മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്നിംഗ്സ് വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായ മത്സരത്തില്‍ ഇന്നിംഗ്സിനും 222 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. മത്സരത്തില്‍ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ക്യാപ്റ്റനായ കരുണരത്നയെ പുറത്താക്കിയതിനു ശേഷം രസകരമായ സെലിബ്രേഷനാണ് സീനിയര്‍ സ്പിന്നര്‍ അശ്വിന് നടത്തിയത്.
16ാം ഓവറില്‍ മുഹമ്മദ് ഷാമിയുടെ പന്തില്‍ റിഷഭ് പന്തിനു ക്യാച്ച് നല്‍കിയാണ് കരുണരത്ന മടങ്ങിയത്. 46 പന്തില്‍ 27 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ശ്രീലങ്കന്‍ ക്യാപ്റ്റന്റെ നിര്‍ണായക വിക്കറ്റെടുത്തനിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിക്കാന്‍ ഒത്തുകൂടി. വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയുടെ തലയില്‍ തബലയടിച്ചുകൊണ്ടായിരുന്നു അശ്വിന് ആഘോഷത്തില്‍ പങ്കാളിയായത്.
മത്സരത്തിൽ സെഞ്ചുറിയും ഒമ്പത് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ മികവിലാണ് ഇന്ത്യ ലങ്കയെ തകർത്തത്. കരിയറിലെ 100-ാം ടെസ്റ്റ് ജയത്തോടെ ആഘോഷമാക്കാൻ വിരാട് കോഹ്ലിക്കുമായി.
രണ്ടാം ഇന്നിങ്സിൽ 400 റൺസിന്റെ കടവുമായി ഫോളോ ഓണിനിറങ്ങിയ ലങ്കയെ 178 റൺസിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഇന്നിങ്സ് ജയം സ്വന്തമാക്കിയത്. രണ്ടു ദിവസത്തെ മത്സരം ബാക്കിനിൽക്കെയായിരുന്നു ഇത്.