ബംഗ്ലകളെ തല്ലിത്തകർത്ത് പാകിസ്ഥാൻ. ആവേശവിജയം. ഇന്ത്യയും കരുതിയിരുന്നോ.

ഏഷ്യാകപ്പിലെ ആദ്യ സൂപ്പർ 4 മത്സരത്തിൽ ബംഗ്ലാദേശിനെ തറപറ്റിച്ച് പാക്കിസ്ഥാൻ. ലാഹോറിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റുകൾക്കാണ് ബംഗ്ലാദേശിനെ പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. പാകിസ്ഥാനായി ബോളിങ്ങിൽ ഹാരിസ് റോഫും നസീം ഷായും തിളങ്ങി. ബാറ്റിംഗിൽ ഇമാം ഉൾ ഹക്കും മുഹമ്മദ് റിസ്വാനും മികവ് പുലർത്തിയപ്പോൾ പാക്കിസ്ഥാൻ അനായാസം വിജയം നേടുകയായിരുന്നു. മറുവശത്ത് ബംഗ്ലാദേശിനെ സംബന്ധിച്ച് വളരെ മോശം പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ മെഹ്ദി ഹസാൻ മിറാസിന്റെ വിക്കറ്റ് ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ നഷ്ടമായി. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച മിറാസ് പൂജ്യനായി മടങ്ങുകയായിരുന്നു. ശേഷം ബംഗ്ലാദേശ് സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. നാലാമനായി ക്രീസിലെത്തിയ നായകൻ ഷക്കീബ് അൽ ഹസനാണ് പിന്നീട് ബംഗ്ലാദേശിനായി അൽപനേരം ക്രീസിൽ തുടർന്നത്. 57 പന്തുകൾ നേരിട്ട ഷാക്കിബ് 53 റൺസ് നേടി. ശേഷം ആറാമനായി എത്തിയ മുഷ്‌ഫിഖുർ റഹീം 87 പന്തുകളിൽ 64 റൺസുമായി ബംഗ്ലാദേശ് ഇന്നിങ്സിന്റെ നേടുംതൂണായി മാറി.

എന്നിരുന്നാലും കൃത്യമായ സമയങ്ങളിൽ വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശിനെ പൂട്ടിക്കെട്ടാൻ പാക്കിസ്ഥാന് സാധിച്ചിരുന്നു. പാകിസ്ഥാനായി ഹാരിസ് റോഫ് നാലും നസീം ഷാ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ഇങ്ങനെ ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് കേവലം 193 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിങ് തുടങ്ങിയ പാക്കിസ്ഥാൻ ഒരു സ്ഥലത്തും പതറുന്നതായി കാണാൻ സാധിച്ചില്ല. ആദ്യ ബോൾ മുതൽ അതി സൂക്ഷ്മമായാണ് പാകിസ്ഥാൻ ബാറ്റ് വീശിയത്. പാക്കിസ്ഥാനായി ഓപ്പണർ ഇമാം ഉൾ ഹക്കാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

ഇമാം മത്സരത്തിൽ 84 പന്തുകൾ നേരിട്ട് 78 റൺസ് നേടുകയുണ്ടായി. അഞ്ചു ബൗണ്ടറികളും നാല് പടുകൂറ്റൻ സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ശേഷം വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനും ക്രീസിൽ നിറഞ്ഞാടി. 79 പന്തുകൾ നേരിട്ട റിസ്വാൻ 63 റൺസ് ആണ് നേടിയത്. ഇതോടെ പാക്കിസ്ഥാൻ അനായാസം വിജയത്തിൽ എത്തുകയായിരുന്നു. മത്സരത്തിൽ ഏഴ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് പാകിസ്ഥാനെ തേടിയെത്തിയത്. എന്തായാലും സൂപ്പർ നാലിലെ ആദ്യ മത്സരത്തിൽ ശക്തമായ ഒരു പ്രകടനം തന്നെയാണ് പാക്കിസ്ഥാൻ കാഴ്ച വച്ചിരിക്കുന്നത്.