അശ്വിൻ ഇന്ത്യയിൽ മാത്രമാണ് മികച്ച സ്പിന്നർ. കാരണം വ്യക്തമാക്കി മുൻ ഇംഗ്ലണ്ട് താരം.

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാൻ രവിചന്ദ്രൻ അശ്വിന് സാധിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റർമാർ പതറിയപ്പോൾ അശ്വിൻ ക്രീസിലെത്തി ഒരു മികച്ച സെഞ്ചുറി സ്വന്തമാക്കി. രവീന്ദ്ര ജഡേജയുമൊത്ത് ഒരു കിടിലൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തായിരുന്നു അശ്വിൻ ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ രക്ഷിച്ചത്.

ശേഷം രണ്ടാം ഇന്നിങ്സിൽ ബോളിങ്ങിൽ മികവ് പുലർത്താൻ അശ്വിന് സാധിച്ചു. ബംഗ്ലാദേശ് നിരയിലെ 6 വിക്കറ്റുകൾ കൊയ്താണ് അശ്വിൻ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇത്ര മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും അശ്വിനെ ലോക ക്രിക്കറ്റിലെ മികച്ച സ്പിന്നറായി താൻ തിരഞ്ഞെടുക്കില്ല എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ.

GX lkbEXgAAOCKG

ഇതിനുള്ള കാരണവും മോണ്ടി പനേസർ വ്യക്തമാക്കുന്നുണ്ട്. തന്നെ സംബന്ധിച്ച് ലോക ടെസ്റ്റിലെ ഏറ്റവും മികച്ച സ്പിന്നർ ഓസ്ട്രേലിയൻ താരം നതാൻ ലയൺ ആണ് എന്ന് പനേസർ പറയുകയുണ്ടായി. അശ്വിനെക്കാൾ മികച്ച ബോളറാണ് ലയൺ എന്ന് പനേസർ വിശ്വസിക്കുന്നു. എന്നിരുന്നാലും അശ്വിനെ താൻ വിലകുറച്ചു കാണുന്നില്ല എന്നാണ് പനേസർ പറഞ്ഞത്. ഇന്ത്യൻ പിച്ചുകളിൽ അശ്വിൻ മികച്ച ബോളർ തന്നെയാണെന്ന് പനേസർ സമ്മതിക്കുന്നു. എന്നാൽ അശ്വിന്റെ വിദേശ പിച്ചുകളിലെ പ്രകടനമാണ് പനേസറെ നിരാശയിലാക്കിയത്.

“ഞാൻ മികച്ച സ്പിന്നറായി തിരഞ്ഞെടുക്കുന്നത് ഓസ്ട്രേലിയൻ താരം ലയണിനെയാണ്. അശ്വിനെക്കാൾ മികച്ച ബോളർ അവനാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അശ്വിൻ ഇന്ത്യൻ മണ്ണിൽ മികച്ച ബോളറാണ്. കൃത്യമായി ബാറ്റർമാരെ പോലെ ചിന്തിക്കാനും പന്തറിയാനും അശ്വിന് സാധിക്കും. ഒരു ബാറ്ററുടെ ദൗർബല്യം കൃത്യമായി മനസ്സിലാക്കി പന്തറിയാൻ അവന് കഴിയാറുണ്ട്. അത് മുതലെടുക്കുന്നതാണ് അശ്വിന്റെ രീതി. അവന്റെ കഴിവും അതുതന്നെയാണ്.”- പനേസർ പറയുന്നു.

എന്നിരുന്നാലും പനേസറുടെ നിരീക്ഷണത്തെ വെറുതെ തള്ളിക്കളയാൻ സാധിക്കില്ല. ഇന്ത്യൻ പിച്ചുകളിൽ എല്ലായിപ്പോഴും മികവ് പുലർത്തുന്ന താരമാണ് രവിചന്ദ്രൻ അശ്വിൻ. എന്നാൽ വിദേശ പിച്ചുകളിൽ അത്ര മികച്ച റെക്കോർഡല്ല അശ്വിനുള്ളത്. പല വിദേശ ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ അശ്വിനെ കളിപ്പിക്കാറില്ല.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യ പലപ്പോഴും അശ്വിന് മേൽ രവീന്ദ്ര ജഡേജയെയാണ് ടീമിൽ ഉൾപ്പെടുത്താറുള്ളത്. അതേസമയം ഇന്ത്യ, ശ്രീലങ്ക രാജ്യങ്ങളിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ എല്ലായിപ്പോഴും അശ്വിൻ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നിറസാന്നിധ്യമാണ്.

Previous article“ആ 2 താരങ്ങളില്ലാതെ ഒരു ടെസ്റ്റ്‌ ടീം ആലോചിക്കാൻ പോലും ഇന്ത്യയ്ക്ക് സാധിക്കില്ല”, നിർണായക താരങ്ങളെ ചൂണ്ടികാട്ടി അക്മൽ.
Next article“എല്ലാ ഫോർമാറ്റിലെയും ബെസ്റ്റ് ബോളർ അവനാണ്”, ഇന്ത്യൻ താരത്തെ ചൂണ്ടിക്കാട്ടി സ്റ്റീവ് സ്മിത്ത്.