ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഉഗ്രൻ ബോളിംഗ് പ്രകടനമായിരുന്നു രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും കാഴ്ചവച്ചത്. ഇരുവരും ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റുകൾ വീതം നേടിയതോടെ ഇംഗ്ലണ്ട് മത്സരത്തിൽ കൂപ്പുകുത്തി വീഴുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 246 റൺസിൽ അവസാനിക്കാൻ പ്രധാന കാരണമായത് ഇരുവരുടെയും തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയായിരുന്നു. ഈ തകർപ്പൻ ബോളിംഗ് പ്രകടനത്തോടെ മറ്റൊരു വമ്പൻ റെക്കോർഡ് സ്വന്തമാക്കാൻ ജഡേജ- അശ്വിൻ സഖ്യത്തിന് സാധിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കുന്ന കൂട്ടുകെട്ട് എന്ന നേട്ടമാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്.
ഇന്ത്യയുടെ മുൻ സ്പിന്നർമാരായ അനിൽ കുംബ്ലെയും ഹർഭജൻ സിങ്ങുമായിരുന്നു ഈ റെക്കോർഡിൽ ഏറ്റവും മുൻപിൽ ഉണ്ടായിരുന്നത്. ഇരുവരും ചേർന്ന് ഇന്ത്യക്കായി 501 വിക്കറ്റുകളാണ് പിഴുതെറിഞ്ഞിട്ടുള്ളത്. ഇവരെ മറികടന്നാണ് രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും മുൻപിൽ എത്തിയിരിക്കുന്നത്.
ഇതുവരെ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഇരുവരും ചേർന്ന് 506 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 277 വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കിയപ്പോൾ, 229 വിക്കറ്റുകളാണ് ജഡേജയുടെ സമ്പാദ്യം. ഇന്ത്യയ്ക്കായി 474 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള ഹർഭജൻ സിംഗ് – സഹീർ ഖാൻ സഖ്യമാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 21 ഓവറുകളാണ് രവിചന്ദ്രൻ അശ്വിൻ പന്തറിഞ്ഞത്. ഇതിൽ നിന്ന് 68 റൺസ് മാത്രം വിട്ടുനൽകിയാണ് അശ്വിൻ 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ തന്റെ 18 ഓവറുകളിൽ 88 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.
ഒപ്പം ബൂമ്രയും അക്ഷർ പട്ടേലും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ഇന്ത്യ അനായാസം ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടുകയായിരുന്നു. തങ്ങളുടെ ആദ്യ ഇന്നിഗ്സിൽ കേവലം 246 മാത്രമാണ് ഇംഗ്ലണ്ടിന് നേടാൻ സാധിച്ചത്. ഇംഗ്ലണ്ട് നിരയിൽ 70 റൺസ് സ്വന്തമാക്കിയ ബെൻ സ്റ്റോക്സാണ് അല്പമെങ്കിലും പൊരുതിയത്.
മത്സരത്തിൽ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം തന്നെയാണ് ഓപ്പണർ ജയ്‌സ്വാൾ നൽകിയത്. ഒരു ഏകദിന മത്സരം കളിക്കുന്ന രീതിയിലാണ് ജയ്സ്വാൾ ബാറ്റ് വീശിയത്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 70 പന്തുകൾ നേരിട്ട ജെയ്‌സ്വാൾ 9 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 76 റൺസ് നേടിയിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോറിൽ നിന്ന് കേവലം 127 റൺസ് മാത്രം അകലെയാണ് ഇന്ത്യ ഇപ്പോൾ. രണ്ടാം ദിവസം ശക്തമായ ഒരു പ്രകടനം കാഴ്ചവയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.