2025 ഐപിഎൽ സീസണിന് മുന്നോടിയായി നടന്ന ലേലത്തിൽ മികച്ച പ്രകടനമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കാഴ്ചവെച്ചത്. തങ്ങൾക്കാവശ്യമായ താരങ്ങളെയൊക്കെയും മികച്ച തുകയ്ക്ക് തന്നെ ബാംഗ്ലൂർ സ്വന്തമാക്കുകയുണ്ടായി. എന്നാൽ തങ്ങളുടെ കഴിഞ്ഞ സീസണിലെ നായകനായ ഡുപ്ലെസിസിനെ ടീമിലെത്തിക്കാൻ ബാംഗ്ലൂർ തയ്യാറായില്ല.
ഇതോടെ വലിയ പ്രതിസന്ധിയാണ് ബാംഗ്ലൂരിന് നിലവിൽ നേരിട്ടിരിക്കുന്നത്. നിലവിൽ ബാംഗ്ലൂർ ടീമിൽ നായകനാവാൻ സാധ്യതയുള്ള മറ്റു താരങ്ങൾ ആരുമില്ല. ഈ സാഹചര്യത്തിൽ അടുത്ത സീസണിലേക്കുള്ള ബാംഗ്ലൂരിന്റെ നായകനെ തിരഞ്ഞെടുത്തുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.
ബാംഗ്ലൂരിന്റെ മുൻനായകനും ഇന്ത്യയുടെ സൂപ്പർ താരവുമായ വിരാട് കോഹ്ലി തന്നെ 2025 ഐപിഎൽ സീസണിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നയിക്കും എന്നാണ് അശ്വിൻ പറയുന്നത്. ഇത്തരം ഒരു സാധ്യത മുന്നിൽ ഉള്ളതു കൊണ്ടായിരിക്കണം ലേലത്തിൽ ബാംഗ്ലൂർ മറ്റൊരു നായകനെ സ്വന്തമാക്കാൻ ശ്രമിക്കാതിരുന്നത് എന്നും അശ്വിൻ കൂട്ടിച്ചേർക്കുകയുണ്ടായി. നിലവിൽ വിരാട് കോഹ്ലി അല്ലാതെ മറ്റൊരു നായകനെ ബാംഗ്ലൂരിന് ആശ്രയിക്കാൻ സാധിക്കില്ല എന്നും അശ്വിൻ പറഞ്ഞുവെക്കുന്നു.
“2025 ഐപിഎൽ സീസണിൽ ബാംഗ്ലൂർ ടീമിനെ വിരാട് കോഹ്ലി തന്നെ നയിക്കും എന്നാണ് ഞാൻ കരുതുന്നത്. അതിനാണ് മുഴുവൻ സാധ്യതകളും. കാരണം ഇത്തവണത്തെ ലേലത്തിൽ മറ്റൊരു നായകനെ സ്വന്തമാക്കാൻ ബാംഗ്ലൂർ ടീം ശ്രമിച്ചില്ല. അതുകൊണ്ടു തന്നെ എനിക്ക് തോന്നുന്നു ബാംഗ്ലൂർ ഇത്തവണ കോഹ്ലിയെ നായകനാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന്. മറ്റൊരു നായകനെ സ്വന്തമാക്കാത്ത പക്ഷം വിരാട് കോഹ്ലിയെ മാത്രമാണ് ബാംഗ്ലൂരിന് നായകനാക്കാൻ സാധിക്കുക. അത്തരമൊരു നീക്കം തന്നെയാവും അവരും ഇത്തവണ നടത്തുന്നത്.”- അശ്വിൻ പറയുകയുണ്ടായി.
“ബാംഗ്ലൂരിനെ സംബന്ധിച്ച് വളരെ മികച്ച ഒരു ലേലമായിരുന്നു ഇത്തവണ നടന്നത്. എന്റെ വ്യക്തിപരമായ ഒരു തോന്നലാണ് അത്. കൃത്യമായി ടീമിനെ സന്തുലിതാവസ്ഥയിൽ എത്തിക്കാൻ സാധിക്കുന്ന താരങ്ങളെയാണ് ബാംഗ്ലൂർ ഇത്തവണ തിരഞ്ഞെടുത്തത്. ലേലത്തിനായി പല ടീമുകളും വലിയ തുകയുമായിയായിരുന്നു എത്തിയത്. പക്ഷേ ഒരുപാട് പണം കയ്യിൽ ഉണ്ടായിരുന്നിട്ടും ബാംഗ്ലൂർ വളരെ വ്യത്യസ്തമായ കളിയാണ് ഇത്തവണ കളിച്ചത്.”- അശ്വിൻ കൂട്ടിച്ചേർക്കുകയുണ്ടായി. 2013 മുതൽ 2021 വരെ ബാംഗ്ലൂർ ടീമിനെ നയിച്ച നായകനാണ് വിരാട് കോഹ്ലി. കഴിഞ്ഞ 3 സീസണുകളിലാണ് ഡുപ്ലസിസ് ബാംഗ്ലൂരിനെ നയിച്ചിട്ടുള്ളത്.