ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികവാർന്ന പ്രകടനം തന്നെയായിരുന്നു സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ചവച്ചത്. പരമ്പരയിൽ 22 വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിൻ രവീന്ദ്ര ജഡേജയുമൊത്ത് പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം പങ്കിടുകയും ചെയ്തു. എന്നാൽ മറ്റൊരു പ്ലെയർ ഓഫ് സീരീസ് പുരസ്കാരം നേടിയതോടെ ഒരുപാട് നേട്ടങ്ങളാണ് അശ്വിൻ കൈവരിച്ചിരിക്കുന്നത്. സാക്ഷാൽ ജാക്ക് കാലിസിനെയാണ് അശ്വിൻ ഈ പുരസ്കാരത്തോടെ പിന്നിലാക്കിയിട്ടുള്ളത്.
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഇത് പത്താമത്തെ പ്രാവശ്യമാണ് അശ്വിൻ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം നേടുന്നത്. ഇതോടെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പ്ലെയർ ഓഫ് ദി സീരീസ് ആയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനം കയ്യടക്കിയിരിക്കുകയാണ് അശ്വിൻ. മുൻപ് ദക്ഷിണാഫ്രിക്കൻ താരം ജാക്ക് കാലിസായായിരുന്നു ലിസ്റ്റിൽ രണ്ടാമൻ. തന്റെ കരിയറിൽ 9 തവണയായിരുന്നു കാലിസ് പ്ലെയർ ഓഫ് ദി സീരീസ് നേടിയത്. ഇതാണ് അശ്വിൻ ഇപ്പോൾ മറികടന്നത്. തന്റെ കരിയറിൽ 11 തവണ പ്ലെയർ ഓഫ് ദി സീരീസ് നേട്ടം സ്വന്തമാക്കിയിട്ടുള്ള മുത്തയ്യ മുരളീധരൻ മാത്രമാണ് ഈ ലിസ്റ്റിൽ അശ്വിനു മുൻപിൽ ഉള്ളത്.
എന്നാൽ മൂവരുടെയും കളിച്ച പരമ്പരകളുടെ എണ്ണം പരിശോധിച്ചാൽ അവിസ്മരണീയമായ റെക്കോർഡാണ് അശ്വിനുള്ളത്. മുത്തയ്യാ മുരളീധരൻ 62 ടെസ്റ്റ് പരമ്പരകളിൽ നിന്നാണ് 11 പ്ലേയർ ഓഫ് ദി സീരീസ് അവാർഡുകൾ നേടിയത്. കാലിസ് 61 പരമ്പരകളും കളിച്ചിട്ടുണ്ട്. എന്നാൽ അശ്വിൻ കേവലം 37 പരമ്പരകളിൽ നിന്നാണ് 10 പ്ലേയർ ഓഫ് ദി സീരീസ് പുരസ്കാരം നേടിയിട്ടുള്ളത്. ഇനി വരാനിരിക്കുന്ന പരമ്പരകളിലും അശ്വിൻ ഈ മികവ് തുടർന്നാൽ ഒന്നാം സ്ഥാനത്ത് എത്തുക അനായാസമാവും.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം തന്നെയാണ് അശ്വിൻ പുറത്തെടുത്തത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഇന്ത്യ വിജയം നേടാൻ പ്രധാന കാരണമായത് അശ്വിന്റെ ബോളിങ് പ്രകടനമായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും അശ്വിൻ ഈ മികവ് ആവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.