ഒരുപാട് വിവാദങ്ങൾക്ക് ഒടുവിലാണ് ഏഷ്യാകപ്പ് നടത്താനുള്ള തീരുമാനം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ കൈക്കൊണ്ടത്. പാക്കിസ്ഥാനാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതെങ്കിലും കേവലം 4 മത്സരങ്ങൾ മാത്രമാണ് പാകിസ്ഥാനിൽ നിശ്ചയിച്ചിട്ടുള്ളത്. ബാക്കിയുള്ള 9 മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താനാണ് തീരുമാനം. ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ കളിക്കുന്നതിൽ ബുദ്ധിമുട്ട് പ്രകടിപ്പിച്ചതോടെയായിരുന്നു ഏഷ്യാകപ്പ് ശ്രീലങ്കയിലും പാക്കിസ്ഥാനിലുമായി നടത്താൻ തീരുമാനം വന്നത്. എന്നാൽ ഇതിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പലതവണ തങ്ങളുടെ അതൃപ്തി അറിയിക്കുകയും ചെയ്തു. ഇപ്പോൾ ഏഷ്യാകപ്പ് വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ജാവേദ് മിയാൻദാദ്.
ഇന്ത്യയ്ക്ക് പാകിസ്ഥാനിൽ കളിക്കാൻ ഭയമുണ്ടെന്നും പാക്കിസ്ഥാനെ നേരിടാൻ ഇന്ത്യക്ക് ഇപ്പോൾ കരുത്തില്ലെന്നുമാണ് മിയാൻദാദ് പറയുന്നത്. ഏഷ്യാകപ്പിന്റെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മിയാൻദാദിന്റെ പ്രതികരണം. “മുൻപ് 2012ലും 2016ലും പാക്കിസ്ഥാൻ ഇന്ത്യയിൽ കളിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഇനി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കാണ് വരേണ്ടത്. ഒരുപക്ഷേ ഞാനായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അധികാരിയെങ്കിൽ ഒരുകാരണവശാലും പാകിസ്ഥാൻ ടീമിനെ ഇന്ത്യയിലേക്ക് കളിക്കാൻ വിടില്ല എന്ന നിലപാടെടുത്തേനെ.”- മിയാൻദാദ് പറഞ്ഞു.
“ഞങ്ങൾ ഏതു സമയത്തും ഇന്ത്യയുമായി കളിക്കാൻ തയ്യാറാണ്. പക്ഷേ ഇന്ത്യയ്ക്ക് അതിന് താൽപര്യം കുറവാണ്. ഇപ്പോൾ പാക്കിസ്ഥാൻ ക്രിക്കറ്റ് വളരെ വേഗം വളരുകയാണ്. ഒരുപാട് പുതിയ പ്രതിഭകളെ കണ്ടെത്താൻ പാകിസ്ഥാന് സാധിച്ചിട്ടുണ്ട്. ഇന്ത്യയോട് നരകത്തിൽ പോകാണാണ് ഞാൻ പറയുന്നത്. ലോകകപ്പ് കളിക്കാനായി പാകിസ്ഥാൻ ഇന്ത്യയിലേക്ക് പുറപ്പെട്ടാലും ഇന്ത്യൻ ടീമിന്റെ പാക്കിസ്ഥാനോടുള്ള സമീപനത്തിന് മാറ്റമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.”- മിയാൻദാദ് കൂട്ടിച്ചേർത്തു.
“തൊട്ടടുത്തുള്ള രണ്ടു രാജ്യങ്ങൾ എന്ന നിലയിൽ ഒരുപാട് സഹകരണങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ ആവശ്യമാണ്. ക്രിക്കറ്റ് എന്ന കായികം രാജ്യങ്ങളെ തമ്മിൽ അടുപ്പിക്കുന്ന ഒന്നാണ് എന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട്. തെറ്റിദ്ധാരണകളും രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും ഇത്തരം കായികങ്ങളിലൂടെ ഇല്ലാതാക്കാൻ സാധിക്കും. പാക്കിസ്ഥാൻ പല കാര്യത്തിലും വിട്ടുവീഴ്ചകൾ ഇപ്പോൾ ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യൻ ടീമിനെ ഏഷ്യകപ്പ് കളിക്കാനായി പാകിസ്ഥാനിലേക്ക് വിടുന്നില്ല എന്നത് അംഗീകരിക്കാൻ എനിക്ക് സാധിക്കുന്നില്ല.”- മിയാൻദാദ് പറഞ്ഞുവെക്കുന്നു.