ഏഷ്യാകപ്പിനായി പാക്കിസ്ഥാൻ മുൻപിലേക്ക് വെച്ച ഹൈബ്രിഡ് മോഡലിനെ എതിർത്ത് ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുകൾ. ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ നടത്തുന്നതിന്റെ ഭാഗമായിയായിരുന്നു പാക്കിസ്ഥാൻ ഹൈബ്രിഡ് മോഡൽ മുൻപിലേക്ക് വെച്ചത്. ഇതിനെ മറ്റു ക്രിക്കറ്റ് ബോർഡുകൾ ഇപ്പോൾ എതിർത്തിരിക്കുകയാണ്. ഒരു തരത്തിലും പാകിസ്താന്റെ ഈ മോഡൽ അംഗീകരിക്കാനാവില്ല എന്നാണ് മൂന്ന് ക്രിക്കറ്റ് ബോർഡുകളും നിലപാട് എടുത്തിരിക്കുന്നത്. ഈ മോഡൽ പ്രകാരം ഏഷ്യാകപ്പിലെ മറ്റു മത്സരങ്ങളൊക്കെ പാകിസ്താനിലും ഇന്ത്യയുടെ മത്സരങ്ങളൊക്കെ മറ്റൊരു ന്യൂട്രൽ വേദിയിലുമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് മറ്റു രാജ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഏഷ്യാകപ്പ് വീണ്ടും അനിശ്ചിതാവസ്ഥയിൽ ആയിരിക്കുകയാണ്.
തങ്ങൾ ഒരു കാരണവശാലും പാക്കിസ്ഥാനിൽ കളിക്കില്ല എന്ന നിലപാട് ഇന്ത്യ മുൻപു തന്നെ കൈകൊണ്ടിരുന്നു. അതിനാൽ തന്നെയാണ് ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു ന്യൂട്രൽ വേദിയിൽ നടത്താൻ തീരുമാനിച്ചത്. എന്നാൽ പാകിസ്താന്റെ ഈ തീരുമാനം വളരെ നിരാശയോടെയാണ് മറ്റ് ക്രിക്കറ്റ് ബോർഡുകൾ നോക്കി കണ്ടത്. ഈ മോഡൽ പ്രകാരം ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിലെത്തിയാൽ ഫൈനൽ നടക്കുന്നത് പാക്കിസ്ഥാന് പുറത്തുള്ള മറ്റൊരു ന്യൂട്രൽ വേദിയിൽ ആയിരിക്കും.
ഏഷ്യാകപ്പ് പൂർണമായും മറ്റൊരു വേദിയിൽ നടത്തണമെന്ന അഭിപ്രായമാണ് ബിസിസിഐ മുൻപോട്ട് വെച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ആ നിലപാടിൽ തന്നെയാണ് മറ്റു ക്രിക്കറ്റ് ബോർഡുകളും ഉറച്ചുനിൽക്കുന്നത്. ഇത്തരത്തിൽ മത്സരങ്ങൾ പല രാജ്യങ്ങളിലായി വെച്ച് നടത്തുക എന്നത് അത്ര അഭികാമ്യമല്ല എന്നാണ് മറ്റു ക്രിക്കറ്റ് ബോർഡുകൾ പറയുന്നത്. ഈ സാഹചര്യത്തിൽ ഏഷ്യാകപ്പിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. അങ്ങനെയെങ്കിൽ ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കാതിരിക്കാനാണ് സാധ്യതകളേറെ. കാരണം ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ ഇല്ലാത്തപക്ഷം ഏഷ്യാകപ്പിന് സ്പോൺസർമാരെ പോലും ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്.
മാത്രമല്ല ഇത്തരത്തിൽ ഇന്ത്യയും പാകിസ്ഥാനും വാക്പോരുകൾ നടത്തുമ്പോൾ 2023ലെ 50 ഓവർ ലോകകപ്പിന്റെ കാര്യവും അനിശ്ചിതത്വത്തിലാകുന്നു. മുൻപ് തങ്ങളുടെ നാട്ടിൽ ഇന്ത്യ കളിക്കാൻ വന്നില്ലെങ്കിൽ 2023 ഏകദിന ലോകകപ്പിൽ നിന്ന് തങ്ങൾ ഒഴിവാകുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. മാത്രമല്ല 2023 ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽ നടക്കാത്ത പക്ഷം 2025 ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയറ്റവും പാകിസ്താന്റെ കൈയിൽനിന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വലിയ അനിശ്ചിതാവസ്ഥയിൽ തന്നെയാണ് ഐസിസി ഇപ്പോൾ.