധേനയും ബോളിങ്ങിൽ തിരികെയെത്തുക എന്നത് മാത്രമാണ് ഇന്ത്യയ്ക്ക് മുൻപിലുള്ള ഏക വഴി.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയാണ് രോഹിത് ശർമയും ഗില്ലും നൽകിയത്. പാകിസ്ഥാനെതിരായ മത്സരത്തിന് സമാനമായ രീതിയിൽ ആക്രമിച്ചു തന്നെയാണ് ഇരുവരും ആദ്യ 10 ഓവറുകളിൽ ബാറ്റ് വീശിയത്. ആദ്യ വിക്കറ്റിൽ 80 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും ഇരുവർക്കും സാധിച്ചു. എന്നാൽ ശ്രീലങ്കയുടെ യുവ സ്പിന്ന വെല്ലലാഗെ ബോളിംഗ് ക്രീസിലെത്തിയതോടെ മത്സരം മാറിമറിയുകയായിരുന്നു. ആദ്യം ഗില്ലിനെ(19) വീഴ്ത്തിയാണ് വെല്ലലാഗെ ആരംഭിച്ചത്. പിന്നീട് കൃത്യമായ സമയങ്ങളിൽ ഇന്ത്യൻ വിക്കറ്റുകൾ പിഴുതെറിയുന്നതിൽ യുവ സ്പിന്നർ വിജയം കണ്ടു.

Read Also -  ഹർദിക് പാണ്ഡ്യയ്ക്ക് അടുത്ത ഐപിഎല്ലിൽ വിലക്ക്. കടുത്ത ശിക്ഷയുമായി ബിസിസിഐ.

ഇതോടെ ഇന്ത്യയുടെ സ്കോറിങ് റേറ്റ് കുറയാൻ തുടങ്ങി. മാത്രമല്ല പിച്ചിൽ നിന്ന് ശ്രീലങ്കൻ സ്പിന്നർമാർക്ക് ലഭിച്ച ഭീമാകാരമായ പിന്തുണയും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 48 പന്തുകളിൽ 7 ബൗണ്ടറികളും 2 സിക്സറുകളുമടക്കം രോഹിത് ശർമ 53 റൺസായിരുന്നു നേടിയത്. രോഹിത് മടങ്ങിയതോടെ പിന്നീടുള്ള ബാറ്റർമാർ പിച്ചിൽ നന്നായി ബുദ്ധിമുട്ടി.

രാഹുൽ മാത്രമാണ് പിന്നീട് അല്പസമയം ക്രീസിൽ പിടിച്ചുനിന്നത്. രാഹുൽ 44 പന്തുകളിൽ 39 റൺസ് നേടി. ഇഷാൻ കിഷൻ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും സ്കോറിങ്‌ റേറ്റ് ഉയർത്തുന്നതിൽ വലിയ പരാജയമായി മാറി. 61 പന്തുകൾ നേരിട്ട കിഷൻ 33 റൺസ് മാത്രമാണ് നേടിയത്.

ഇതിനുശേഷം ഇന്ത്യയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് സ്കോറിങ്‌ റേറ്റിനെ ബാധിച്ചിരുന്നു. എങ്ങനെയെങ്കിലും 50 ഓവറുകൾ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ബാറ്റ് വീശിയത്. അവസാനം ഓവറുകളിൽ അക്ഷർ പട്ടേൽ (26) ഇന്ത്യക്കായി പൊരുതുകയുണ്ടായി. ഇങ്ങനെ സ്പിന്നിന് അനുകൂലമായ പിച്ചിൽ ഓവറുകൾ ബാറ്റ് ചെയ്ത ഇന്ത്യ 213 റൺസാണ് നേടിയിട്ടുള്ളത്. ശ്രീലങ്കയ്ക്ക് സ്പിന്നർ വെല്ലലാഗെ അഞ്ചും ചരിത് അസ്സലങ്ക നാലും വിക്കറ്റുകൾ വീഴ്ത്തി.

Scroll to Top