ഏഷ്യാകപ്പ് ഫൈനൽ പോരാട്ടത്തിന് മുൻപായി നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 6 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. 2023 ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ പരാജയമാണ് മത്സരത്തിൽ പിറന്നത്. വിരാട് കോഹ്ലിയും ബുംറയും അടക്കമുള്ള പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് മത്സരത്തിൽ ഇന്ത്യ ഇറങ്ങിയത്. ഒപ്പം ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരെയും ഇന്ത്യ മത്സരത്തിൽ നിന്ന് മാറ്റി നിർത്തി. പകരമായി തിലക് വർമ, സൂര്യകുമാർ, അക്ഷർ പട്ടേൽ തുടങ്ങിയവർക്ക് അവസരവും നൽകി. അക്ഷർ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, മറ്റു രണ്ടു ബാറ്റർമാരും പരാജയമായി മാറുകയായിരുന്നു. എന്തുകൊണ്ടാണ് ഇത്തരം മാറ്റങ്ങൾ ടീമിൽ വരുത്തിയത് എന്ന് മത്സരശേഷം രോഹിത് ശർമ പറയുകയുണ്ടായി.
ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റ് മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം മാറ്റങ്ങൾക്ക് തങ്ങൾ തയ്യാറായത് എന്ന് രോഹിത് പറയുന്നു. എന്നിരുന്നാലും മത്സരത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറായിരുന്നില്ല എന്നും രോഹിത് കൂട്ടിച്ചേർത്തു. “ലോകകപ്പ് എന്ന വലിയ ചിത്രം മനസ്സിൽ കണ്ടുകൊണ്ട് ഞങ്ങൾ കളിക്കാർക്ക് കൂടുതൽ മത്സര സമയം നൽകാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ മത്സരത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറായില്ല. ലോകകപ്പിൽ കളിക്കാൻ സാധ്യതയുള്ള താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ മത്സരത്തിൽ നൽകേണ്ടതുണ്ടായിരുന്നു.”- രോഹിത് ശർമ പറഞ്ഞു.
മത്സരത്തിലെ അക്ഷറിന്റെ ബാറ്റിംഗിന് രോഹിത് ശർമ പ്രശംസിക്കുകയുണ്ടായി. “അക്ഷർ വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. പക്ഷേ മത്സരം ഫിനിഷ് ചെയ്യാൻ അവന് സാധിച്ചില്ല. എന്നിരുന്നാലും മത്സരത്തിലുടനീളം അക്ഷർ പോരാടി. വിജയത്തിന്റെ മുഴുവൻ അവകാശവും ഞങ്ങൾ ബംഗ്ലാദേശ് ബോളർമാർക്ക് കൊടുക്കുകയാണ്.”- രോഹിത് കൂട്ടിച്ചേർത്തു. ശുഭമാൻ ഗില്ലിന്റെ മത്സരത്തിലെ പ്രകടനത്തെപ്പറ്റിയും രോഹിത് വാചാലനായി. കഴിഞ്ഞവർഷത്തെ ശുഭ്മാൻ ഗില്ലിന്റെ പ്രകടനങ്ങൾ ഇന്ത്യയ്ക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നുണ്ട് എന്നും രോഹിത് പറഞ്ഞു.
“മത്സരത്തിൽ ഗില്ലിന്റെ സെഞ്ച്വറി അവിസ്മരണീയം തന്നെയായിരുന്നു. അവൻ അവന്റെ മത്സര രീതിയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ഏത് തരത്തിൽ മത്സരത്തിൽ കളിക്കണമെന്ന് അവന് കൃത്യമായി അറിയാം. ടീമിനായി എന്ത് ചെയ്യണം എന്നതിനെ പറ്റി ഗില്ലിന് നല്ല വ്യക്തതയുണ്ട്. കഴിഞ്ഞ വർഷത്തെ അവന്റെ ഫോം പരിശോധിച്ചാൽ അത് മനസ്സിലാവും. ന്യൂ ബോളിലും നന്നായി കളിക്കാൻ ഗില്ലിന് സാധിച്ചു. സമീപകാലത്ത് ഗിൽ വളരെ നന്നായി കഠിനപ്രയത്നത്തിൽ ഏർപ്പെടുന്നുണ്ട്.”- രോഹിത് ശർമ പറഞ്ഞു വയ്ക്കുന്നു.