ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിംഗിനെ വിമർശിച്ച് ഇന്ത്യൻ സ്പിന്നർ അശ്വിൻ രംഗത്ത്. ഹർഭജൻ സിംഗിന്റെ പേരെടുത്ത് പറയാതെയാണ് അശ്വിൻ വിമർശനം നടത്തിയത്. പല താരങ്ങളും തങ്ങളാണ് മികച്ചവൻ എന്ന് എപ്പോഴും ധരിക്കുന്നുണ്ടെന്നും അടുത്ത ജനറേഷനിലെ ഏതെങ്കിലും ഒരാൾ അയാളെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കിൽ ആ വസ്തുത അംഗീകരിക്കണം എന്നുമാണ് അശ്വിൻ പറഞ്ഞത്.
അശ്വിൻ ഇക്കാര്യം തുറന്നു പറഞ്ഞത് തൻറെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്. എന്നാൽ വീഡിയോയിൽ ഒരിക്കൽ പോലും ഹർഭജൻ സിംഗിന്റെ പേര് അശ്വിൻ പരാമർശിക്കുന്നില്ല. എന്നാൽ ആരാധകർ പറയുന്നത് അശ്വിന്റെ നേട്ടത്തെ വിലകുറച്ചു കണ്ട ഹർഭജൻ സിങ്ങിനെ തന്നെയാണ് താരം പറയുന്നത് എന്നാണ്. അത് പകൽ പോലെ വ്യക്തമാണെന്നും ആരാധകർ പറയുന്നു.”നമ്മൾ എല്ലായിപ്പോഴും ചിന്തിക്കുന്നത് സ്വയം മികച്ചതാണെന്നാണ്.
പെട്ടെന്ന് അടുത്ത ജനറേഷനിൽ നിന്നും ഒരാൾ വന്ന് “അല്പം കാത്തിരിക്കൂ അത് എങ്ങനെ ചെയ്യണം എന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം”എന്ന് പറയുന്നു. അപ്പോൾ നമ്മളെക്കാൾ മികച്ചവർ പലരും ഉണ്ട് എന്ന വസ്തുത നമ്മൾ അംഗീകരിക്കണം. അങ്ങനെയാണെങ്കിൽ മാത്രമാണ് സന്തോഷകരമായ ജീവിതം നയിക്കാനും യാഥാർത്ഥ്യവുമായി ഒത്തു പോകാനും സാധിക്കുകയുള്ളൂ.
അങ്ങനെയാണെങ്കിൽ മാത്രമാണ് “അന്ന് ഞങ്ങളുടെ കാലത്ത്”എന്ന് പറയുന്നത് അവസാനിപ്പിക്കാനും സാധിക്കുകയുള്ളൂ. ഈ ബൗളർ അക്കാലത്ത് ഒരേ ഏരിയയിൽ തന്നെയാണ് ബൗൾ ചെയ്തുകൊണ്ടിരുന്നത്. അയാളുടെ പേര് ഞാൻ പറയില്ല. പന്ത് കയ്യിലെടുത്താൽ അയാൾ ഒരേ സ്ഥലത്ത് തന്നെ കാലാകാലം എറിഞ്ഞു കൊണ്ടിരിക്കും. അതു തന്നെയാണ് ഞാനും ചെയ്യുന്നത്. അടുത്ത ജനറേഷനിലെ താരവും അതുതന്നെ ചെയ്യും. എന്നാൽ നമ്മളെക്കാൾ മികച്ചവർ ഉണ്ടാകും എന്ന തിരിച്ചറിവ് ഉണ്ടാകണം. അതിന് ഉദാഹരണമാണ് ടോഡ് മർഫി.”- അശ്വിൻ പറഞ്ഞു.