ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അനന്തരഫലങ്ങൾ ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഫൈനൽ മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ താരങ്ങൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയും ചെയ്തു. ഇതിൽ പ്രധാനപ്പെട്ടത് രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ പറ്റിയായിരുന്നു. പലരും രോഹിത്തിന്റെ തണുപ്പൻ തീരുമാനങ്ങളെ വിമർശിക്കുകയുണ്ടായി. പലരുടെയും അഭിപ്രായം പുതിയൊരു നായകനെ ഇന്ത്യ കണ്ടെത്തുന്നതാണ് ഉത്തമം എന്ന് തന്നെയാണ്.
ഈ സാഹചര്യത്തിൽ വെസ്റ്റിൻഡീസിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ പുതിയൊരു നായകനെ ഇന്ത്യ പരീക്ഷിക്കണം എന്നാണ് മുൻ ദേശീയ സെലക്ടർ ദേവാങ് ഗാന്ധി പറയുന്നത്. വെസ്റ്റിൻഡീസിൽ നടക്കുന്ന പരമ്പരയിൽ ഒരു പക്ഷേ പൂജാരയ്ക്കും ഉമേഷ് യാദവിനും ടീമിലെ സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ ഭാവി നായകനായി കാണുന്ന ശുഭമാൻ ഗിൽ ഇപ്പോഴും പൂർണ്ണമായും പ്രാപ്തനായിട്ടില്ല. ഈ സാഹചര്യത്തിൽ രവിചന്ദ്രൻ അശ്വിനെയോ രഹാനയോ ഇന്ത്യ നായകനായി പരീക്ഷിക്കണം എന്നാണ് ഗാന്ധി പറയുന്നത്.
“ഇന്ത്യയ്ക്ക് എന്തുകൊണ്ട് അശ്വിനെ പരീക്ഷിച്ചു കൂടാ? ചുരുങ്ങിയ സമയത്തേക്ക് നമുക്ക് വേണമെങ്കിൽ അശ്വിനെയും രഹാനെയെയും പരീക്ഷിക്കാൻ സാധിക്കും. ശുഭമാൻ ഗിൽ നായകസ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകുന്നത് വരെ ഈ താരങ്ങൾക്ക് ക്യാപ്റ്റൻസി റോൾ മാറിമാറി നൽകി കൈകാര്യം ചെയ്യാൻ സാധിക്കും. ഗില്‍ ടെസ്റ്റ് കരിയറിന്റെ തുടക്ക സമയത്താണ്. അയാൾ പൂർണ്ണമായും മത്സരത്തിലേക്ക് എത്തുന്നതേയുള്ളൂ. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ഭാവിയിൽ എന്തുകൊണ്ടും ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുക്കാൻ ഗില്ലിന് സാധിക്കും.”- ഗാന്ധി പറയുന്നു.
വെസ്റ്റിൻഡീസ് പര്യടനത്തിൽ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കാൻ തയ്യാറാവുന്നത്. ആദ്യ മത്സരം ജൂലൈ 12 മുതൽ 16 വരെ ഡൊമിനിക്കയിലാണ് നടക്കുന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ 20 മുതൽ 24 വരെ ട്രിനിഡാഡിൽ നടക്കുകയും ചെയ്യും. 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിലെ ഇന്ത്യയുടെ ആദ്യ മത്സരങ്ങളാണ് വിൻഡീസ് പര്യടനത്തിൽ നടക്കുന്നത്. അതിനാൽ തന്നെ പുതിയ പരീക്ഷണങ്ങൾക്ക് ഇന്ത്യ മുതിരാൻ സാധ്യതകൾ ഏറെയാണ്.